കൊറോണാക്കാലത്തെ ‘മാതൃ’ഭാവങ്ങള്‍

ബ്ര. അജോ കൊല്ലംപറമ്പില്‍
ബ്ര. അജോ കൊല്ലംപറമ്പില്‍

നമ്മുടെയെല്ലാം ജീവിതത്തില്‍ വിവിധ തരത്തിലുള്ള അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും നാം അനുഭവിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും നാം അവയെക്കുറിച്ച് ബോധവാന്മാരല്ല അല്ലെങ്കില്‍ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സുഖകരമായ കാലാവസ്ഥയാലും സുരക്ഷിതമായ ജീവിതസാഹചര്യങ്ങളാലും യാത്രാസൗകര്യങ്ങള്‍ കൊണ്ടും നാം അനുഗൃഹീതരായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ. എന്നാല്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കൊറോണാ വൈറസ് മൂലമുണ്ടായ കോവിഡ്-19 എന്ന മഹാമാരി നമ്മുടെയെല്ലാം ധാരണകളെ അതിലംഘിക്കുന്ന വിധത്തിലുള്ളതായി  മാറിക്കഴിഞ്ഞിരിക്കുന്നു.

കോവിഡ്-19 മൂലം നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ഉളവായ നിശ്ചലാവസ്ഥ നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം, മനുഷ്യന്റെ ശാസ്ത്രസാങ്കേതിക വിദ്യയിലുണ്ടായ അറിവും നേട്ടവുമെല്ലാം ഒരു കുഞ്ഞന്‍ വൈറസിനോടുപോലും നിഷ്പ്രഭമായി പോകുന്നുവെന്നതാണ്. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ എല്ലാ ഭൂഖണ്ഡങ്ങളിലും ഒരേ സമയത്തു തന്നെ ഉണ്ടായ രോഗവ്യാപനവും തന്മൂലം യാത്രാസംവിധാനങ്ങള്‍ നിലച്ചതും ആരോഗ്യസംവിധാനങ്ങളില്‍ മികവ് അവകാശപ്പെടുന്ന രാജ്യങ്ങളിലുണ്ടായ ഉയര്‍ന്ന മരണനിരക്കുമെല്ലാം നമ്മുടെ നിസാരതയല്ലേ വെളിവാക്കുന്നത്? സ്വതന്ത്രമായി സഞ്ചരിക്കാനും കൂട്ടായി പ്രാര്‍ത്ഥിക്കാനും പഠിക്കുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ മാത്രമാണ് നാം ഇതുവരെ അനുഭവിച്ച അനുഗ്രഹങ്ങള്‍ എത്ര വലുതായിരുന്നുവെന്ന് തിരിച്ചറിയുത്.

എല്ലാ കുടുംബങ്ങളിലും നാം അത്രകണ്ട് തിരിച്ചറിയാത്തതും വിലമതിക്കാത്തതുമായ ചില വ്യക്തിത്വങ്ങളുണ്ട്. അത് നമ്മുടെയൊക്കെ അമ്മമാരുടേതാണ്. അവരുടെ സ്‌നേഹവാത്സല്യങ്ങളും സ്വയം മറന്നുള്ള സേവനങ്ങളും കരുതലുമൊക്കെ നാം ആവോളം സ്വീകരിക്കുന്നു. അത് അവരുടെ കടമയാണ്. എങ്കിലും അവര്‍ക്ക് അര്‍ഹമായ പരിഗണന നാം നല്‍കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു കുടുംബത്തിന്റെ സുസ്ഥിതിക്കും നന്മയ്ക്കുംവേണ്ടി മാതാക്കള്‍ നിശബ്ദവും നിസ്വാര്‍ത്ഥവുമായ സേവനമനുഷ്ഠിക്കുന്നു. അതുപോലെ തന്നെ ഇന്നത്തെ അടിയന്തിര കാലഘട്ടത്തില്‍ നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ നാം തിരിച്ചറിയേണ്ടതും വിലമതിക്കേണ്ടതുമാണ്.

