ജീവിതത്തിൽ എന്നും നന്ദിയുള്ളവരാകാം

കൃതജ്ഞത എന്നത് വളരെ വലിയ കാര്യമാണ്. മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നത്, നമ്മുടെ ശരീരത്തിനും മനസ്സിനും മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങൾക്കുമെല്ലാം കൃതജ്ഞത വലിയ മൂല്യം നൽകുന്നു എന്നാണ്.

ഒരു നല്ല പ്രവർത്തിക്കുള്ള ഉചിതമായ പ്രതികരണമായാണ് നാം നന്ദി പറയാറുള്ളത്. എന്നാൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏതൊരു കാര്യത്തെക്കുറിച്ചും നാം കൃതജ്ഞതയുള്ളവരായിരിക്കണം. ഇത് നമ്മുടെ ജീവിതത്തിൽ നാം പരിശീലിക്കേണ്ടതായ ഒരു കാര്യമാണ്. അതിനായി ചില മാർഗ്ഗങ്ങൾ വായിച്ചറിയാം…

1. ഓരോന്നും ഒരു സമ്മാനമായി സ്വീകരിക്കുക

ഒരു നല്ല വാക്കോ, പ്രവർത്തിയോ, പ്രകൃതിസൗന്ദര്യമോ, രുചികരമായ ഭക്ഷണമോ എല്ലാം നമുക്കായി ലഭിക്കുന്ന സമ്മാനമെന്ന് അറിയുക. ഭൗതികമായ ഏതൊരു കാര്യവും നമുക്ക് ആനന്ദം നൽകുന്നവയാണ്. അതിനാൽ തന്നെ അത് ആസ്വദിക്കുമ്പോൾ നമുക്ക് നന്ദിയുള്ളവരാകാം. ഉപഭോഗസംസ്കാരത്തിൽ നിന്നും ധ്യാനാത്മകമായി നമ്മുടെ ഭൗതികസൗന്ദര്യത്തെയും സൗകര്യങ്ങളെയും കാണാം. അങ്ങനെ എല്ലാറ്റിനോടും നന്ദിയുള്ള ഒരു മനോഭാവം കാത്തുസൂക്ഷിക്കാം.

ഉദാഹരണമായി, ഭക്ഷണത്തിന്റെ രുചി അറിയണമെങ്കിലും അതിനോട് നന്ദിയുള്ള മനോഭാവം പുലർത്തണമെങ്കിലും ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കേണ്ടതുണ്ട്. ടിവി കാണുകയോ, മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയോ ചെയ്‌തുകൊണ്ട്‌ നാം കഴിക്കുകയാണെങ്കിൽ ഇതിനെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കുകയില്ല. അതിനാൽ നാം എന്താണോ കഴിക്കുന്നത്, എന്താണോ ചെയ്യുന്നത്, എന്താണോ കാണുന്നത് അതിൽ തന്നെ പൂർണ്ണശ്രദ്ധാലുവായിരിക്കാം. ദിനാന്ത്യത്തിൽ നമുക്ക് ലഭിച്ച ഇത്തരം സമ്മാനങ്ങളെ തിരിച്ചറിയാനും സമയം കണ്ടെത്താം.

2. ജീവിതം തന്നെ ഒരു ദാനമാണ്

നമ്മുടെ ജീവിതം തന്നെ ഒരു ദാനമാണെന്നു തിരിച്ചറിയുക. അതിനെക്കുറിച്ച് നന്ദിയുള്ളവരായിരിക്കുക. ഞെരുക്കുന്ന പ്രശ്നങ്ങൾ നമുക്കുണ്ടാകാം, എങ്കിൽപ്പോലും അതിനെപ്രതിയും നന്ദിയുള്ളവരാകാൻ നമുക്ക് ശ്രമിക്കാം. കാരണം ഇന്നത്തെ പ്രയാസങ്ങളും പ്രതിസന്ധികളുമായിരിക്കും നാളത്തെ നമ്മുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നു മറക്കാതിരിക്കുക. അത് തിരിച്ചറിയുമ്പോൾ കൊച്ചുകൊച്ചു കാര്യങ്ങളിൽ പോലും നാം സന്തോഷിക്കുകയും അതിനെല്ലാം പ്രതിനന്ദിയുള്ളവരുമായിരിക്കുകയും ചെയ്യും.

3. ‘നന്ദി’ പറയാനുള്ളതാണ്

നിശബ്ദമായ നന്ദിപ്രകടനങ്ങൾ വ്യർത്ഥമാണ്. നമുക്ക് ചെയ്തുകിട്ടുന്ന ഉപകാരങ്ങൾക്ക് തീർച്ചയായും നാം മറ്റുള്ളവരോട് നന്ദി പറയണം. പുഞ്ചിരിച്ചുകൊണ്ട്, അവരുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് ഹൃദയത്തിൽ നിന്നും നന്ദി പറയുവാൻ നമുക്ക് സാധിക്കണം. കാരണം അതിൽ നിന്ന് ലഭിക്കുന്ന ആനന്ദം അനേകരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കും.

രണ്ടു സുഹൃത്തുക്കൾ ഒരു റെസ്റ്റോറെന്റിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ബില്ലടയ്‌ക്കാൻ കൗണ്ടറിൽ എത്തിയപ്പോൾ അത് മുൻപ് കഴിച്ച ഒരാൾ അടച്ചിരുന്നു എന്ന് കാഷ്യർ പറയുകയുണ്ടായി. അത് അവരിൽ വലിയ അത്ഭുതമായിരുന്നു ഉണ്ടാക്കിയത്. മറ്റാർക്കെങ്കിലും ഇതുപോലൊരു സർപ്രൈസ് നല്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അവർ ഒരു തുക കാഷ്യറെ ഏൽപ്പിച്ചു. അതിനുശേഷം വന്നവർക്കും ഇതേ അനുഭവം. അവസാനം ഈ ‘സർപ്രൈസ്’ അന്ന് വൈകുന്നേരം വരെ ആവർത്തിച്ചു.

മനുഷ്യരെ നന്ദിയുള്ളവരാകാനും അവരുടെ ഹൃദയത്തിൽ നന്മ നിറയ്ക്കാനും വേണ്ടി കാഷ്യർ തന്നെയായിരുന്നു ആ സുഹൃത്തുക്കളുടെ ബില്ലടച്ചത്. അതിൽ നിന്നും അനേകം ആളുകളാണ് ഹൃദയം കൊണ്ട് നന്ദി സൂചിപ്പിച്ചത്.

നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരാകാം. ഇങ്ങോട്ട് ലഭിക്കുന്നതിനു മാത്രമല്ല, അങ്ങോട്ട് കൊടുക്കുമ്പോഴും നാം നന്ദിയുള്ളവരായിരിക്കണം. കാരണം കൊടുക്കാൻ നമ്മെ പ്രാപ്തരാക്കിയതിനെ ഓർത്താണ് നാം ഏറ്റവും കൂടുതൽ നന്ദിപൂർവ്വമായിരിക്കേണ്ടത്.

അപ്പോൾ മറക്കണ്ട, നമുക്ക് എപ്പോഴും നന്ദിയുള്ളവരായിരിക്കാം. ഇത് വായിച്ചതിനും നന്ദി…

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.