മിഷന്‍ വചന വിചിന്തനം: ഒക്‌ടോബര്‍ 28, ലൂക്കാ 6: 12-16

ജയ്സൺ കുന്നേൽ

യേശു പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്ന ഭാഗമാണ് ഇന്നത്തെ നമ്മുടെ പരിചിന്തന വിഷയം. യേശു പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനും പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും മുമ്പ് ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുന്നതായി ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നു. ‘ആ ദിവസങ്ങളില്‍ അവന്‍ പ്രാര്‍ത്ഥിക്കാനായി ഒരു മലയിലേയ്ക്കു പോയി. അവിടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് രാത്രി മുഴുവന്‍ ചെലവഴിച്ചു’ (ലൂക്കാ 6:12).

ബൈബിളില്‍, മലകള്‍ ദൈവവുമായി എളുപ്പത്തില്‍ സംസാരിക്കാന്‍ കഴിയുന്ന വിശുദ്ധ സ്ഥലങ്ങളാണ്. സീനായ് മലമുകളില്‍ ദൈവം മോശയോട് മുഖാഭിമുഖം സംസാരിച്ചു. ‘കര്‍ത്താവ് സീനായ് മലമുകളില്‍ ഇറങ്ങിവന്ന് മോശയെ മലമുകളിലേയ്ക്ക് വിളിച്ചു. അവന്‍ കയറിച്ചെന്നു’ (പുറ. 19:20). ‘സീനായ് മലയില്‍ വച്ച് മോശയോട് സംസാരിച്ചതിനു ശേഷം ഉടമ്പടിയുടെ രണ്ട് പ്രതികള്‍ ദൈവം അവനു നല്‍കി’ (പുറ. 31:18). കാര്‍മ്മല്‍ മലമുകളില്‍ പ്രവാചകനായ ഏലിയാ ദൈവത്തെ കണ്ടുമുട്ടി (1 രാജാ. 18:42-46). സിയോന്‍ മുകളിലാണ് ജറുസലേം ദൈവാലയം സ്ഥിതി ചെയ്യുന്നത്. യേശു രൂപാന്തരപ്പെടുന്നതും ഒരു മലമുകളിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ച യേശു, പ്രഭാതമായപ്പോള്‍ ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍ നിന്ന് പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്മാര്‍ എന്ന് പേരു നല്‍കി (ലൂക്കാ 6:13). അവരില്‍ രണ്ടുപേരുടെ തിരുനാള്‍ സഭ ഇന്ന് ആഘോഷിക്കുന്നു. തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്റെയും (ലൂക്കാ 6:15) യാക്കോബിന്റെ മകനായ യൂദാസിന്റെയും (ലൂക്കാ 6:16) തിരുനാള്‍.

അപ്പസ്‌തോലന്മാരും ശിഷ്യന്മാരും തമ്മിലുള്ള വ്യത്യാസം എന്താണ്? അവ പരസ്പരം ഇടകലര്‍ത്തി ഉപയോഗിക്കാമോ? ഇല്ല, എന്നാണ് ഉത്തരം. എന്നാല്‍, അപ്പസ്‌തോലന്മാരും ശിഷ്യന്മാരാണ്. എന്നാല്‍, യേശുവിന്റെ എല്ലാ ശിഷ്യന്മാരും ഒദ്യോഗികമായി അപ്പസ്‌തോലന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നില്ല. ശിഷ്യന്‍ ‘disciple’ എന്ന വാക്ക് ‘discere’ എന്ന ലത്തീന്‍ വാക്കില്‍ നിന്നു വരുന്നതാണ്. അതിന്റെ അര്‍ത്ഥം പഠിക്കുക എന്നതാണ്. അതായത്, ഗുരുമുഖത്തു നിന്നു പഠിക്കുന്നവനും അവന്റെ കാല്‍ച്ചുവടുകളെ അനുഗമിക്കുന്നവനുമാണ് ശിഷ്യന്‍. അപ്പസ്‌തോലന്‍ ‘apostle’ എന്ന വാക്ക് ‘apostello’ എന്ന ഗ്രീക്ക് ക്രിയയില്‍ നിന്നു വരുന്നതാണ്. അതിന്റെ നാമരൂപം ‘apostolos’ (അപ്പോസ്‌തോലോസ്) എന്നാണ്. ഒരു പ്രത്യേക ദൗത്യവുമായി, അധികാരപ്പെട്ട വ്യക്തി അയച്ച ദൂതനാണ് അപ്പസ്‌തോലന്‍. യേശുവിന് ധാരാളം ശിഷ്യന്മാര്‍ ഉണ്ടായിരുന്നെങ്കിലും അവന്റെ സന്ദേശം ലോകത്തിനു കൈമാറാന്‍ അവന്‍ പന്ത്രണ്ടു പേരെയാണ് തിരഞ്ഞെടുത്തത്. അവര്‍ പിന്നീട് ആ ഉത്തരവ് മറ്റുള്ളവര്‍ക്കും നല്‍കി. അവരാണ് സഭയിലെ മെത്രാന്മാര്‍. അവരിലൂടെ യേശുവിന്റെ ദൗത്യം ഇന്നും തുടരുന്നു.