ഉല്‍കൃഷ്ടമായ ഏതൊരു പ്രവൃത്തി ചെയ്യുന്നവരും നിശബ്ദരും എന്നാല്‍ തങ്ങളുടെ സേവനമേഖലയില്‍ ഉത്തരവാദിത്വവും ഉത്സാഹവുമുള്ളവരുമായിരിക്കും. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ കൊറോണാ വൈറസിന്റെ വ്യാപനത്തെ തടയുക എന്ന ഏകലക്ഷ്യത്തോടെ തങ്ങളുടെ കുടുംബവും രോഗഭീതിയും ക്ഷീണവും എല്ലാം മറന്ന് അദ്ധ്വാനിക്കുന്നത് നാം മാധ്യമങ്ങളിലൂടെ കണ്ടു മനസ്സിലാക്കുന്നുണ്ട്. അത്യധിക ജോലിഭാരത്താല്‍ ക്ഷീണിതയായ നേഴ്‌സ് കംപ്യൂട്ടര്‍ കീബോര്‍ഡിനു മീതേ തളര്‍ന്നുറങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. കൊറോണാ നിര്‍മ്മാര്‍ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ നേഴ്‌സും വിവിധ തരത്തിലുള്ള ക്ലേശങ്ങളാല്‍ വീര്‍പ്പുമുട്ടിയും ആഹ്ലാദനിമിഷങ്ങള്‍ നഷ്ടപ്പെടുത്തിയുമൊക്കെയാണ് അവരുടെ കടമകള്‍ നിര്‍വ്വഹിക്കുതെന്ന് നാം മനസ്സിലാക്കാറില്ല. ഓരോ രോഗിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി തുടര്‍നടപടികള്‍ക്കായി ഫയല്‍ ചെയ്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും നേഴ്‌സിനുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുതില്‍ പ്രധാനപങ്കു വഹിക്കുന്ന, എന്നാല്‍ ഇന്നത്തെ സങ്കീര്‍ണ്ണസാഹചര്യത്തില്‍ നേടിയ നേട്ടങ്ങളുടെ ശ്രേണിയില്‍ ഇങ്ങേ അറ്റത്തു നില്‍ക്കുന്ന നഴ്‌സുമാരുടെ സേവനം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല.

നമ്മുടെ അമ്മമാരുടെ നിശബ്ദസേവനം കടമ മാത്രമാണെങ്കില്‍ ആരും എടുത്തുപറയാത്തതുപോലെ ഇവരുടെ നിശബ്ദസേവനവും പരിഗണിക്കപ്പെടാതെ പോകുന്നു. യാതൊരുവിധ വികാരമോ വിചാരമോ ഇല്ലാത്ത യന്ത്രങ്ങളെപ്പോലെ പണിയെടുക്കുവാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഈ സേവനം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ സ്വന്തം കുട്ടികളുടെ സുരക്ഷിതത്വത്തെ കരുതി അവരെയൊന്നു ലാളിക്കുവാന്‍പോലും ഭൂമിയിലെ ഈ മാലാഖമാര്‍ക്ക് സാധിക്കുന്നില്ല

അടുത്തിടെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെ ശ്ലാഘിച്ചുകൊണ്ട് പ്രശസ്ത ഗായിക കെ.എസ്. ചിത്ര മനോഹരമായ ഒരു ഗാനം ആലപിച്ചു. ഒപ്പം സോഷ്യല്‍ മീഡിയയില്‍, ആരോഗ്യമേഖലയില്‍ നമുക്കായി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം ഉണര്‍ത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുവാനും അനുദിനം പുറത്തിറങ്ങുന്ന ദൃശ്യാവിഷ്‌കാരങ്ങളും ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. ഇങ്ങനെയുള്ള പ്രവൃത്തികള്‍ അവരുടെ ആത്മവിശ്വാസവും അര്‍പ്പണബോധവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുമെന്നതില്‍ സംശയമില്ല. രോഗവ്യാപനഭീതി മൂലം സ്വന്തക്കാരില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വിധിക്കപ്പെട്ട അശരണരായ രോഗികള്‍ക്ക് ആശ്രയമാകുവാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടരാണിവര്‍. സ്വന്തം അനാരോഗ്യവും ദുഃഖങ്ങളും മാറ്റിവച്ച് രോഗികളുടെ പക്കല്‍ ഇവരുടെ വിശ്വാസത്തിലാണ് ബന്ധുമിത്രാദികള്‍ സുരക്ഷിതരായി സ്വഭവനങ്ങളില്‍ കഴിയുന്നത്. വളരെ വിരളമായി മാത്രം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മൂലം വളരെയധികം അര്‍പ്പണബോധത്തോടെ വര്‍ത്തിക്കുന്ന അനേകരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ നിഷ്‌കരുണം വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് വളരെ വേദനാജനകമാണ്.

