ജേഷ്ഠൻ അച്ചന് പകരം അനുജനച്ചൻ മരിച്ച സംഭവം- കരഞ്ഞു പോകുന്ന മിഷൻ ജീവിതങ്ങൾ 

കീര്‍ത്തി ജേക്കബ്

കേരളമേ നീ എത്രയോ പുണ്യവതി എന്ന് അറിയാതെ ഹൃദയത്തില്‍ നിന്ന് ഉരുവിട്ട് പോവുകയാണ് എന്നാണ് ഫാ. സാജന്‍ വഴീപ്പറമ്പില്‍ എംസിബിഎസിനെപ്പോലെ മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം മലയാളി പ്രേഷിതരും പറയുക. അതിനുള്ള കാരണവും തങ്ങള്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലാണ് ഫാ. സാജന്‍ വഴീപ്പറമ്പില്‍, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി പ്രേഷിതശുശ്രൂഷ ചെയ്യുന്നത്. ഈ അഞ്ചു വര്‍ഷത്തെ മിഷനറി ജീവിതത്തില്‍ താന്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളില്‍ പലതും കേരളം പോലുള്ള നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് അത്ഭുതം തോന്നുന്നതും അതേസമയം അഭിമാനം പകരുന്നതുമാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ മിഷന്‍ അനുഭവങ്ങള്‍ക്ക് കാതോര്‍ക്കാം…

മിഷനറി ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ചതും അഭിമാനത്താല്‍ നിറച്ചതുമായ ഒരു കാര്യം പറഞ്ഞു തന്നെ തുടങ്ങാം. 2015 – ലാണ് ഞാന്‍ ഇറ്റാനഗറില്‍ മിഷനറിയായി ചെല്ലുന്നത്. എല്ലാ മൂന്നു മാസം കൂടുമ്പോഴും അവിടെ ബിഷപ്പ് ഹൗസിൽ വച്ച് മാസ ധ്യാനങ്ങളുണ്ട്. അങ്ങനെ ആദ്യത്തെ മാസധ്യാനം കഴിഞ്ഞ്, ഭക്ഷണ സമയത്ത് അവിടെ എത്തിയ വൈദികരെയും സിസ്റ്റേഴ്‌സിനെയും പരിചയപ്പെടാന്‍ ഇടയായി. ഓരോരുത്തരോടും സംസാരിക്കുമ്പോഴാണ് ഞാനറിയുന്നത്, അവിടെയുള്ള 85 ശതമാനം മിഷനറിമാരും നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ളവരാണ് എന്ന കാര്യം. മാത്രവുമല്ല, അവരില്‍ നല്ലൊരു ശതമാനവും നിലവില്‍ ജോലി ചെയ്യുന്നതാകട്ടെ, വികസനം എത്തി നോക്കിയിട്ടു പോലുമില്ലാത്ത ഉള്‍ഗ്രാമ പ്രദേശങ്ങളില്‍, തീര്‍ത്തും പ്രാകൃതരായ ജനവിഭാഗങ്ങളുടെ ഇടയില്‍.

എല്ലാ മേഖലയിലും വികസനത്താല്‍ വീര്‍പ്പുമുട്ടുന്ന കേരളം പോലുള്ള നാട്ടില്‍ നിന്ന് നാഥന്റെ വിളികേട്ട് ഇറങ്ങിത്തിരിച്ച്, വൈദ്യുതി പോലും ഇതുവരെ സ്വപ്നത്തില്‍ ഇല്ലാത്ത ഗ്രാമാന്തരീക്ഷത്തില്‍, ആരാലും അറിയപ്പെടാതെ, ഒന്നും പ്രതീക്ഷിക്കാതെ, നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരെയും അടുത്ത് അറിയാനും പരിചയപ്പെടാനും ഇടയായി എന്നത് ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു.

