കാട്ടുവാഴയിലകള്‍ കൊണ്ട് മേഞ്ഞ വീടുകള്‍ നിറഞ്ഞ ഗ്രാമം

ശില്‍പാ രാജന്‍

ബലിഷ്ടമായ കൈകള്‍. കൈയ്യിലും കാലിലും പിച്ചള തള. കാറ്റിനൊപ്പം ഒഴുകുന്ന നീണ്ട ചെമ്പന്‍ മുടി. പൊക്കം കുറഞ്ഞ അയാളുടെ ഗന്ധം അയാള്‍ക്ക് മുമ്പേ അദേഹത്തിനരികില്‍ എത്തി. കണ്ണുകളില്‍ പ്രതീക്ഷയും ചുണ്ടുകളില്‍ ഹൃദ്യമായ പുഞ്ചിരിയും ചാര്‍ത്തിയ ആ കുള്ളനായ മനുഷ്യന്‍ ആ വാക്കുകള്‍ ആവര്‍ത്തിച്ചു. “ഹാതോ അബു ഹാജ് ബാക്കൂ”. ‘നമ്മുടെ അച്ചന്‍ എത്തി’, അയാള്‍ ആവേശത്തോടെ പറഞ്ഞു. “അദ്ദേഹത്തെ സ്വീകരിക്കാന്‍ വെള്ളവും വസ്ത്രവും കൊണ്ട് വരൂ.” ഫാ. മനോജ്‌ പരുവംമൂട്ടില്‍ എം സി ബി എസ് – തന്റെ മിഷന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

കഷ്ടതകളുടെ ഒമ്പത് മണിക്കൂറുകള്‍ 

അരുണാചലിലെ ഏറ്റവും പിന്നോക്ക ഗ്രാമങ്ങളിലൊന്നായ പാസി പെര്ലോയിലേയ്ക്കു പോകുമ്പോള്‍ ഫാ. മനോജ്‌ പരുവംമൂട്ടിലിന്റെ മനസ്സ് നിറയെ ആത്മവിശ്വാസമായിരുന്നു. നംഗരാം എന്ന ഗ്രാമത്തില്‍ നിന്നും പാസി പെര്ലോയിലേയ്ക്കു എത്തുക അത്ര ചെറിയ കാര്യമല്ലായിരുന്നു. അവിടുത്തെ പ്രദേശവാസികള്‍ നാല് മണിക്കൂറുകള്‍ നടന്നാണ് ആ ചെറിയ ഗ്രാമത്തില്‍ എത്തുക. ആ നാട്ടുകാരന്‍ അല്ലാത്തതിനാല്‍ തന്നെ ആറു മണിക്കൂറുകള്‍ സഞ്ചരിച്ചു വേണം ഫാ. മനോജിനു തന്റെ പ്രവര്‍ത്തിപഥത്തില്‍ ഏത്താന്‍. ആറു മണിക്കൂര്‍ നീണ്ട നടപ്പ്!

നേരം പുലരും മുമ്പ് തന്നെ മേഘാലയന്‍ സ്വദേശിയായ ഫാ. തിയോയ്ക്കും ആ നാട്ടിലെ മൂന്നു ചെറുപ്പക്കാര്‍ക്കുമൊപ്പം യാത്ര തുടങ്ങി. പുലര്‍ച്ച ഭക്ഷണം കഴിച്ചു പതിവില്ലാത്തതുകൊണ്ട് അത് ഒഴിവാക്കി. നേരം പുലരുന്നതെ ഉള്ളു. അഞ്ചു മണിയാണ് സമയം. ശീതകാലം, ഒരു പക്ഷേ സിനിമകളില്‍ മാത്രമാണ് കാണാന്‍ സുഖകരം. ശീതകാലതിന്റെ എല്ലാ വര്‍ണങ്ങളും പക്ഷെ ഇവിടെ ഇല്ലാതായി. അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന മലകളെ കീഴടക്കി വേണം ഗ്രാമത്തില്‍ എത്താന്‍. ആദ്യത്തെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേ ഫാ. മനോജിനു ആ യാത്രയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തമായി ധാരണ കിട്ടി. ഒരു മാസം മുമ്പേ താന്‍ എത്തുമെന്ന് പ്രതീക്ഷിച്ചു തനിക്കായി കാത്തിരിക്കുകയാണ് ആ വിശ്വാസികള്‍. യാത്രയുടെ ആദ്യ മണിക്കൂറുകളില്‍ തന്നെ അദേഹത്തിനു ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഇനി ഒരു ചുവടു കൂടി വെയ്ക്കാന്‍ ജീവനിലെന്നു തോന്നി പോയ നിമിഷങ്ങള്‍. അച്ചന് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എടുത്തുകൊണ്ട് പോകാമെന്ന് പറഞ്ഞ കൂടെയുള്ള യുവാവ്  അക്ഷരാര്‍ത്ഥത്തില്‍ അത് ചെയ്തു. അങ്ങനെ ആ ഗ്രാമത്തിന് അരികിലെത്തി.

