മേരിമാതാ മേജര്‍ സെമിനാരി, തൃശ്ശൂര്‍

മാത്യു പോൾ

മാത്യു പോൾ

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് ഏറെ അകലെയല്ലാത്ത മണ്ണുത്തിക്കടുത്ത് മുളയംകുന്നുകളുടെ താഴെ സ്ഥിതി ചെയ്യുന്ന മനോഹരമായ സെമിനാരി! കത്തോലിക്കാ സഭയിലെ ഇന്ത്യയിലെ മൂന്നു റീത്തുകളില്‍ നിന്നുമുള്ള വിവിധ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക-സന്യാസാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സെമിനാരി! സീറോമലബാര്‍ സഭയില്‍ ഒരു അതിരൂപതയുടെ മാത്രം ഉടമസ്ഥതയിലുള്ള മേജര്‍ സെമിനാരി! പാസ്റ്ററല്‍ ആനിമേഷന്‍ റിസര്‍ച്ച് ഔട്ട്‌റീച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്ന സെമിനാരി! എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ തൃശ്ശൂരിലെ ഈ സെമിനാരിക്ക് സ്വന്തം. തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പാണ് സെമിനാരിയുടെ ചെയര്‍മാന്‍.

ചരിത്രം

ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയും കോട്ടയം സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയും സ്ഥാപിതമായതിനു ശേഷം സീറോ മലബാര്‍ സഭയിലെ വൈദികവിദ്യാര്‍ത്ഥികള്‍ പ്രധാനമായും ഇവിടങ്ങളിലായിരുന്നു പരിശീലനം നേടിക്കൊണ്ടിരുന്നത്. 1990 കളില്‍ ഈ രണ്ടു സെമിനാരികളിലും വൈദികവിദ്യാര്‍ത്ഥികളുടെ ബാഹുല്യമായിരുന്നു. അതിനാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം നല്‍കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍ മൈനര്‍ സെമിനാരിയിലേക്ക് അര്‍ത്ഥികളെ സ്വീകരിക്കുന്നതും പരിമിതപ്പെടുത്തേണ്ടി വന്നു. കൂടാതെ വളരെയധികം പേര്‍ ഒന്നിച്ച് പരിശീലനം നേടുന്ന സാഹചര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധ നല്‍കുക എന്നതും ഏറെ ക്ലേശകരമായി അനുഭവപ്പെട്ടു. പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ട് അമൂല്യമായ ദൈവവിളികള്‍ നഷ്ടപ്പെടാനോ വ്യക്തികേന്ദ്രീകൃതമായ കരുതല്‍ നല്‍കപ്പെടാതെ പോകാനോ ഇടയാകരുതല്ലോ. ഒരു മേജര്‍ സെമിനാരി കൂടി ഉണ്ടാകുകയെന്നത് ഈ പശ്ചാത്തലത്തില്‍ ഒരു അനിവാര്യതയായി. അങ്ങനെയാണ് മേരിമാതാ മേജര്‍ സെമിനാരി സ്ഥാപിക്കാന്‍ മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ അതിരൂപത മുന്നിട്ടിറങ്ങിയത്.

മുളയത്ത് തൃശ്ശൂര്‍ അതിരൂപതക്ക് ഉണ്ടായിരുന്ന സ്ഥലത്ത് പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരുനാളായ 1997 ഡിസംബര്‍ 8-ാം തിയ്യതി മേരിമാതാ മേജര്‍ സെമിനാരിയുടെ അടിസ്ഥാന ശിലാസ്ഥാപനം നടന്നു. തൃശ്ശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുണ്ടുകുളം പിതാവും രണ്ടാമത്തെ മെത്രാപ്പോലീത്തയായ മാര്‍ ജേക്കബ് തൂങ്കുഴി പിതാവും ചേര്‍ന്നാണ് പ്രസ്തുത കര്‍മ്മം പ്രാര്‍ത്ഥനാപൂര്‍വ്വം നിര്‍വ്വഹിച്ചത്. 1998 ജൂണ്‍ 1-ാം തിയ്യതി മേരിമാതാ സെമിനാരിയില്‍ തത്വശാസ്ത്രവിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. പ്രസ്തുത വര്‍ഷം ആഗസ്റ്റ് 15-ാം തിയ്യതി സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന അഭിവന്ദ്യ മാര്‍ വര്‍ക്കി വിതയത്തില്‍ മേരിമാതാ മേജര്‍ സെമിനാരിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2002 ജൂണ്‍ 1-ാം തിയ്യതിയാണ് മേരിമാതാ സെമിനാരിയിലെ ദൈവശാസ്ത്രവിഭാഗം പ്രവര്‍ത്തനക്ഷമമായത്.

