വെടിയൊച്ചകൾ മുഴങ്ങുമ്പോഴും കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന സിസ്റ്റർമാർ 

മരിയ ജോസ്

“മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വെടിയൊച്ചകൾ. ഒട്ടുമിക്ക സമയങ്ങളിലും ഈ വെടിയൊച്ചകൾ കേൾക്കാതിരിക്കാൻ കാത് പൊത്തിക്കൊണ്ടാണ് ഞങ്ങൾ ഉറക്കത്തിലേയ്ക്ക് വഴുതിവീഴുക. പലപ്പോഴും ഭീതി തോന്നിയിട്ടുണ്ട്.” പറയുന്നത് സി. ഷാന്റിയാണ്. കഴിഞ്ഞ എട്ടു വർഷമായി സൗത്ത് സുഡാനിൽ മിഷനറിയായി സേവനം ചെയ്യുന്ന സി. ഷാന്റി, ‘മിഷനറീ സിസ്റ്റേഴ്സ് ഓഫ് മേരി ഹെൽപ് ഓഫ് ക്രിസ്റ്റ്യൻസ്’ എന്ന സന്യാസ സമൂഹത്തിലെ അംഗമാണ്.

തന്റെ സന്യാസജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സി. ഷാന്റി, ലൈഫ് ഡേയോട് തന്റെ 25 വർഷം നീളുന്ന മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്…

സിംപിളല്ല മിഷൻ ജീവിതം

ഒരു മിഷനറി ആയിരിക്കുക എന്നാൽ പല സ്ഥലങ്ങളിൽ പോയി ക്രിസ്തുവിന്റെ സുവിശേഷം പകരുക എന്നതാണെന്ന് നമുക്ക് അറിയാം. എന്നാൽ അതിനായി അവർ നൽകേണ്ടി വരുന്ന വിലയെക്കുറിച്ച് നാം പലപ്പോഴും ബോധവാന്മാരല്ല. മിഷനറി ആയിരിക്കുക എന്നത് അത്ര സിംപിൾ ആണെന്നു കരുതുന്നവരോട് അങ്ങനെ അല്ലാ എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സിസ്റ്റർ തന്റെ സംഭാഷണം ആരംഭിച്ചത്.

സൗത്ത് സുഡാനിൽ 2011-ലാണ് സിസ്റ്റർ എത്തുന്നത്. ആ വർഷം തന്നെയാണ് സുഡാന് സ്വാതന്ത്ര്യം ലഭിക്കുന്നതും. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ആദ്യ നാളുകളിൽ രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായുള്ള പ്രവർത്തനങ്ങൾ ഏറെ ഊർജ്ജിതമായി നടന്നുവെങ്കിലും മൂന്നു വർഷങ്ങൾക്കിപ്പുറം 2013-ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വളർച്ചയും വികസനവും എല്ലാം താറുമാറായി. അതോടെ സ്ഥിതിഗതികൾ മോശവുമായി. എങ്ങും വെടിയൊച്ചകൾ മാത്രം. എപ്പോഴും മനസ്സിൽ മരണഭയം പേറുന്ന ജനത. തീർത്തും ഭീതികരമായ ഒരു സാഹചര്യത്തിൽ, സുരക്ഷ ഒന്നും തന്നെ അവകാശപ്പെടാനില്ലാതെ, ദൈവത്തെ മാത്രം വിളിച്ചു കൊണ്ടുള്ള ഒരു ജീവിതമായിരുന്നു സൗത്ത് സുഡാനിലേത്. ഇന്നും അതിന് മാറ്റമൊന്നും വന്നിട്ടില്ല. സിസ്റ്റർ തന്റെ മിഷൻ അനുഭവങ്ങൾ വിവരിച്ചു തുടങ്ങി.