പ്രേഷിതര്‍ എന്ന നിലയില്‍ മെത്രാന്മാരുടെ സുവിശേഷപ്രഘോഷണം എന്ന ഉത്തരവാദിത്വത്തില്‍ നാം പങ്കുചേരുന്നു. വിശുദ്ധ മാമ്മോദീസാ സീകരിച്ച ഓരോ വ്യക്തിയും സുവിശേഷസന്ദേശം കൈമാറ്റം ചെയ്യാന്‍ ചുമതലപ്പെട്ട ശിഷ്യനും അപ്പസ്‌തോലനുമാണ്. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും ആകാനുള്ള വിളിയാണ് യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. വി. പൗലോസ് അപ്പസ്‌തോലന്‍, എഫേസൂസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തില്‍ നിന്നായിരുന്നു ഇന്നത്തെ ഒന്നാം വായന. ക്രിസ്ത്യാനികളായിത്തീര്‍ന്ന വിജാതീയരോടാണ് പൗലോസ് സംസാരിക്കുന്നത്. അവരെ അന്യരോ, പരദേശികളോ ആയല്ല മറിച്ച്, വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമായാണ് (എഫേ. 2:19) പൗലോസ് ചിത്രീകരിക്കുന്നത്.വിശുദ്ധന്‍ എന്ന വാക്കിന്റെ ഗ്രീക്ക് മൂലം ‘hagios’ (ഹാഗിഓസ്) എന്നാണ്. അതിന്റെ അര്‍ത്ഥം, വേര്‍തിരിക്കപ്പെട്ട ജനത, വ്യത്യസ്തരായവര്‍ എന്നൊക്കെയാണ്. അതായത്, മാമ്മോദീസാ സ്വീകരിച്ചതു വഴി അവര്‍ വ്യത്യസ്തരാവുകയും ദൈവഭവനത്തിന്റെ പൂര്‍ണ്ണ അംഗങ്ങളായി തീരുകയും ചെയ്തിരിക്കുന്നു. പൗലോസ് സഭയെ ഒരു ഭവനമായി മനസ്സിലാക്കുന്നു; അതിന്റെ അടിത്തറയില്‍ അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാണ്. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവും (എഫേ. 2:20). അത്, കര്‍ത്താവിന് പരിശുദ്ധമായ ആലയമായി വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ നിയമത്തിലെ ദൈവാലയം സഭയാണ്. വിശുദ്ധിയില്‍ വളരുക എന്നതാണ് സഭയുടെ ലക്ഷ്യം.

പുതിയ ഉടമ്പടിയുടെ ദൈവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് മണ്ണും കല്ലും കൊണ്ടുള്ള മനുഷ്യനിര്‍മ്മിതി അല്ല. അത്, പരിശുദ്ധാത്മശക്തിയിലുള്ള ദൈവജനത്തിന്റെ കൂടിച്ചേരലാണ്. എവിടെ ക്രിസ്തീയസമൂഹമുണ്ടോ അവിടെ ഉത്ഥിതന്റെ സാന്നിധ്യമുണ്ട്. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി സഭ ക്രിസ്തുവില്‍ പണിയപ്പെട്ടു കൊണ്ടിരിക്കും (എഫേ. 2:22). അതിനാല്‍, സഭയുടെ വിശുദ്ധി കെട്ടിടത്തിന്റെ വിശുദ്ധിയല്ല മറിച്ച്, സഭാംഗങ്ങളുടെ വിശുദ്ധിയാണ്. കഴിഞ്ഞവര്‍ഷം ഫ്രാന്‍സീസ് പാപ്പ ഇന്നത്തെ ലോകത്തിലെ, വിശുദ്ധിയിലേയ്ക്കുളള വിളിയെപ്പറ്റി ‘GAUD- ETE ET EXSULTATE’ അഥവാ ‘ആനന്ദിച്ചാഹ്ളാദിക്കുവിന്‍’ എന്ന അപ്പോസ്‌തോലിക പ്രബോധനം സഭയ്ക്ക് നല്‍കുകയുണ്ടായി. വിശുദ്ധി സഭയുടെ ഏറ്റവും സുന്ദരമായ മുഖമായാണ് പാപ്പ അതില്‍ പഠിപ്പിക്കുന്നത്. ബാഹ്യസൗന്ദര്യം മൂലമല്ല, അവള്‍ സുന്ദരിയാകുന്നത് മറിച്ച്, സഭാംഗങ്ങളുടെആന്തരിക പരിശുദ്ധി മൂലമാണ്.ഈ വിശുദ്ധി സഭയിലുള്ള എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയും ചെയ്യുന്നുവെന്ന് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നു.

പ്രേഷിതമാസം അവസാനത്തോടടുക്കുമ്പോള്‍ ദൈവവചനത്തിന്റെ കാര്യസ്ഥന്മാരായ മെത്രാന്മാര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. യഥാര്‍ത്ഥമായ ആന്തരിക വിശുദ്ധിയില്‍ വളരാനും പരിശ്രമിക്കാം.

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS