എന്നിട്ടും, നിങ്ങള്‍ എന്തേ കുര്‍ബാന സ്വീകരിച്ചില്ല?

പള്ളിയില്‍ സൗകര്യം ഇല്ലാത്തതിനാല്‍ പുറത്തു മൈതാനത്തു കുമ്പസാരിപ്പിക്കുന്ന ഫാ. സാജന്‍

മിഷന്‍ പ്രദേശത്തെ ജീവിതത്തിനിടയില്‍ ഹൃദയത്തെ പിടിച്ചു കുലുക്കിയ അനുഭവവുമായി ഒരു വൈദികന്‍. “ഈശോയ്ക്ക് വേദനിക്കില്ലേ?” എന്ന ഗ്രാമീണരുടെ ഒരു മറുപടിയില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ആ സംഭവത്തിലേയ്ക്ക്…

അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപതയിലെ വിവിധ ഇടവകകളിലായി, കഴിഞ്ഞ മുന്ന് വര്‍ഷത്തിനുള്ളില്‍ 80-ലധികം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളിലെല്ലാം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനും ദൈവവചനം മുറിച്ചു വിളമ്പാനും ദൈവം എന്നെ അനുഗ്രഹിച്ചു. പ്രതികൂലമായ സാഹചര്യങ്ങള്‍ ഏറെയാണെങ്കിലും ദൈവം സ്പര്‍ശിച്ച, കൈപിടിച്ചു നടത്തിയ നിമിഷങ്ങളും അനുഭവങ്ങളും ഒട്ടേറെ. ”നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും” എന്ന വചനം എത്രയോ സത്യമാണ്.

കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗം പേരും നിരക്ഷരരാണെങ്കിലും അവര്‍ വലിയ വലിയ ദൈവിക  കാര്യങ്ങള്‍ പറയാതെ തന്നെ പഠിപ്പിച്ചു തരുന്ന ആളുകളാണ്. അതില്‍ അവിസ്മരണീയമായ  ഒരു സംഭവം ലൈഫ് ഡേ- യോട് അദ്ദേഹം പങ്കുവച്ചു.

ഇടവകപ്പള്ളിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനായി തലേദിവസം വൈകുന്നേരം തന്നെ എത്തിച്ചേര്‍ന്നു. അച്ചന്‍ വന്നതറിഞ്ഞ് ഗ്രാമവാസികള്‍ എല്ലാവരും അത്യധികം സന്തോഷത്തോടും ഉത്സാഹത്തോടും കൂടി അച്ചന്‍ താമസിക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി. എല്ലാവരും ഒരുമിച്ച് കൊന്ത എത്തിച്ച് പ്രാര്‍ത്ഥിച്ചു. പാട്ടുകള്‍ പാടി ദൈവത്തെ സ്തുതിച്ചു.

കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞു, ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടത്തിലെ തല മുതിര്‍ന്ന കാര്‍ന്നോരിലൊരാള്‍ പറഞ്ഞു:

”അച്ചാ എത്ര നാളായി ഇങ്ങോട്ടേക്ക് അച്ചന്മാര്‍ വന്നിട്ട്! മാസത്തിലൊന്നെങ്കിലും ഇവിടെ വന്ന് ഞങ്ങള്‍ക്കുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കാമോ? ഞങ്ങള്‍ക്ക് കുര്‍ബാനയിലെ ഈശോയെ ലഭിക്കുന്നില്ലല്ലോ.”

പ്രതികൂലമായ കാലാവസ്ഥയും വഴി സൗകര്യങ്ങളുടെ കുറവും കാരണം മാസത്തിലൊന്നുപോലും എല്ലാ ഗ്രാമങ്ങളിലും വിശുദ്ധ കുര്‍ബാന എത്തിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഹൃദയവേദനയോടെ അന്ന് കിടന്നുറങ്ങി.

പിറ്റേദിവസം അതിരാവിലെ തന്നെ എല്ലാവരും പള്ളിയിലെത്തി. ഏത് ഗ്രാമത്തില്‍ ചെന്നാലും വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് എല്ലാവരും കുമ്പസാരിക്കും. പള്ളിയില്‍ വന്ന മുതിര്‍ന്നവര്‍ 82 പേരും അന്ന് കുമ്പസാരിച്ചു. എനിക്ക് വളരെ സന്തോഷമായി; എല്ലാവരും കുമ്പസാരിച്ച് വിശുദ്ധരായല്ലോ. സന്തോഷത്തോടെ തന്നെ ഞാന്‍ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ ആരംഭിച്ചു.