ഭക്ഷണത്തിനും മറ്റുമുള്ള സാമഗ്രികള്‍ വാങ്ങാന്‍ പത്തും ഇരുപതും മണിക്കൂറുകള്‍ യാത്ര ചെയ്ത് പോകേണ്ട അവസ്ഥയില്‍ ജോലി ചെയ്യുന്ന വൈദികരും സന്ന്യസ്തരും! കേരളത്തിന്റെ ഇരട്ടിയുള്ള ഇറ്റാനഗര്‍ രൂപതയുടെ ഭൂരിഭാഗം പ്രദേശവും വനമേഖലയാണെന്നതും റോഡുകള്‍ അതിദയനീയമാണെന്നതും അവരുടെ സഹനത്തിന്റെ ആക്കം കൂട്ടുന്നു. വാഹന സൗകര്യം ഒട്ടുമില്ലാത്ത, മൊബൈല്‍ നെറ്റ്വര്‍ക്കില്ലാത്ത, വൈദ്യുതിയും വെള്ളവും ഇല്ലാത്ത എത്രയോ മിഷന്‍ പ്രദേശങ്ങള്‍. പലയിടത്തും മൂന്നോ നാലോ ആഴ്ചയ്ക്കിടെ മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭിച്ചാല്‍ അത്ഭുതം. സുലഭമായിട്ട് ഉള്ളതാകട്ടെ, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ മാത്രം.

മിഷനറിമാരുമാരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഭിമാനം തോന്നുന്ന ഒട്ടേറെ സംഭവങ്ങളും കേള്‍ക്കാനിടയായിട്ടുണ്ട്. ഇറ്റാനഗര്‍ രൂപതയിലെ ഒരു വൈദികന്‍ മലേറിയ വന്ന് തിരിച്ചു പോന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ അനുജനായ വൈദികന്‍ പറയുകയാണ്, ചേട്ടന് പകരം ഞാന്‍ അവിടേയ്ക്ക് പൊയ്‌ക്കൊള്ളാം എന്ന്. അങ്ങനെ മിഷന്‍ മേഖലയിലെത്തിയെങ്കിലും അദ്ദേഹത്തിനും രണ്ട് വര്‍ഷത്തിനുള്ളില്‍ മലേറിയ പിടിപെട്ടു. അസുഖത്തില്‍ നിന്ന് മോചിതനാകാന്‍ സാധിക്കാതെ അവിടെ വച്ചു തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു.  ഇതുപോലെ അനേകര്‍. എത്ര അകലെ, ഏത് പ്രതികൂല അവസ്ഥയിലും സുവിശേഷവുമായി കടന്നു ചെല്ലാനും യേശുവിനുവേണ്ടി മരിക്കാനും സന്നദ്ധതയുള്ള ഒരുകൂട്ടം സമര്‍പ്പിതര്‍.

അതുപോലെ തന്നെ, ആസാമിലെ ഡുഫൂ രൂപതയില്‍ ജോലി ചെയ്യുന്ന ഒരു സിസ്റ്ററിന് ഏഴ് തവണ മലേറിയ ബാധിച്ച് തന്റെ പ്രവര്‍ത്തന മേഖലയില്‍ നിന്ന് തിരിച്ച് പോരേണ്ടി വന്നു. ഇവിടെയും ആ സിസ്റ്ററുടെ സഹോദരി അവര്‍ക്കുവേണ്ടി ശുശ്രൂഷ ഏറ്റെടുക്കുകയുണ്ടായി. എത്രയോ വിസ്മയകരമായ പ്രവര്‍ത്തി! തീര്‍ച്ചയായും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മിഷനറിമാര്‍ സേവനത്തിനായി എത്തുന്നുണ്ട്. എന്നാല്‍ മലയാളി മിഷനറിമാരുടെ സവിശേഷ ശുശ്രൂഷകളെക്കുറിച്ച് അവിടെ ആളുകളുടെയിടയില്‍ പ്രത്യേക മതിപ്പാണുള്ളത്.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ മിഷനറിമാരില്‍ പലരും നാട്ടില്‍ നിന്ന് അവരുടെ പ്രേഷിതമേഖലയിലേയ്ക്ക് എത്തിപ്പെടാനെടുക്കുന്ന ത്യാഗമാണ്. ഏതാനും ദിവസം മുമ്പ് നാട്ടില്‍ നിന്നുള്ള ഒരു സിസ്റ്ററിനെ ഗോഹട്ടിയില്‍ വച്ച് പരിചയപ്പെടുകയുണ്ടായി. അഞ്ച് ദിവസം ട്രെയിനില്‍ തുടര്‍ച്ചയായി യാത്ര ചെയ്താണത്രേ അവര്‍ തന്റെ ജോലി സ്ഥലത്ത് എത്തുക. നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത അത്രയും ദൂരം, അഞ്ചും പത്തും പതിനഞ്ചും മണിക്കൂറുകളൊക്കെ നടന്ന്, ഗ്രാമങ്ങളില്‍ എത്തി വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന പല വൈദികരും എന്റെ പരിചയത്തിലുണ്ട്. മഴയും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടായി, വഴികള്‍ ഒന്നും വാഹന ഗതാഗതത്തിന് യോഗ്യമല്ലാതാവുന്ന അവസരങ്ങളിലാണ് പ്രാകൃതം എന്നുപോലും തേന്നിയേക്കാവുന്ന ഈ സാഹസത്തിനും പല മിഷനറിമാരും തയാറാവുന്നത്.