വികസനം എത്തിനോക്കാത്ത ജനത

ആദ്യകാലങ്ങളിൽ വളർച്ചയുടെ പാതയിലേയ്ക്ക് എത്താനുള്ള ഒരു ചെറിയ പരിശ്രമം സുഡാനിയന്‍ ജനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലും ആഭ്യന്തര യുദ്ധത്തോടെ അവയൊക്കെ ഇല്ലാതായി. ശുദ്ധജലമില്ല, കറണ്ടില്ല, കൊടും ചൂട്, വീശിയടിക്കുന്ന ചൂടുകാറ്റ്, അതിനിടയിൽ വെള്ളവും വെളിച്ചവും എത്താത്ത ഇടങ്ങൾ. നമുക്ക് ആലോചിക്കാൻ കൂടി കഴിയില്ല. പ്രധാന നഗരങ്ങള്‍ ഒഴികെയുള്ള ഇടങ്ങളിലെല്ലാം ഗതാഗത സൗകര്യങ്ങൾ പരിമിതം മാത്രം. പലപ്പോഴും കിലോമീറ്ററുകൾ നടന്നു വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. ഒപ്പം കൊടികുത്തി വാഴുന്ന ദാരിദ്ര്യവും.

സ്‌കൂളുകളിൽ ഉച്ചയ്ക്ക് നൽകുന്ന കഞ്ഞിയാണ് ഭൂരിഭാഗം  കുട്ടികളുടെയും ഒരു ദിവസത്തെ ഏക ഭക്ഷണം. പിന്നീട് അവർ കഴിക്കുന്നത് അടുത്ത ദിവസം സ്കൂളിലെ ഉച്ചക്കഞ്ഞിയുടെ നേരത്തായിരിക്കും. വിദ്യാഭ്യാസത്തെക്കുറിച്ച് അത്ര വലിയ ബോധമൊന്നുമുള്ള മനുഷ്യരല്ല ഇവിടെയുള്ളത്. ഇനി വരുന്നുണ്ടെങ്കിൽ തന്നെ അവരുടെ പ്രധാന ലക്ഷ്യം ഒരു നേരത്തെ ഭക്ഷണമാണ്. അവർക്ക് പഠനത്തേക്കാൾ വലുത് ഒരു നേരത്തെ ഭക്ഷണം തന്നെയാണ്. അതുകൊണ്ട് തന്നെ അൽപം മുതിരുമ്പോൾ ജോലിക്ക് പോയി തുടങ്ങും. എല്ലാം അരവയർ നിറക്കാനുള്ള പെടാപ്പാടിന്റെ ഭാഗം തന്നെ – സിസ്റ്റർ പറഞ്ഞു. ഇതോടൊപ്പം ബഹുഭാര്യാത്വവും പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും ഏറെയുണ്ട്. സിസ്റ്റർ തുടർന്നു…

കലഹിക്കുന്ന ജനത

2013-ൽ ആരംഭിച്ച കലാപം അക്ഷരാത്ഥത്തിൽ ആ ജനതയെ അന്ധകാരത്തിലേയ്ക്ക് തള്ളിവിടുകയായിരുന്നു. പിന്നീട് കലഹങ്ങളും കലാപങ്ങളും അവിടെ പതിവായി. വെടിയൊച്ചകൾ കേൾക്കാത്ത ഒരു ദിവസം പോലും ഈ മിഷനറിമാരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു സ്ഥലത്ത് കലഹം പൊട്ടിപ്പുറപ്പെടുമ്പോൾ ആളുകൾ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേയ്ക്ക് ഓടും. ഓട്ടം എന്നാൽ ജീവൻ പണയം വച്ചുള്ള ഓട്ടം. ഈ ഓട്ടത്തിനിടയിൽ വെടിയേറ്റു മരിച്ചു വീഴുന്നവർ ഏറെയാണ്. വെടിവയ്പ്പ് മണിക്കൂറുകൾ തുടരും.

