അമ്മയനുഭവങ്ങൾ: 10

ഫാ. സാജൻ നെട്ടപ്പോങ്ങ്

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,

“ഞാൻ നിന്നെ ശുദ്ധീകരിച്ചു, എന്നാൽ വെള്ളി പോലെയല്ല. കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ ശോധന ചെയ്തു. എനിക്കു വേണ്ടി, അതെ എനിക്കു വേണ്ടി മാത്രമാണ് ഞാനിത് ചെയ്യുന്നത്. എന്റെ നാമം എങ്ങനെ കളങ്കിതമാകും? എന്റെ മഹത്വം ഞാൻ ആർക്കും നല്കുകയില്ല” (ഏശയ്യാ 48:10-11).

റീജൻസി കാലത്ത്‌ എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി. രൂപതയിൽ ശുശ്രൂഷ ചെയ്യാനായി ഒരു പുതിയ വൈദികൻ വന്നു. അദ്ദേഹം താമസിച്ചത് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ആണ്. എന്റെ മുറിയുടെ അടുത്തുള്ള മുറിയാണ് അച്ചൻ ഉപയോഗിച്ചുപോന്നത്. റോമിൽ നിന്നും പഠനം കഴിഞ്ഞുവന്നതേ ഉണ്ടായിരുന്നു അച്ചൻ. അച്ചന്റെ കൈയ്യിൽ വില കൂടിയ അതിമനോഹരമായ ഒരു ക്യാമറ ഉണ്ടായിരുന്നു. ഒരുപാട് ഫോട്ടോകൾ അച്ചൻ അതിൽ എടുക്കുമായിരുന്നു. ആർക്കും അതുപോലൊരു ക്യാമറ സ്വന്തമാക്കാൻ തോന്നിപ്പോകും. അത്രയ്ക്ക് മനോഹരമായിരുന്നു അത്.

ഒരു ദിവസം അച്ചന്റെ മുറിയിൽ നിന്നും ക്യാമറ അപ്രത്യക്ഷമായി. മുറി മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കിട്ടിയില്ല. ആരെങ്കിലും ക്യാമറ മോഷ്ടിച്ചിട്ടുണ്ടാകുമെന്ന അനുമാനത്തിൽ അവസാനം എത്തി. എന്നാലും ആരായിരിക്കും എടുത്തിരിക്കുക? സ്വഭാവികമായി അവിടെയുള്ള എല്ലാവരും സംശയത്തിന്റെ പരിധിയിലായി. എപ്പോഴും കൗതുകത്തോടും ജിജ്ഞാസയോടും ക്യാമറയെപ്പറ്റി സംശയങ്ങൾ ചോദിക്കുകയും ഇതുപോലൊരു ക്യാമറ ഉണ്ടായിരുന്നെവെങ്കിൽ എന്ത്‌ നന്നായിരുന്നുവെന്ന് അച്ചനോട് പറഞ്ഞിരുന്ന എന്റെ നേരെ എല്ലാവരുടെയും സംശയം വന്നു നിന്നു.

പിന്നെ വിചാരണയുടെ നാളുകളായിരുന്നു. എന്റെ മുറി മുഴുവൻ അരിച്ചുപെറുക്കിയുള്ള അന്വേഷണം നിർബാധം തുടർന്നുകൊണ്ടിരുന്നു. ഞാൻ എടുത്തിട്ടില്ലെന്ന് പലയാവർത്തി പറഞ്ഞുവെങ്കിലും എല്ലാവരുടെയും മുൻപിൽ കള്ളന്റെ പരിവേഷമായിരുന്നു എനിക്ക്. എന്റെ നിരപരാധിത്വം തെളിയിക്കാൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥ. എല്ലാ തെളിവുകളും സാഹചര്യങ്ങളും എനിക്കെതിരാണ്. ആ നാളുകളിൽ എന്റെ ഏക ആശ്രയം ജപമാല മാത്രമായിരുന്നു. ആരും കാണാതെ ദൈവാലയത്തിൽ പോയിരുന്ന് കരഞ്ഞു പ്രാർത്ഥിക്കുമായിരുന്നു. ഞാൻ ഒരു കള്ളനല്ല. ആരുടെയും വസ്തുക്കൾ ഞാൻ എടുത്തിട്ടില്ല. തമ്പുരാനേ, നീ എങ്കിലും എന്നെ ഒന്ന് വിശ്വസിക്ക്.

