മദർ തേരേസാ പാവങ്ങളുടെ അംബാസിഡർ

മദർ തേരേസായുടെ വിശുദ്ധപദവി പ്രഖ്യാപനം, ഭാരതത്തിലെ ജനങ്ങൾ അത് എന്ത് അർത്ഥമാക്കുന്നു Catholic News Agency റിപ്പോർട്ടർ Elise Harris, CBCI പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ പരിഭാഷ.

ചോദ്യം: മദറിന്റെ വിശദ്ധ പദവി പ്രഖ്യാപനത്തിനാന്ന് നമ്മൾ റോമിൽ എത്തിയിരിക്കുന്നത്. മദറിന്റെ വിശുദ്ധപദവി ഭാരത സഭയക്കും ജനങ്ങളും എന്ത് അർത്ഥമാണ് നൽകുന്നത്?

ഭാരതത്തിലെ ക്രൈസ്തവർക്ക് വലിയ സന്തോഷത്തിന്റെയും ആത്മനിർവൃതിയുടെയും അവസരമാണിത്. ഭാരതാംബയുടെ ഒരു മകളെ ലോകം ആദരിക്കുന്നു. ഉദാഹരണത്തിന് 1979 ൽ ലോകം സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ലോകം അവളെ ആദരിച്ചു.1980 ഇന്ത്യാ ഗവൺമെൻറ് ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി അവളെ ബഹുമാനിച്ചു. ഇപ്പോൾ വിശ്വാസത്തിന്റെ തലത്തിൽ ചിന്തിക്കുമ്പോൾ സ്വർഗ്ഗത്തിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ പദവി വിശുദ്ധ പ്രഖ്യാപനം. രണ്ട് യാഥാർത്യങ്ങളുടെ മനോഹരമായ കൂട്ടിച്ചേരൽ. മനുഷ്യസമൂഹത്തിന്റെയും ദൈവത്തിന്റെയും, നമ്മൾ പറയുന്ന പോലെ സ്വർഗ്ഗത്തിന്റെയും അംഗീകാരം. വിശ്വാസതലത്തിലും, പ്രേഷിതതലത്തിലും, ശുശ്രൂഷാ തലത്തിലും വിശ്വസിക്കുന്ന എല്ലാവർക്കും ഇത് വലിയ സന്തോഷം നൽകുന്ന യാഥാർത്ഥ്യം. വലിയ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സുദിനം.

ചോദ്യം: മദർ തേരേസായുടെ ഉപവി പ്രവൃത്തികൾ മതത്തിന്റെയും, വർഗ്ഗത്തിന്റെയും സംസ്കാരത്തിന്റെയും അതിർവരമ്പുകൾക്കപ്പുറമായിരുന്നു. മറ്റു മതങ്ങളുമായുള്ള സംവാദത്തിന്റെയും സഹകരണത്തിന്റെയും മേഖലയിൽ മദർ തേരേസായുടെ സാന്നിധ്യം, പ്രത്യേകമായി ഇന്ത്യൻ പശ്ചാത്തലത്തിൽ എന്ത് പ്രതിഫലനമുണ്ടാക്കി?

ജനങ്ങളുടെ മനോഭാവം തന്നെ മദർ തേരേസാ മാറ്റിക്കുറിച്ചും, ചിലപ്പോഴൊക്കെ ആളുകൾക്ക് ഒരു ധാരണയുണ്ടായിരുന്നു “നിങ്ങൾ ഒരു ക്രൈസ്തവനായാൽ മറ്റു ക്രൈസ്തവരോട് മാത്രമേ സംസാരിക്കാവു, നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ മറ്റു മതസ്ഥരോട് സംസാരിക്കരുത്. നിങ്ങൾ ഒരു മുസ്ലിം ആയാൽ മറ്റു മതസ്ഥരിൽ നിന്നും അകന്നു നിൽക്കണം'”. പക്ഷേ മദർ തേരേസാ എല്ലാവരിലും യേശുവിന്റെ മുഖം ദർശിച്ചു. പാവങ്ങളെ ശുശ്രൂഷിക്കുന്ന കാര്യത്തിൽ മാത്രമല്ല മറിച്ച് ദാരിദ്രത്തിനെതിരെ ഒന്നിച്ചു പോരാടാൻ എല്ലാവരെയും ഒന്നിപ്പിക്കുന്ന കാര്യത്തിലും മദർ നേതൃത്വം നൽകി.