Academic and Administrative Block, Philosophy Residence Block, Theology Residence Block, Library Block, Dining Block, Staff Residence Block എന്നിങ്ങനെ ആറു ബ്‌ളോക്കുകളാണ് മേരിമാതാ മേജര്‍ സെമിനാരിക്കുള്ളത്. ഇവയില്‍ Staff Residence Block ഒഴികെയുള്ളവയുടെ നിര്‍മ്മാണം 2003-2004 വര്‍ഷത്തോടെ പൂര്‍ത്തിയായി. 2009 ഡിസംബറില്‍ Staff Residence Block – ന്റെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. Philosophy Residence Block ല്‍ 90 പേര്‍ക്കും Theology Residence Block ല്‍ 120 പേര്‍ക്കും താമസസൗകര്യമുണ്ട്.

വൈദിക വിദ്യര്‍ത്ഥികളുടെ ശാരീരിക – മാനസിക വ്യായാമത്തിനുള്ള കളിസ്ഥലങ്ങള്‍ സെമിനാരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം അദ്ധ്വാനിച്ചു ശീലിക്കുന്നതിനും അത്യാവശ്യ കൃഷിരീതികള്‍ മനസ്സിലാക്കുന്നതിനും ഉതകുന്ന കൃഷിയിടങ്ങളും ഇവിടെയുണ്ട്.

ആപ്തവാക്യം

ജെറെമിയ 3:15 തിരുവചനത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് “PASTORES DABO VOBIS” (I will give you pastors after my own heart = എന്റെ ഹൃദയത്തിനിണങ്ങിയ ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു നല്‍കും) എന്ന ആപ്തവാക്യമാണ് മേരിമാതാ സെമിനാരി സ്വീകരിച്ചിരിക്കുന്നത്. ആപ്തവാക്യത്തിനനുസൃതമായി അജപാലന പരിശീലനത്തിന് പ്രത്യേക ഊന്നല്‍ സെമിനാരി നല്‍കുന്നുണ്ട്. സാധിക്കാവുന്നിടത്തോളം ദൈവജനവുമായി അടുത്തിടപഴകാന്‍ വൈദികവിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്ന വിധത്തിലാണ് ഇവിടുത്തെ പരിശീലനപദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ചകളില്‍ നടത്തുന്ന ഇടവക ശുശ്രൂഷകള്‍ (Sunday Pastoral Ministry), പ്രതിവര്‍ഷം രണ്ട് ഇടവകകളില്‍ താമസിച്ച് സെമിനാരിയിലെ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും ചെയ്യുന്ന ഒരാഴ്ചത്തെ ആത്മീയ നവീകരണ-കുടുംബസന്ദര്‍ശന ശുശ്രൂഷകള്‍ (Sneholsavam), പരിശീലനത്തിന്റെ അവസാന വര്‍ഷം വൈദിക വിദ്യാര്‍ത്ഥികള്‍ 5 മാസക്കാലം ഓരോ ഇടവകയില്‍ താമസിച്ച് ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുകയും അവിടെനിന്ന് ആഴ്ചയില്‍ 3 ദിവസം വീതം സെമിനാരിയില്‍ വന്ന് ദൈവശാസ്ത്രപഠനം തുടരുകയും ചെയ്യുന്ന സംവിധാനം (Diaconal Internship), വടക്കേ ഇന്ത്യയിലെ മിഷന്‍ പ്രദേശങ്ങളില്‍ മൂന്ന് ആഴ്ചകള്‍ ദീര്‍ഘിക്കുന്ന പ്രേഷിതദൈവശാസ്ത്രപഠന-പ്രായോഗികപരിശീലനം (Mission Exposure) തുടങ്ങിയവ ദൈവജനത്തിന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും തിരിച്ചറിയാന്‍ മേരിമാതാ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സംരംഭങ്ങളില്‍ ചിലതാണ്.