ആ സമയത്താണ് എന്റെ ഏക പെങ്ങൾക്ക് കുഞ്ഞു പിറക്കുന്നത്. അവളെയും കുഞ്ഞിനേയും കാണാനുള്ള അനുമതി വാങ്ങി പോകാൻ തുടങ്ങുന്നതിനു മുമ്പ് അടുക്കളയിൽ ജോലി ചെയ്യുന്ന ചേച്ചിയുടെ മുൻപിൽ എന്റെ ബാഗ് തുറന്ന് അതിലുണ്ടായിരുന്ന എന്റെ വസ്ത്രങ്ങളും മറ്റ് ചില സാധനങ്ങളും കുടഞ്ഞിട്ടു. ചേച്ചി അതിശയത്തോടെ എന്നോട് ചോദിച്ചു: “ബ്രദർ എന്താണ് ഈ ചെയ്യുന്നത്.”

ഞാൻ ചേച്ചിയോട് പറഞ്ഞു: “ഞാൻ ഇന്ന് എല്ലാവരുടെയും മുൻപിൽ ക്യാമറ മോഷ്ടാവാണ്. ഇന്നിതാ വീട്ടിലും പോകുന്നു. സ്വഭാവികമായി എന്റെ നേരെയുള്ള സംശയം കൂടുതൽ ബലപ്പെടുകയേയുള്ളൂ. ചേച്ചിയെങ്കിലും എന്നെ വിശ്വസിക്കണം.” ആ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്നെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു.

ആഴ്ച്ചകളും മാസങ്ങളും കടന്നുപോയി. ഒരു ദിവസം യഥാർത്ഥ മോഷ്ടാവിനെ ദൈവം അച്ചന്റെ കണ്ണിൽ തന്നെ കാണിച്ചുകൊടുത്തു. അന്ന് സന്തോഷം കൊണ്ട് ഞാൻ ദൈവാലയത്തിൽ പോയിരുന്ന് കരഞ്ഞു. എന്റെ ജീവിതത്തിൽ ഒരുപക്ഷേ കുറച്ചു നാളുകൾക്ക് ഞാൻ അപമാനിതനാകാൻ ദൈവം അനുവദിച്ച ഒരു സംഭവമായി ഞാനിതിനെ കാണുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനവും ശിക്ഷയും അപമാനവും അനുഭവിക്കുന്നവരെപ്പറ്റി അടുത്തറിയാൻ എന്റെ ദൈവം എന്നെയും ആ ഒരു അനുഭവത്തിലൂടെ കടത്തിവിട്ടതായി ഇന്ന് ഞാൻ തിരിച്ചറിയുന്നു.

ഞാൻ നല്ല ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഒരുപാട് നന്ദി പറഞ്ഞു. ഞാൻ ഇന്നും അടിയുറച്ചു വിശ്വസിക്കുന്നു എന്റെ നിരപരാധിത്വം തെളിയിക്കാൻ എന്നെ സഹായിച്ചത് അമ്മ മാതാവാണ്. ഭൂരിപക്ഷത്തോട് ചേർന്ന് ഒരാളെ അന്യായമായി വിധിക്കുന്നതിനു മുൻപ് നമുക്ക് പലയാവർത്തി ആത്മശോധന നടത്താം. എന്റെ വിധികല്പിക്കലുകൾ പലപ്പോഴും തെറ്റാവാം. അകാരണമായി ആരെയും സ്വർത്ഥലാഭങ്ങൾക്കു വേണ്ടി ബലിയാടാക്കാതിരിക്കാം.

ഈശോമിശിഹായിൽ സ്നേഹപൂർവ്വം,

ഫാ. സാജൻ നെട്ടപ്പോങ്ങ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.