ഇങ്ങനെ ഓടുന്നവർ സുരക്ഷിതമെന്നു തോന്നുന്ന, വെടിവയ്പ്പില്ലാത്ത സ്ഥലത്ത് തമ്പടിക്കും. താല്‍ക്കാലിക കൂടാരങ്ങളിൽ കഴിയും. അത് പലപ്പോഴും വൃത്തിഹീനമായ ചുറ്റുപാടിലാണ്. മലിനമായ ജലം, ഭക്ഷണം ഇല്ല. സ്വന്തമായി സ്ഥലവും വീടും ഒക്കെ ഉള്ളവരാണ് എങ്കിലും യുദ്ധം ഭയന്നുള്ള ഓട്ടം ഈ ജനതയെ ഒന്നുമല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു. താമസിക്കുന്ന സ്ഥലത്ത്  ഏതു സമയവും വെടിവയ്പുണ്ടാകാം. അതിനാൽ തന്നെ കൃഷിസ്ഥലവും വീടുമൊക്കെ ഉപേക്ഷിച്ച് പല സ്ഥലങ്ങളിലായി ചിതറിക്കപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്.

ഇനി ഇവരുടെ യുദ്ധങ്ങളും വെടിവയ്പ്പും വലിയ അന്താരാഷ്ട കാര്യങ്ങളെ ചൊല്ലിയാണ് എന്നും കരുതരുത്. ഇവർ തമ്മിലുള്ള യുദ്ധങ്ങൾ പലതും പശുവിന്റെ പേരിലാണ്. പശുവോ? അതെ, പശു തന്നെ. ഇവരുടെ പ്രധാന സമ്പത്ത് പശുവാണ്. കന്നുകാലി വളർത്തലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. അതിനാൽ തന്നെ വെടിവയ്പുകൾ ഏറെയും പശുവിന്റെ പേരിലാണ്. ഇവിടെ മനുഷ്യൻ മരിച്ചാൽ ആളുകൾ അതിനെക്കുറിച്ച് ബോധവാന്മാരല്ല. എന്നാൽ, പശുവിനെ ആക്രമിച്ചാൽ അതിന്റെ പേരിൽ യുദ്ധം തന്നെ ഉണ്ടാകും. പെൺകുട്ടികൾക്ക് സ്ത്രീധനം നൽകുന്നതും പശുവിനെയാണ്.
പക ഉള്ളിൽ സൂക്ഷിച്ച് പ്രതികാരം ചെയ്യുന്ന ആളുകളാണ് ഇവിടെയുള്ളവർ. ഒരാളെ കൊന്നാൽ, പകരം രണ്ടു പേരെ കൊല്ലും. അതിനാൽ തന്നെ വിട്ടുവീഴ്ചയുടെ മനോഭാവം ഒന്നും തന്നെ ഇല്ല.

കുഷ്ഠരോഗികൾക്കിടയിലെ മിഷൻ പ്രവർത്തനം

സി. ഷാന്റി സേവനം ചെയ്യുന്നത് സൗത്ത് സുഡാനിലെ കുഷ്ഠ രോഗികൾക്കിടയിലാണ്. ഇവിടെ  കുഷ്ഠരോഗികളുടെ എണ്ണം ധാരാളമാണ്. പലപ്പോഴും ഇങ്ങനെയുള്ളവർ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവരെ അവിടെച്ചെന്ന് മരുന്നുകളും മറ്റും നൽകി മുറിവുകൾ വൃത്തിയാക്കി വച്ചുകെട്ടി മടങ്ങുകയാണ് ഈ സന്യാസിനിമാർ. പലപ്പോഴും ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇത്തരം രോഗികൾ കഴിയുന്നത്. ചീഞ്ഞളിഞ്ഞ മുറിവിന്റെ ദുർഗന്ധമാണ് പലപ്പോഴും അവിടേയ്ക്ക് ചെല്ലുന്നവരെ ആദ്യം സ്വീകരിക്കുക. അതൊക്കെ സഹിച്ച് അവിടെ നിന്ന് അവർക്കായി സേവനം ചെയ്യുമ്പോൾ തങ്ങൾ ദൈവത്തെ മാത്രമാണ് ദർശിക്കുന്നത് എന്ന് സിസ്റ്റർ പറയുന്നു. ഇതൊക്ക പറഞ്ഞാലും രോഗം വന്നാൽ അവർ ആദ്യം ഓടുന്നത് പൂജാരിയുടെ അടുത്തേയ്ക്കു തന്നെയാണ്. അതിനു ശേഷം മാത്രമാണ് ആശുപത്രിയിൽ എത്തുക. അപ്പോഴേയ്ക്കും രോഗിയുടെ കാര്യത്തിൽ തീരുമാനമായിരിക്കും.