എല്ലാത്തിനെയും മനോഹരമായ ഒരു യാഥാർത്യത്തിൽ ഒന്നിപ്പിക്കുന്ന അവളുടെ ആത്മീയത: ദൈവസ്നേഹത്തിൽ ഒന്നിച്ചു വരുകയും പങ്കുവയ്ക്കുകയും ചെയ്യുക . ദൈവകാരുണ്യം പങ്കുവയ്ക്കാൻ നമ്മൾ ഒന്നിച്ചു വരണം. ലോകമെമ്പാടുമുള്ള പാവങ്ങളോട് അടുപ്പം കാത്തുസൂക്ഷിച്ച അവളെ ഞങ്ങളുടെ രാജ്യത്തെ ഭരണാധികാരികൾ എന്നും ആദരിച്ചിരുന്നതായി ഞാൻ ഇന്നും വിശ്വസിക്കുന്നു. എല്ലാ രാജ്യങ്ങൾക്കുമുള്ള ഇന്ത്യൻ അംബാസിഡർ (ambassador) ആയിരുന്നു മദർ എന്നു ഞാൻ കരുതുന്നു. സ്നേഹത്തിന്റെ ദൂതുമായി എല്ലായിടത്തും യാത്ര ചെയ്ത ഒരു കത്തോലിക്കാ കന്യാസ്ത്രീ മാത്രമായിരുന്നില്ല അവൾ, മറിച്ച് ഭാരതത്തിന്റെ മുഴുവൻ സന്ദേശവാഹകയായിരുന്നു. എല്ലായിടത്തും സ്നേഹത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്ന, അവളുടെ ആത്മീയശക്തി പ്രഘോഷിക്കുന്ന ധീര വനിതയായിരുന്നു. ഒരിക്കലും തന്റെ ശക്തിയുടെ രഹസ്യം അവൾ മറച്ചു വച്ചില്ല: സക്രരിയിൽ നിന്നുള്ള ശക്തി, ദിവാകാരുണ്യ യേശുവിൽ നിന്നുള്ള ശക്തി, അവൾക്ക് മാത്രമായിരുന്നില്ല, കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും.

ഈ സ്ത്രീ എല്ലാവരെയും ഒന്നിച്ചു കൊണ്ടുവന്നു, ഭാരതത്തിലുൾപ്പെടെ, അതാണ് എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് അവളുടെ മൃതസംസ്കാരശുശ്രൂഷയ്ക്ക് ലോകം കൽക്കട്ടായിലേക്ക് ഒഴുകിയെത്തിയതും ഈ ചെറിയ വനിതക്ക് ആദരം അർപ്പിച്ചതും,ഒന്നിച്ചു സാക്ഷ്യപ്പെട്ടത്തിയും “ഞങ്ങളെ ഒന്നിച്ചു ചേർത്തതിനു ഞങ്ങൾ അഭിവാദനം അർപ്പിക്കുന്നു”.

എല്ലാ വലിയ രാഷ്ട്രങ്ങളുടെ തലവന്മാർ മദർ തേരേസാക്ക് ആദരാജ്ഞലി അർപ്പിക്കാൻ വന്നിരുന്നു .അതിനുള്ള കാരണം അവരുടെ ആയുധക്കളെക്കാൾ, യുദ്ധ സാമഗ്രഹികളെക്കാൾ, ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന ശക്തമായ എന്തോ അവളിൽ അവർ കണ്ടിരിരുന്നു. അതാണ് അവൾ കാത്തു സൂക്ഷിച്ചതും നമ്മുക്ക് കൈമാറിയതും: ദൈവസ്നേഹവും കാരുണ്യവും.

ചോദ്യം: ഈ അടുത്ത കാലത്ത് ക്രൈസ്തവർക്കെതിരെയുള്ള മതമൗലികവാദികളുടെ ആക്രമണം ഇന്ത്യയിൽ കൂടി വരുന്നു. മദർ തേരേസായുടെ സന്ദേശവും സാക്ഷ്യവും അവരുടെ മനോഭാവത്തിന്റെ മാറ്റത്തിനും, ഇപ്പോൾ നടക്കുന്ന ചില പീഡനങ്ങളും കുറയ്ക്കാൻ സഹായകമാകുമെന്ന് താങ്കൾ കരുതുന്നുവോ?