കുര്‍ബാന സ്വീകരണ സമയത്താണ് എന്നെ ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. 82 പേര്‍ വന്ന് കുമ്പസാരിച്ചെങ്കിലും അമ്പതോളം പേര്‍ മാത്രമേ വിശുദ്ധ കുര്‍ബാന സ്വീകരിച്ചുള്ളൂ. എനിക്ക് വളരെയധികം ദേഷ്യവും സങ്കടവുമായി. കാരണം ഞാന്‍ ആ കൊടുംതണുപ്പത്ത് പള്ളിക്കുള്ളില്‍ സ്ഥലമില്ലാഞ്ഞിട്ട് പള്ളിക്കുപുറത്തിരുന്ന് എല്ലാവരെയും കുമ്പസാരിപ്പിച്ചതാണ്. എന്നിട്ടും ഇവര്‍ക്കിതെന്തുപറ്റി?

വിശുദ്ധ കുര്‍ബാനയ്ക്കുശേഷവും ഏറെ സങ്കടത്തോടെ ഈ വിഷയം ഞാന്‍ അവരുടെ മുന്‍പില്‍ അവതരിപ്പിച്ചു.

”എത്രമാത്രം ബുദ്ധിമുട്ടിയാണ് ഞാന്‍ ഇവിടെ വന്നത്. എല്ലാവര്‍ക്കും കുമ്പസാരിക്കാന്‍ അവസരം ഒരുക്കാന്‍ ഞാന്‍, പുറത്തെ തണുപ്പ് വകവയ്ക്കാതെ മുഴുവന്‍ സമയവും കോച്ചുന്ന തണുപ്പത്തിരുന്നു. എന്നിട്ടും നിങ്ങള്‍ എന്തേ കുര്‍ബാന സ്വീകരിക്കാതിരുന്നത്? വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോഴാണ് വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം പൂര്‍ണ്ണമാവുന്നത്” – അറിയാവുന്ന ദൈവശാസ്ത്രമെല്ലാം ഉദ്ധരിച്ച് ഞാന്‍ വിശദീകരിച്ചു. കുറേ നിമിഷത്തേക്ക് നിശബ്ദത. ആരും ഒന്നും മിണ്ടുന്നില്ല. അച്ചന്റെ ഹൃദയവേദന അവര്‍ മനസ്സിലാക്കിയതുപോലെ.

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു അമ്മച്ചി എഴുന്നേറ്റ് സംസാരിക്കുവാന്‍ തുടങ്ങി: “അച്ചാ, അച്ചന്‍ പറഞ്ഞത് എല്ലാം ശരിയാണ്. ഈശോയെ ഹൃദയത്തില്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ക്കും വലിയ ആഗ്രഹമുണ്ട്. ഞങ്ങള്‍ കുമ്പസാരിച്ചു, ഞങ്ങളെ തന്നെ വിശുദ്ധീകരിച്ചു. എല്ലാം ശരി തന്നെ. പക്ഷേ ഞങ്ങള്‍ മനുഷ്യരാണ്. ഞങ്ങള്‍ വീണ്ടും പാപം ചെയ്യും. ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചിട്ട് ഞങ്ങള്‍ വീണ്ടും പാപം ചെയ്താല്‍ ഈശോയ്ക്ക് വേദനിക്കില്ലേ? ഈശോയെ വേദനിപ്പിക്കാന്‍ മനസ്സു തോന്നുന്നില്ല അച്ചാ.”

ഒന്ന് നിര്‍ത്തിയിട്ടു അവര്‍ തുടര്‍ന്ന്; “അതുകൊണ്ടാണ് അച്ചാ കുര്‍ബാന സ്വീകരിക്കാതിരുന്നത്.”

എന്റെ കണ്ണുകള്‍ രണ്ടും നിറഞ്ഞു. ഇവരോട് ഞാന്‍ എന്ത് പറയാനാണ്. തെളിനീര്‍ പോലെ ശുദ്ധമായ മനസുള്ള ഇവരുടെ ഹൃദയങ്ങളില്‍ ദൈവം എന്തുമാത്രം നിറഞ്ഞിരിക്കുന്നു! ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചിട്ട്, ഒരു കൂസലുമില്ലാതെ പാപം ചെയ്ത്, ഈശോയെ വേദനിപ്പിച്ച് ജീവിക്കുന്ന മനുഷ്യരുടെ വിശ്വസവും ഇവരുടെ  വിശ്വസവും എവിടെ നില്‍ക്കുന്നു.

കൃത്യമായ സഭാ പഠനങ്ങളും രീതികളും ഇവര്‍ക്കിടയില്‍ ഇനിയും എത്തിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം ലൈഫ് ഡേ യോട് പറഞ്ഞു. “വിളവ്‌ അധികം വേലക്കാര്‍ ചുരുക്കം” എന്ന വചനം ഇത് വായിക്കുന്നവരുടെ ചെവികളില്‍  മുഴങ്ങട്ടെ.

ഫാ. സാജന്‍ വഴീപ്പറമ്പിൽ എം.സി.ബി.എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.