ദശാബ്ദങ്ങള്‍ക്കു മുമ്പും ഇത്തരം മേഖലകളില്‍ മിഷനറി വൈദികര്‍ ഉണ്ടായിരുന്നു എന്നത് മറ്റൊരു വിസ്മയകരമായ വസ്തുത. അന്നാകട്ടെ, ഇന്നുള്ളതിന്റെ പത്തിലൊന്നു പോലും റോഡുകളുമില്ല. അങ്ങനെ വരുമ്പോള്‍ അവര്‍ തീര്‍ച്ചയായും കുറഞ്ഞത് മുപ്പത് കിലോമീറ്റര്‍ ദൂരമെങ്കിലും കാല്‍നടയായി സഞ്ചരിച്ചാവണം ഗ്രാമങ്ങളില്‍ ചെന്ന് ശുശ്രൂഷകള്‍ നടത്തിയിരിക്കുക. ഒന്നോ രണ്ടോ ജോഡി വസ്ത്രവും കുര്‍ബാന കുപ്പായവും ചെറിയ സഞ്ചിയിലാക്കി ഇറങ്ങിയാല്‍ മൂന്നും നാലും ആഴ്ച ഓരോരോ ഗ്രാമങ്ങളില്‍ താമസിച്ചാണ് വിവിധ ശുശ്രൂഷകള്‍ അവര്‍ നടത്തുന്നത്. അവിടെയുള്ള ആളുകള്‍ ഇപ്പോഴും പഴയ മിഷനറിമാരെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും കൊണ്ട് കണ്ണും മനസും ഒരുപോലെ നിറയും. സാജന്‍ അച്ചന്റെ വാക്കുകളില്‍ സംതൃപ്തി.

അതെ. നമ്മുടെ നാടിന്റെ മഹത്തായ മിഷനറി പാരമ്പര്യം അതീവ തീക്ഷ്ണതയോടെ, വിസ്മയിപ്പിക്കുന്ന രീതിയില്‍ കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ വൈദികരും സന്ന്യസ്തരും നമ്മുടെ കൊച്ചുകേരളത്തിന്റെ അഭിമാനം തന്നെയാണ്. ഭൂപ്രകൃതിയും ഭൗതിക സാഹചര്യങ്ങളും പലപ്പോഴും തടസങ്ങള്‍ സൃഷ്ടിച്ച് മുമ്പിലെത്തുമ്പോഴും പൂര്‍വ പിതാക്കന്മാരില്‍ നിന്ന് സ്വീകരിച്ച മിഷന്‍ ചൈതന്യം കെടാതെ സൂക്ഷിക്കുന്ന ഹൃദയവും വദനവുമായി സമൂഹത്തിന്റെ താഴേത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന അവര്‍ ഓരോരുത്തരും നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇത്രമാത്രം. ആത്മാര്‍ത്ഥതയോടെയുള്ള പ്രാര്‍ത്ഥനയും അവരുടെ പ്രവര്‍ത്തനങ്ങളെപ്രതി ദൈവത്തിന് സ്തുതിയും പുകഴ്ചയും.

കീർത്തി ജേക്കബ്