അജപാലനരംഗത്തെന്ന പോലെ സാമൂഹിക കാര്യങ്ങളിലും മേരിമാതാ സെമിനാരി ശ്രദ്ധ ചെലുത്തുന്നുണ്ട്. കളമശ്ശേരി രാജഗിരി കോളേജുമായി സഹകരിച്ച് നടപ്പാക്കിയ Community Aid and Sponsorship Programme (CASP) വഴി 101 വിദ്യാര്‍ത്ഥികളെ 2001 മുതലുള്ള 9 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സഹായിക്കാന്‍ സെമിനാരിക്ക് കഴിഞ്ഞു. സമീപവാസികളായ കുട്ടികള്‍ക്ക് ട്യൂഷന്‍, വ്യക്തിത്വവികസന സെമിനാറുകള്‍ എന്നിവയും സംഘ ടിപ്പിക്കാറുണ്ട്. ജയില്‍ സന്ദര്‍ശനം, ചേരി സന്ദര്‍ശനം, ആതുരാലയ സന്ദര്‍ശനം തുടങ്ങിയവയിലൂടെ അനേകര്‍ക്ക് ആശ്വാസം പകരുന്നതില്‍ ഇവിടത്തെ വൈദിക വിദ്യാര്‍ത്ഥികള്‍ ഉത്സുകരാണ്.

അക്കാദമിക പരിശീലനം

തത്വശാസ്ത്ര-ദൈവശാസ്ത്ര ബിരുദ കോഴ്‌സുകളാണ് ഇപ്പോള്‍ മേരിമാതാ സെമിനാരിയില്‍ നല്കപ്പെടുന്നത്. ഇവിടുത്തെ ദൈവശാസ്ത്രവിഭാഗം 2008-2009 അദ്ധ്യയനവര്‍ഷം മുതല്‍ ബെല്‍ജിയത്തുള്ള ലുവെയ്ന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. തല്‍ഫലമായി ഇവിടെ നിന്ന് ദൈവശാസ്ത്ര പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് Sacrae Theologiae Baccalaureus (STB), Bachelor of Theology and Religious Studies (BA) എന്നീ രണ്ടു ബിരുദങ്ങള്‍ കരസ്ഥമാക്കാം. തത്വശാസ്ത്രവിഭാഗത്തിന്റെ അഫിലിയേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.

ഈ അധ്യയനവര്‍ഷം (2018-2019) മേരിമാതാ സെമിനാരിയില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത് 158 വൈദിക വിദ്യാര്‍ത്ഥികളാണ്.  ഇവരില്‍ residential students ആയി 139 പേരും day scholars ആയി 19 പേരുമാണുള്ളത്. Residential students ല്‍ 105 പേര്‍ സീറോമലബാര്‍സ’ രൂപതകളില്‍ നിന്നും 22 പേര്‍ സീറോമലങ്കര രൂപതകളില്‍ നിന്നും 12 പേര്‍ സന്ന്യാസസമൂഹങ്ങളില്‍ നിന്നുള്ളവരുമാണ്.  Society of Divine Vocations (SDV), Congregation of St. John the Baptist Precursor (CSJBP) എന്നി രണ്ട് സന്ന്യാസസമൂഹങ്ങളില്‍ നിന്നുള്ളവരാണ് day scholars,

ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നും വിവിധവിഷയങ്ങളില്‍ അവഗാഹം നേടിയിട്ടുള്ള 75-ലധികം അദ്ധ്യാപകര്‍ പ്രതിവര്‍ഷം മേരിമാതാ സെമിനാരിയില്‍ സേവനം ചെയ്യുന്നുണ്ട്. അവരില്‍ 18 പേര്‍ സെമിനാരിയില്‍ മുഴുവന്‍ സമയ പരിശീലകരായും മറ്റുള്ളവര്‍ Visiting Faculty എന്ന നിലയിലുമാണ് സേവനം ചെയ്തു കൊണ്ടിരിക്കുന്നത്.

