കുറവുകളെക്കുറിച്ച് ബോധ്യമുള്ള മറിയം

സര്‍വ്വശക്തനായ ദൈവം ഒരു ഗ്രാമീണകന്യകയുടെ ഉത്തരവും പ്രതീക്ഷിച്ച് തന്റെ ദൂതനെ അയക്കുന്നു. മനുഷ്യവര്‍ഗത്തിന്റെ രക്ഷയ്ക്കുവേണ്ടി സ്വപുത്രനെ അയയ്ക്കാന്‍ തീരുമാനിച്ച ദൈവം കാത്തു നില്‍ക്കുന്നത് മനുഷ്യന്റെ മറുപടിയ്ക്കാണ്. ഇതിന്റെ ഉത്തരമാണ് മറിയത്തിന്റെ വാക്കുകള്‍- ‘ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി. നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ…’ മറിയം ദൈവതിരുമുമ്പില്‍ വിധേയത്വത്തോടെ തലകുനിച്ചപ്പോള്‍ മാനവരക്ഷയുടെ പൂര്‍ത്തീകരണമായ ‘ക്രിസ്തുജനനം’ പൂര്‍ത്തിയായി.

കൂട്ടി വായിക്കുക- എന്റെ ഹൃദയവാതിലില്‍ കാത്തുനില്‍ക്കുന്ന ദൈവത്തിന് സ്നേഹത്തോടെ ഞാന്‍ കൊടുക്കുന്ന മറുപടിയില്‍ എന്റെ രക്ഷയും ആരംഭിക്കുന്നു. പക്ഷേ എന്തുകൊണ്ട് എന്ന ചോദ്യം അലോസരപ്പെടുത്താറുണ്ട്. ദൂതന്റെ വചനം കേട്ട് അസ്വസ്ഥയായ, അതിലേറെ പലതും മനസ്സിലാകാതിരുന്ന മറിയം എന്തുകൊണ്ട് ദൈവതിരുമുമ്പില്‍ തലകുനിക്കുന്നു? അവളുടെ ആഗ്രഹം ഒന്നുമാത്രമായിരുന്നു- മിശിഹായുടെ മാതാവിന്റെ ശുശ്രൂഷകയാവുക. വ്രതം നോറ്റ് കാത്തിരിക്കുന്ന അനേകരില്‍ തനിക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു മഹത്വവും അവള്‍ക്ക് കാണാനായില്ല. ശുശ്രൂഷകയാകേണ്ട താന്‍ ഗര്‍ഭം ധരിച്ച് ദൈവപുത്രന്റെ അമ്മയാവുക- അതും അസാധാരണമായ ദൈവിക ഇടപെടലിലൂടെ. തന്റെ കുറവുകളെക്കുറിച്ച് ബോധ്യമുള്ള മറിയം തലകുനിക്കുന്നത് ഒരു വചനത്തിനു മുമ്പിലാണ്- ‘ദൈവത്തിന് ഒന്നും അസാധ്യമല്ല’. തന്റെ കുറവുകളെ നിറവുകളാക്കാന്‍ ദൈവത്തിന് സാധിക്കും എന്നതാണ് മറിയത്തിന്റെ ഫിയാത്തിനു കാരണം.

പഴയനിയമത്തിലൊരു സംഭവമുണ്ട്- അസംഖ്യം വരുന്ന സിറിയാസൈന്യം ഇസ്രായേല്‍ക്കാരെ വളയുമ്പോള്‍ ഏലീഷാ പ്രവാചകന്‍ നാളെ ഈ നേരം വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കപ്പെടും എന്ന് പറയുന്ന രംഗം (2 രാജാ 7:1). കേട്ടുനിന്ന പടനായകന്‍ ചോദിക്കുന്നുണ്ട്. “കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ തന്നെ ഇത് നടക്കുമോ?” ദൈവപരിപാലനയെ ചോദ്യം ചെയ്യുക- നാളയെക്കുറിച്ചുള്ള ആശങ്കകള്‍ അധികരിക്കുമ്പോള്‍ ചെയ്ത് പോകാറുണ്ട് നാം പലപ്പോഴും. ദൈവപരിപാലനയെ അവിശ്വസിച്ചവനോട് ദൈവപുരുഷന്‍ പറയുന്നുണ്ട്: “നീ നിന്റെ കണ്ണുകള്‍കൊണ്ട് കാണും എന്നാല്‍ ഭക്ഷിക്കുകയില്ല.”

നാളയെക്കുറിച്ചുള്ള എന്‍റെ വേവലാതികള്‍ക്കപ്പുറം ദൈവമെന്നെ നടത്തും എന്നൊരു തിരിച്ചറിവ് നല്ലതാണ്. കാരണം പലപ്പോഴും ദൈവപരിപാലനയുടെ ആഴം വ്യക്തമാക്കപ്പെടുന്നത് എന്റെ കുറവുകളിലാണ്. ശരീരത്തിലെ മുള്ള് എടുത്തുമാറ്റുവാന്‍ പ്രാര്‍ത്ഥിച്ച പൗലോസിനോട് തമ്പുരാന്‍ പറയുന്നത് ‘ബലഹീനതയിലാണ് എന്റെ ശക്തി വെളിപ്പെടുന്നത്’ എന്നാണ്. രോഗം ഒരു കുറവാണ് ഇന്നത്തെ സമൂഹത്തിലും. ആ കുറവിനെ ദൈവത്തോട് ചേര്‍ത്ത് വച്ചപ്പോള്‍ അല്‍ഫോന്‍സായെ അവന്‍ എടുത്തുയര്‍ത്തി.

മറിയം അതേ എന്നു പറഞ്ഞ് തലകുനിക്കുമ്പോള്‍ ‘നിന്റെ നിറവെന്നില്‍ പറന്നിറങ്ങണമേ’ എന്ന് പ്രാര്‍ത്ഥിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ കുറവുകളെ അവന്റെ മുന്നിലെടുത്തു വയ്ക്കാം. എന്‍റെ അപകര്‍ഷതകളും വേദനകളും ഇല്ലായ്മകളുമൊക്കെ എടുത്തുമാറ്റണമേ എന്ന പതിവുപല്ലവിക്കപ്പുറം ‘അസാധ്യതകളുടെ ദൈവമേ, എന്റെ കുറവുകളില്‍ നീ പ്രവര്‍ത്തിച്ചു തുടങ്ങണമേ’ എന്ന് പ്രാര്‍ത്ഥിച്ച് തുടങ്ങാം.

ഫാ. അജു സി.എം.ഐ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.