തീർച്ചയായും, മദറിന്റെ സന്ദേശം ഇന്ത്യയിൽ ഇന്നും ശക്തമാണ്, ഞങ്ങൾ അതു കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഭാരതസഭ കാരുണ്യത്തിന്റെയും അനുകമ്പയുടെയുമായ അവളുടെ ശുശ്രൂഷ തുടരുക തന്നെ ചെയ്യും .ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഈ പ്രേഷിത വേല ചെയ്യാനാണ് ഞങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.
വളരെ വേഗം വികസിക്കുന്നു എന്ന് ജനങ്ങൾ കരുതുന്ന ഒരു രാജ്യത്തിൽ നിന്നാണ് ഞാൻ വരുന്നത്, എവിടെയാണ് ഞങ്ങൾ ഈ പാവപ്പെട്ടവരെ സംരക്ഷിക്കേണ്ടത്? സമൂഹത്തിന്റെ പുറമ്പോക്കിലാണോ? അതോ സവിശേഷമായ പരിചരണം നൽകിയോ?
മദർ തേരേസായുടെ വിശുദ്ധപദവിയോടെ ഒരിക്കൽ കൂടി, ആരും ആശ്രയിക്കാനില്ലാത്ത, വിശ്വസിക്കാനില്ലാത്ത ഈ പാവപ്പെട്ടവരെ സംരക്ഷിക്കേണ്ടത് ഞങ്ങളടെ കടമയാണന്നു ഞങ്ങൾ തിരിച്ചറിയുന്നു. ഈ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ മദറിനു പറയാനുള്ളതും ഇതു തന്നെയാണ്. കൽക്കട്ടയിലെ വി.മദർ തേരേസായെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് പറയുമ്പോൾ മദർ തീർച്ചയായും പറയും, “ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, പക്ഷേ കർത്താവിന്റെ പാവപ്പെട്ടവരെ സംരക്ഷിക്കണേ”. ഈ സന്ദേശമാണ് ഈ വിശുദ്ധപദവി പ്രഖ്യാപനത്തിൽ നിന്നും നാം സ്വന്തമാക്കേണ്ടത്. അത് നിർവ്വഹിക്കാൻ ഭാരതസഭ ബാധ്യസ്ഥയാണ്.

ചോദ്യം: മദർ തേരേസയെ വ്യക്തിപരമായി കണ്ടിട്ടുണ്ടോ.?

ഉണ്ട്. 1980കളിൽ ഞാൻ സെമിനാരിയിൽ പഠിക്കുന്ന കാലത്ത് മദറിനെ കണ്ടിട്ടുണ്ട്. ആ കാലത്തും ഒരു വിശുദ്ധയായി ആണ് മദറിനെ ഞങ്ങൾ കണ്ടിരുന്നത്. ഇന്ത്യൻ മെത്രാൻ സംഘത്തിന്റെ തലവൻ എന്ന നിലയിൽ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന പരിശുദ്ധ പിതാവിനോട് അടുത്തു നിൽക്കുമ്പോൾ, 1980കളിൽ വലിയ ബഹുമാനത്തോടെ മദറിനെ സ്പർശിച്ച ആ സെമിനാരിക്കാലം ഓർമ്മയിൽ വരുന്നു. ഇത് ഉന്നതത്തിൽ നിന്നുള്ള വലിയ ആത്മിയ ദാനമാണ്. ഞാൻ ദാനത്തെ വളരെയധികം വിലമതിക്കുന്നു.

ചോദ്യം: മദറിന്റെ വിശുദ്ധിയിൽ താങ്കൾക്ക് ഏറ്റവും മുന്തിയതായി തോന്നുന്നത് എന്താണ്? താങ്കളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്താണ്?

എല്ലാവർക്കും സംലഭ്യയാകാനുള്ള മദറിന്റെ മനസ്സിനെ ഞാൻ ആദരിക്കുന്നു. അത് ഒരു സാമുഹ്യരീതിയിലല്ല . നീലക്കരയുള്ള സാരി താങ്കൾ ഇപ്പോൾ എല്ലായിടത്തും കാണും. മദർ അവളുടെ സിസ്റ്റേഴ്സിലൂടെ ഇന്ന് എല്ലായിടത്തും സംലഭ്യയാണ്. കാരുണ്യത്തിന്റെയും അനുകമ്പയുടെയും ശുശ്രൂഷയിലൂടെ മദർ എല്ലായിടത്തും സന്നിഹിതയാണ്. മദർ തേരേസായും ഫ്രാൻസീസ് പാപ്പായുടെയും ആദ്ധ്യാത്മികതകൾ തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ട് എന്ന് ഞാൻ തറപ്പിച്ചു പറയും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അവളെ വളരെയധികം സ്നേഹിച്ചിരുന്നു, അതുപോലെ മദർ തിരിച്ചും. അവർ തമ്മിൽ വളരെ അടുത്ത ആശയ വിനിമയം ഉണ്ടായിരുന്നു.