ദൂരെ ചെറിയ കുടിലുകള്‍ കാണാം. പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവരുടെ മനസ്സുകള്‍ ആ കാറ്റിനൊപ്പം തൊട്ടറിയാം. ആറു മണിക്കൂര്‍ നടന്നു ഗ്രാമത്തില്‍ എത്തിയപ്പോള്‍ മറ്റൊരു പരീക്ഷണം കൂടി. ഒരു നദി കടന്നു വേണം അക്കരെ ഗ്രാമത്തില്‍ എത്താന്‍. പക്ഷേ പാലം ഒടിഞ്ഞു പോയിരിക്കുന്നു. ഇനി അവിടെ എത്താനുള്ള ഏക വഴി മൂന്നു മണിക്കൂര്‍ നീണ്ട കാട്ടുപാതയിലൂടെ സഞ്ചരിക്കുക മാത്രമാണ്. ഇഴഞ്ഞു നീങ്ങിയ നിമിഷങ്ങള്‍ക്കൊടുവില്‍ ഗ്രാമത്തിനടുത്ത് എത്തി. ദൂരെ ഒരു ശബ്ദം കേള്‍ക്കാം ആരോ ഉച്ചത്തില്‍ വിളിച്ചു കൂവുന്നു. “ഹാതോ അബു ഹാജ് ബാക്കൂ”.

പ്രതീക്ഷയോടെ ഒരു ഗ്രാമം 

അകലെ നിന്ന് കേട്ട ആ അപരിചിതന്റെ ശബ്ദമാണ്  തന്റെ ശ്രദ്ധ ആ ദിശയിലേക്ക് ആകര്‍ഷിച്ചതെന്ന്  ഫാ. മനോജ്‌ പരുവംമൂട്ടില്‍ ഓര്‍ക്കുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ട കാല്‍നട യാത്രയുടെ സകല ബുദ്ധിമുട്ടുകളും ആ മാത്രയില്‍ ഇല്ലാതായി. അത് പ്രതീക്ഷയുടെ ശബ്ദമായിരുന്നു. തങ്ങള്‍ക്കായി നഗരങ്ങളും ഗ്രാമങ്ങളും മലകളും താണ്ടി വന്ന ആ ദൈവദൂതനെ ദൂരെ അങ്ങ് മലമുകളില്‍ കണ്ടതിന്റെ ആഹ്ളാദം. പ്രത്യാശയുടെ കിരണമാണ് അവര്‍ക്ക് അദ്ദേഹം. ദൂരെ എങ്ങോ മുഴങ്ങിയ ആ ശബ്ദത്തിലേക്ക്  വേഗത്തില്‍ നടക്കുമ്പോള്‍ ശരീരത്തെ തോല്‍പ്പിച്ചു മനസ്സ് കുതിക്കുകയായിരുന്നുവെന്നു അദ്ദേഹം ഓര്‍ത്തു. ‘കുപ്പാക്ക്’ (ഒരു തരം കാട്ടു വാഴയില) മേഞ്ഞ വീടുകള്‍ നിറഞ്ഞ ഗ്രാമം അടുത്തുകൊണ്ടേയിരുന്നു.

അയാള്‍ക്ക് മുമ്പേ അയാളുടെ ഗന്ധം  ഫാ. മനോജിനെ സ്പര്‍ശിച്ചു. ഇരുണ്ട നിറത്തില്‍ കുള്ളനായ ആ അപരിചിതന്‍ ഫാ. മനോജ്‌ പരുവംമൂട്ടിലിനെ തന്റെ കരവലയങ്ങളില്‍ അമര്‍ത്തി ആശ്ലേഷിച്ചു. ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയ അയാളുടെ സ്നേഹം  ഫാ. മനോജിനെ വല്ലാതെ ഉണര്‍ത്തി.  ഒമ്പത് മണിക്കൂറുകള്‍ ഒമ്പത് നിമിഷങ്ങളായി മാറിയ മുഹൂര്‍ത്തം. ഒരു വൈദീകന്‍ എത്തുന്നത് ഇത്രമേല്‍ പ്രതീക്ഷ ഉണര്‍ത്തുന്ന വസ്തുതയാണെന്നു അദേഹം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഓല മേഞ്ഞ ചുമരുകളും പൊക്കം കുറഞ്ഞ മേല്‍ക്കൂരകളും ഉള്ള ചെറിയ കുടിലുകള്‍. ഒരാള്‍ എത്തിയാല്‍ ഒരു ഇരിപ്പിടം പോലും നല്‍കാന്‍ കഴിയാത്ത പരാധീനത. മണ്ണു പാകിയ തറയില്‍ ഉള്ള അടുപ്പിനരികിലാണ് ഉറക്കം. വൈദ്യുതി എന്നത് മനോഹരമായ ഒരു പകല്‍കിനാവ്‌ മാത്രമായി അവശേഷിക്കുന്ന ഒരു ഗ്രാമം.

തങ്ങള്‍ക്കായി കാതങ്ങള്‍ താണ്ടിയെത്തിയ ഫാ. മനോജിനെ അവര്‍ ‘അബ്ബ’ (അക്ഷരാര്‍ത്ഥത്തില്‍ ‘സ്വന്തം പിതാവ്’ എന്ന് അര്‍ഥം) എന്ന് വിളിച്ചു. തങ്ങളുടെ വഴികാട്ടി, തങ്ങള്‍ക്കായി, തങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍, തങ്ങളെ ദൈവത്തിലേക്ക് നയിക്കുന്ന തങ്ങളുടെ അബ്ബ, അതായിരുന്നു  ഫാ. മനോജ്‌ പരുവംമൂട്ടില്‍ അവര്‍ക്ക്.

(തുടരും)

ശില്‍പാ രാജന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.