അടുത്തതായി നമ്മുടെ പരിഗണന അര്‍ഹിക്കുന്ന ഒരു കാര്യം പ്രവാസികളോടുള്ള നമ്മുടെ സമീപനത്തെ സംബന്ധിച്ചുള്ളതാണ്. എന്റെ പിതാവ് അടുത്തിടെ വിവരിച്ച അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ. സുഹൃത്ത് വിദേശത്ത് ജോലി ചെയ്യുന്നു. ഭാര്യയും മക്കളും മക്കളുടെ പഠനസൗകര്യാര്‍ത്ഥം പ്രമുഖ നഗരത്തിലും അമ്മ കുടുംബ വീട്ടിലുമാണ് താമസിക്കുത്. കോവിഡ് വ്യാപനഭീഷണി ഉണ്ടായ ഉടനെ അദ്ദേഹം ഭാര്യയെ വിളിച്ച് നഗരത്തിലുള്ള വീട്ടിലേയ്ക്ക് വരുന്നതിനെക്കുറിച്ചു സംസാരിച്ചു. ഭാര്യ ഉടന്‍തന്നെ ചുറ്റുപാടും താമസിക്കുവരുടെ നോട്ടവും പരിഹാസവും കുറ്റപ്പെടുത്തലുമെല്ലാം ഭയന്ന് അവിടേയ്ക്ക് ചെല്ലുന്നതിനെ നിരുത്സാഹപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹം സ്വന്തം അമ്മയെ വിളിച്ചപ്പോഴും ഇതേ സമീപനം തന്നെ. ഇവിടെ നാം ചിന്തിക്കേണ്ടത് നമ്മുടെ സാമ്പത്തികവ്യവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിച്ചിരുന്ന പ്രവാസികളോടുള്ള ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും സമീപനത്തെ സംബന്ധിച്ചാണ്.

തുടര്‍ദിവസങ്ങളില്‍ മരണമടഞ്ഞ നിര്‍ഭാഗ്യവാന്മാരെ നാട്ടിലെത്തിക്കുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ലാതെ അന്യരാജ്യത്ത് അടക്കം ചെയ്യേണ്ടിവന്നതും അത്യധികം വേദനാജനകമാണ്. പ്രവാസികളെ ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുത്താത്ത ഗവണ്‍മെന്റോ, രാഷ്ട്രീയപാര്‍ട്ടികളോ സാമൂഹ്യപ്രവര്‍ത്തകരോ ഇല്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നിട്ടും അടിയന്തിരഘട്ടത്തില്‍ ഇവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഒരിക്കലും പൊറുക്കാവുന്നതല്ല. എന്നാല്‍, വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഭാരതത്തിന്റെ പൗരന്മാരെ ഔദാര്യപൂര്‍വ്വം മുന്‍ഗണനാ ക്രമമനുസരിച്ച് നാട്ടിലെത്തിക്കാനുള്ള ‘വന്ദേ ഭാരത്’ പോലുള്ള ദൗത്യങ്ങള്‍ ഈ വിഷയത്തില്‍ സമൂഹവും ഗവണ്‍മെന്റും ഭാവാത്മകമായി ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ്.

ദൈവകൃപയാല്‍ നാം ഇന്ന് അനുഭവിക്കുന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയാം. ദൈവത്തിന്റെ ഉപകരണങ്ങളായ വര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെയും അവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ക്രമസമാധാനപാലകാരെയും രാഷ്ട്രീയനേതാക്കളെയും നമുക്ക് നന്ദിയോടെ ഓര്‍ക്കാം. അനാവശ്യമായ കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഒഴിവാക്കാം. നാം ഇന്ന് നേരെ നില്‍ക്കുന്നുവെങ്കില്‍ അത്, അനേകര്‍ തക്കസമയത്ത് താങ്ങിയതുകൊണ്ടാണ്.

ഫ്രഞ്ച് തത്വചിന്തകനായ ഇമ്മാനുവല്‍ ലെവിനാസ് പറയുന്നതുപോലെ, ‘അപരന്റെ ഭൗതികാവശ്യങ്ങള്‍ എന്റെ ആത്മീയാവശ്യങ്ങളാണ്’. വിശുദ്ധ ബൈബിളില്‍ പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നു: ‘എല്ലാവരും സ്വന്തം നന്മയെക്കാളുപരി അപരന്റെ നന്മ ആഗ്രഹിക്കണം’ (1 കൊറി 10:24). സ്വന്തം ആരോഗ്യം മറന്ന് കുടുംബാംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അമ്മമാരെപ്പോലെ നമ്മുടെ ആരോഗ്യസുരക്ഷയ്ക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന നിശബ്ദസേവകരെ നമുക്ക് മറക്കാതിരിക്കാം. ഒപ്പം നമ്മുടെ പ്രവാസികളെയും. അവര്‍ നമുക്ക് അന്യരല്ല നമ്മുടെ സ്വന്തമാണ് – ഈ മണ്ണിന്റെ തന്നെ മക്കളാണ് അവര്‍.

ബ്ര. അജോ കൊല്ലംപറമ്പില്‍

3 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.