ചോദ്യം : താങ്കൾ വാസ്തവത്തിൽ എന്റെ അടുത്ത ചോദ്യത്തെ പരാമർശിച്ചു കഴിഞ്ഞു, മദർ തേരേസായും ഫ്രാൻസീസ് പാപ്പായും തമ്മിലുള്ള സാദൃശ്യങ്ങൾ, അവരുടെ ജീവിത, പ്രേഷിത രീതികളെ പറ്റി താങ്കൾ സംസാരിച്ചു കഴിഞ്ഞു. സുവിശേഷവത്കരണത്തെ ക്കറിച്ചുള്ള അവരുടെ സമീപനത്തിന്റെ സാദൃശ്യങ്ങൾ താങ്കൾക്ക് വിശദീകരിക്കാമോ?

യേശു തന്റെ ശിഷ്യൻമാരിലൂടെയും അവനോട് അടുപ്പമുണ്ടായിരുന്നവരിലുടെയും അവസാന കല്പനയായി നമ്മോടു പറഞ്ഞു. “ഞാൻ നിങ്ങളോട് പറഞ്ഞവ എല്ലാവരോടും നിങ്ങൾ പോയി പ്രഘോഷിക്കുവിൻ “. അതു സുവിശേഷം തന്നെയല്ലേ? എല്ലാവരോടും പോയി സുവിശേഷം പ്രസംഗിക്കുവിൻ. ഫ്രാൻസീസ് പാപ്പ തന്റെ മനോഭാവത്തിൽ ‘ തന്റെ വചന പ്രഘോഷണങ്ങളിൽ, പരസ്പര പ്രവർത്തനങ്ങളിൽ, തന്റെ പെരുമാറ്റത്തിൽ ,സുവിശേഷത്തിന്റെ കാതൽ, യേശു ആരാണന്നു വെളിപ്പെട്ടത്തുന്നു… യേശു നമ്മുക്ക് നൽകിയ അതേ സ്നേഹം തന്നെ… സുവിശേഷത്തിന്റെ അന്തരാർത്ഥം തന്നെയാണ് ഫ്രാൻസീസ് പാപ്പാ സ്വയം ജീവിക്കാനും മറ്റുള്ളവരോട് കാണിക്കാനും, കൈമാറാനും പരിശ്രമിക്കുന്നത്.
” നിങ്ങൾ സന്യാസികൾ, രൂപതാ വൈദികർ, മെത്രാൻമാർ, കർദിനാൾമാർ, വിശ്വാസികൾ, സഭയുടെ ഹൃദയത്തിൽ ഇടം കിട്ടാത്തസകലജനങ്ങളേ, വരുക യേശു യഥാർത്ഥത്തിൽ ആരാണ് എന്നു നമ്മുക്ക് പരസ്യമായി പ്രഖ്യാപിക്കാം. സുവിശേഷത്തിന്റെ കാതൽ, സുവിശേഷത്തിന്റെ സന്തേഷം നമ്മുടെ കുടുംബങ്ങളിലൂടെ നമ്മുക്ക് ആഘോഷിക്കാം.” മദർ തേരേസാ, പരിശുദ്ധ പിതാവ് പറയുന്നതിനു മുമ്പേ ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കി. പാവങ്ങൾക്ക് വേണ്ടി സമ്പൂർണ്ണ സമർപ്പണം നടത്തിയ ജീവിതം, അൽബേനിയായിൽ ജനിച്ച്, ഇന്ത്യയിൽ മിഷനറിയായി വന്ന്, കന്യാസ്ത്രീ മഠം നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച്, പാവപ്പെട്ടവർക്ക് വേണ്ടി സ്വയം ഇല്ലാതായവൾ. ഇതുപോലുള്ള നല്ല ജീവിത സാക്ഷ്യങ്ങളാണ് നമ്മുക്ക് വേണ്ടത്. മദർ യേശുവിന്റെ “പോയി സുവിശേഷം പ്രഘോഷിക്കക” എന്ന കൽപനയെ ഗൗരവമായി കണ്ടു. അതുകൊണ്ട് മദർ തേരേസാ ചെയ്തും ഫ്രാൻസീസ് പാപ്പാ നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്നതും തമ്മിൽ ബന്ധമുണ്ട്. മനോഹരമായൊരു ബന്ധവും, സാമ്യവും, കാരണം അവ രണ്ടും ഒന്നാണ്.

ചോദ്യം: താങ്കൾ പറയുന്നു അവരുടെ കാരുണ്യത്തെക്കുറിച്ചുള്ള ധാരണകൾ വളരെ യോജിപ്പുള്ളതെന്ന്?