ഭീതിയുടെ നിമിഷങ്ങൾ

തുടർന്നു കൊണ്ടിരുന്ന ‘മിഷൻ സുഡാൻ’ വിശേഷങ്ങൾക്ക് ചെറിയൊരു ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.. ഇത്ര നാളത്തെ മിഷൻ പ്രവർത്തനത്തിനിടെ ഓർത്തിരിക്കുന്ന അനുഭവങ്ങൾ? ഒരു ചെറുചിരിയോടെ സിസ്റ്റർ പറഞ്ഞു. നിരവധി സംഭവങ്ങളുണ്ട്. അതും ഭീതിപ്പെടുത്തിയ സംഭവങ്ങൾ. അത് പങ്കുവയ്ക്കാമോ എന്ന ചോദ്യം തീരും മുൻപ് സിസ്റ്റർ പറഞ്ഞുതുടങ്ങി…

സുഡാനിൽ സ്ഥിരം വെടിവയ്പ്പ് ഉണ്ടാകുന്ന കാര്യം നേരത്തെ പറഞ്ഞല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം പള്ളിയിലേയ്ക്ക് പോവുകയാണ്. അൽപം വൈകിയതിനാൽ മറ്റു സിസ്റ്റർമാർ നേരത്തെ തന്നെ പള്ളിയിലേക്ക് പോയിരുന്നു. പെട്ടന്നാണ് അവിടെയുള്ള രണ്ടു സംഘങ്ങൾ തമ്മിൽ വെടിവയ്പ്പ് തുടങ്ങിയത്. സിസ്റ്റർ ആ വെടിവയ്പ്പിന് ഇടയിൽ പെട്ടു. ശരിക്കും നടുങ്ങിപ്പോയ അവസ്ഥ. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചു നിന്നു. പിന്നെ ഓട്ടം തുടങ്ങി. അവിടെ നിന്നും ജീവൻ പണയപ്പെടുത്തി ഓടുന്നവരുടെ കൂട്ടത്തിൽ ഒരാളായി സിസ്റ്ററും. കിലോമീറ്ററുകളോളം ഓടി. ഒടുവിൽ എങ്ങനെയൊക്കെയോ മഠത്തിൽ എത്തി. എത്തിയപ്പോൾ ജീവനോടെ തിരിച്ചെത്തി എന്നുപോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതു തന്നെയല്ല, ഇങ്ങനെ ഓടുന്നതിനിടയിൽ വെടിയേറ്റു വീഴുന്ന ധാരാളം ആളുകളുണ്ട്. അവർ അവിടെ തന്നെ മരിച്ചു കിടക്കും. ആരും അവരെ മറവു ചെയ്യുന്നില്ല. അങ്ങനെയുള്ള മൃതശരീരങ്ങള്‍ കഴുകന്മാർ കൊത്തിത്തിനും. അല്ലെങ്കിൽ ചീഞ്ഞളിഞ്ഞ് ആ വഴിയിൽ തന്നെ കിടക്കും. മരിച്ചവരെ അവർ കൈകൊണ്ട് തൊടുക പോലുമില്ല.
ഒരിക്കൽ ചന്തയിൽ സാധനം വാങ്ങാൻ പോവുകയാണ്. വെടിവയ്പ്പ് കഴിഞ്ഞു ഏതാണ്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുണ്ടായിരുന്നു അപ്പോള്‍. അവിടെ എത്തിയപ്പോള്‍ മൃതശരീരങ്ങള്‍ കൊണ്ടു നിറഞ്ഞ തെരുവാണ്  സിസ്റ്ററിന് കാണുവാൻ കഴിഞ്ഞത്. എങ്ങും ചോരയുടെ മണം. മനസു പോലും മരവിച്ചു പോകുന്ന കാഴ്ച. ആരോട് എന്തു പറയാനാണ്. ബോധം ഇല്ലാത്ത മനുഷ്യരാണ് ഇവിടെയുള്ളത് എന്ന് കരുതുന്നതിൽ തെറ്റില്ല. നമ്മൾ പറയുന്നത് അത്ര പെട്ടന്നൊന്നും അവർക്കു മനസിലാകില്ല. എങ്കിലും മാറ്റങ്ങൾ ഉണ്ടാകും. അതിന് വർഷങ്ങൾ എടുക്കും എന്നു മാത്രം.