ലൈബ്രറി

മേരിമാതാ മേജര്‍ സെമിനാരിക്ക് വിശാലമായ ഒരു ലൈബ്രറിയുണ്ട്. 45000 – ത്തോളം പുസ്തകങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ളത്.  വിവിധ ഭാഷകളിലായി 158 മാഗസിനുകള്‍ / ജേര്‍ണലുകള്‍ ലൈബ്രറിയില്‍ ലഭ്യമാണ്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍കൃതമായാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്.

പബ്‌ളിക്കേഷന്‍സ് & ബുക്ക്സ്റ്റാള്‍

സെമിനാരിക്ക് മേരിമാതാ പബ്‌ളിക്കേഷന്‍സ് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ട്. വി. ഗ്രന്ഥം, ദൈവശാസ്ത്രം, തത്വശാസ്ത്രം, ധാര്‍മ്മികത, ആദ്ധ്യാത്മികത, സഭാജീവിതം, സാമൂഹികം, എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത്. Encounter: A Journal of Interdisciplinary Reflections on Faith and Life എന്ന പേരില്‍ ഒരു ജേര്‍ണല്‍ വര്‍ഷത്തില്‍ രണ്ടു ലക്കങ്ങളായി ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്.  വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമായിട്ടുള്ള മേരിമാത ബുക്ക്സ്റ്റാളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

PAROC Research Institute

മേരിമാതാ സെമിനാരി അജപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയില്‍നിന്നുയിര്‍ക്കൊണ്ടതാണ് Pastoral Animation Research and Outreach Centre (PAROC). 2015 ആഗസ്റ്റ് 15-ാം തിയ്യതി PAROC Research Institute സ്ഥാപിതമായി. അജപാലനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരിശീലനക്കളരികള്‍ സംഘടിപ്പിക്കുക, ഇടവകകളില്‍ സര്‍വ്വെ നടത്തി അപഗ്രഥിച്ച് അനുയോജ്യമായ അജപാലനപദ്ധതികള്‍ രൂപീകരിക്കാന്‍ പരിശീലനവും സാങ്കേതിക സഹായവും നല്‍കുക, അജപാലന ഫലദായകത്വത്തിനുതകുന്ന വിവരശേഖരണം നടത്തുക തുടങ്ങിയവയാണ് PAROC Research Institute ലക്ഷ്യം വയ്ക്കുന്നത്.

Alumni

മേരിമാതയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ 268 പേര്‍ ഇതിനോടകം വൈദികരായി അഭിഷിക്തരായിട്ടുണ്ട്. ഇന്ത്യയിലും വിദേശങ്ങളിലുമായി വിവിധസ്ഥലങ്ങളില്‍ അവര്‍ സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ ചെയ്തു വരുന്നു. 2017-2018 അധ്യയനവര്‍ഷം ഉള്‍പ്പെടെയുള്ള കാലയളവില്‍ ഇവിടെ തത്വശാസ്ത്രപഠനം നടത്തിയിട്ടുള്ളത് 682 വൈദിക വിദ്യാര്‍ത്ഥികളാണ്.

ഭാവി പദ്ധതികള്‍

ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ ആരംഭിക്കുക, PAROC Research Institute ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, വൈദിക വിദ്യാര്‍ത്ഥികള്‍ക്കു പുറമെ താല്പര്യവും യോഗ്യതയുമുള്ളവര്‍ക്ക് തത്വശാസ്ത്ര -ദൈവശാസ്ത്ര കോഴ്‌സുകള്‍ ആരംഭിക്കുക തുടങ്ങിയ ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.

കാമ്പസ്

50 ഏക്കറോളം വരുന്ന വിശാലമായ ക്യാമ്പസ് ആണ് സെമിനാരിക്കുള്ളത് പൂന്തോട്ടങ്ങളും കൃഷി ഇടങ്ങളും ചെറിയ ഫാമുകളും വൃക്ഷങ്ങളും തഴച്ചു വളരുന്ന വളരെ മനോഹരമായ ഏതൊരു വ്യക്തിയെയും ആകര്‍ക്ഷിക്കുന്ന ഹരിത ക്യാമ്പസാണ് സെമിനാരിക്ക് ഉള്ളത് പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന രീതിയിലാണ് ക്യാമ്പസിന്റെ നിര്‍മ്മാണവും പരിപാലനവും.

മാത്യു പോൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.