കാരുണ്യം നമ്മളെ ഒന്നിച്ചു ചേർക്കുന്നു. ദൈവത്തിനല്ലാതെ ആർക്കാണ് കാരുണ്യം വേണ്ടാത്തത്? നമ്മുക്ക് എല്ലാവർക്കും കാരുണ്യം ആവശ്യമാണ് എന്തെന്നാൽ കാരുണ്യം നമ്മെ സാന്ത്വനപ്പെടുത്തുന്ന, സമാശ്വസിപ്പിക്കുന, ധൈര്യപ്പെടുത്തുന്ന, സമാധാനത്തോടും സ്ഥിരതയോടും കുടെ നമ്മുടെ ജീവിതത്തെ നയിക്കുന്ന ഒരു പുണ്യമാണ് , ഒരു കൃപയാണ്.

ചോദ്യം: മദറിന്റെ വിശുദ്ധ പദവിയോട് ബന്ധപ്പെടുത്തി ഇന്ത്യയിലെ ആഘോഷങ്ങളെക്കുറിച്ച്?

ഒക്ടോബർ 2 ന് കൽക്കത്താ അതിരുപതാ സംഘടിപ്പിക്കുന്ന കൃതജ്ഞതാബലി ഉണ്ട്. സെപ്റ്റംബർ 4ന് മദറിന്റെ കബറിടത്തിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ് സാൽൽവത്തോരേ പെനാക്കിയോയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. ഒക്ടോബർ 19 ന് ദേശീയ തലത്തിൽ ഒരു കതജ്ഞതാ ബലി ന്യൂഡൽഹിയിൽ പ്ലാൻ ചെയ്യുന്നുണ്ട്. ബഹുമുഖ പ്രതിഭയായ മദറിന്റെ വ്യക്തിത്വത്തെയും അവളുടെ ശുശ്രുഷകളെയും രാജ്യത്തിനു സ്വന്തമായി ആദരിക്കാനുള്ള ഒരവസരം.പാവങ്ങളോടുള്ള സമർപ്പണവും ശുശ്രൂഷയും വീണ്ടും പുതുക്കുവാൻ ഒരവസരം. ഭരണത്തലവന്മാർക്കും പൊതുജനങ്ങൾക്കും മദറിനോട് ആദരവ് പ്രകടിപ്പിക്കാനുള്ള ഒരവസരം. തീർച്ചയായും ഇന്ത്യയിലെ 171 രൂപതകളിലും, രൂപതാടിസ്ഥാനത്തിൽ മദർ തേരേസായുടെ വിശുദ്ധപദവി ആഘോഷിക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സെപ്റ്റംബർ 4ന് ഭാരത കത്തോലിക്കാസഭ എല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ചുണ്ട്. സഭയുടെ ഒരു മകൾ വിശുദ്ധയായി മാറുന്ന വലിയ സന്തോഷത്തിലാണ് ഭാരതസഭ മദറിനെക്കുറിച്ച്.

ചോദ്യം: വിശുദ്ധപദവി പ്രഖ്യാപനത്തിന് ഇന്ത്യയിൽ നിന്നുള്ള സാന്നിധ്യം?

വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ 15 അംഗ പ്രതിനിധി സംഘത്തെയാണ് ഇന്ത്യാ ഗവൺമെന്റ് വത്തിക്കാനിലേക്ക് അയച്ചിരിക്കുന്നത്. കൂടാതെ മദർ തേരേസയുടെ കർമ്മഭൂമിയായ കൽക്കത്തയിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി, കേരളത്തിൽ നിന്നു രണ്ട് മന്ത്രിമാർ എന്നിവരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും 40നും 50 നും ഇടയ്ക്ക് മെത്രാൻമാർ വിശുദ്ധപദവി പ്രഖ്യാപനത്തിന് വന്നു ചേർന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്തും നിന്നുമായി ധാരാളം വൈദീകരും, സന്യസ്തരും, അല്മായ വിശ്വാസികളും ഈ പുണ്യവേളക്ക് സാക്ഷികളാകുന്നു.

EWTNലുടെ എന്റെ സുഹൃത്തുക്കളോട് എനിക്ക് സംസാരിക്കാൻ കിട്ടിയ ഈ അവസരത്തിനു നന്ദി പറയുന്നു. മദർ ആഞ്ചലിക്കായുടെ ഈ ചാനൽ ഞാൻ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണ്. ദൈവം നിങ്ങളെ അനുഹിക്കട്ടെ.

വിവർത്തനം: ഫാ. ജയ്സൺ കുന്നേൽ എം സി . ബി. എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.