ഇതുകൂടാതെ, വ്യാജമായ വാർത്തയുടെ പേരിൽ മൂന്നു മണിക്കൂറോളം ജയിലിലും ആളുകളുടെ വധഭീഷണിയെ ഭയന്ന് ആഴ്ചകളോളം കോൺവെന്റിനുള്ളിലും ഒക്കെ കഴിയേണ്ടി വന്നിട്ടുണ്ട്. മുൻപ് അരുണാചലിൽ ആയിരപ്പോഴും മോഷ്ടാക്കളുടെ തോക്കിന്‍ മുനയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. അങ്ങനെ നിരവധി സംഭവങ്ങൾ. എങ്കിലും ഇതൊന്നും തന്നെ ഒരു മിഷനറി സേവനത്തിൽ നിന്ന് ഒരിക്കലും പിന്തിരിപ്പിച്ചിട്ടില്ല എന്നു സിസ്റ്റർ പറയുന്നു.

ദൈവത്തോട് ചേർത്തുനിർത്തുന്ന മിഷൻ പ്രവർത്തനം

പലപ്പോഴും കഠിനമായിരുന്നു ഈ മിഷൻ ജീവിതം. നിരവധി തവണ മരണത്തെ മുന്നിൽ കണ്ടു. അവിടെ ഒക്കെ ദൈവം മാത്രമായിരുന്നു തുണ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ അനുഭവവും ദൈവത്തോടു ഞങ്ങളെ കൂടുതൽ ചേർത്തു നിർത്തുകയായിരുന്നു. കാരണം, ഇവിടെ നിന്നും എവിടേക്കും സഹായത്തിനായി ഓടാൻ കഴിയില്ല. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തിരിക്കുകയാണ് ഞങ്ങൾ.

മരണത്തെ മുഖാമുഖം ദർശിച്ച നിമിഷങ്ങളിൽ ദൈവത്തിന്റെ അത്ഭുതകരമായ സംരക്ഷണം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ആ അനുഭവങ്ങൾ ഞങ്ങളെ ഒരു മിഷനറിയായി ഈശോയ്ക്കു വേണ്ടി പ്രവർത്തിക്കുവാൻ വീണ്ടും നിർബന്ധിക്കുന്നു… സിസ്റ്റർ പറഞ്ഞു നിർത്തി.

ശരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവൻ പോലും പണയപ്പെടുത്തി മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എത്രയോ ആളുകളുണ്ട്. അവരെയൊക്കെ ഈ മിഷൻ മാസത്തിൽ നമുക്ക് ഓർക്കാം. അവർക്കായി പ്രാർത്ഥിക്കാം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