നിക്കരാഗ്വയില്‍ വൈദികനു നേരെ ആസിഡ് ആക്രമണം

അമേരിക്കയിലെ നിക്കരാഗ്വയില്‍ കത്തോലിക്ക വൈദികനു നേരെ ആസിഡ് ആക്രമണം. കുമ്പസാരിപ്പിക്കുകയായിരുന്ന വൈദികനു നേരെ ഇരുപത്തിനാലുകാരിയായ യുവതി സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഡിസംബര്‍ അഞ്ചിന് വൈകുന്നേരം നടന്ന സംഭവത്തില്‍ മനാഗ്വേ കത്തീഡ്രല്‍ വികാരിയായ ഫാ.മാരിയോ ഗുവേറയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്.

മുഖത്തും ശരീരത്തിലും സാരമായ പൊള്ളലേറ്റ വൈദികനെ ഉടനെ വിശ്വാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ശേഷം കത്തീഡ്രലില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ജനക്കൂട്ടം തടഞ്ഞുവെച്ചു. പിന്നീട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു. ആക്രമണത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഫാ.മാരിയോയുടെ സൗഖ്യത്തിനും മറ്റു വൈദികരുടെ സംരക്ഷണത്തിനും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കലാപത്തിന്റെ അലയൊലികള്‍ അവസാനിക്കാത്ത നിക്കരാഗ്വയില്‍ സമാധാനത്തിനുള്ള ശ്രമം നടത്തുന്ന കത്തോലിക്ക സഭക്ക് നേരെ ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.