പിന്‍വാങ്ങാം ക്രിസ്തുവിനോടൊപ്പം…

ഫാ. സിജോ കണ്ണമ്പുഴ OM

കേട്ടുമറന്ന ഒരു കഥ പിന്നെയും ഓര്‍മിപ്പിക്കുന്നു. രണ്ട് യുവസന്ന്യാസിമാര്‍ യാത്രയിലായിരുന്നു. ഒരു ദിവസം വൈകീട്ട് അവര്‍ ഒരു നദിക്കരെ എത്തിച്ചേര്‍ന്നു. അവര്‍ക്ക് നദി കടന്നു പിന്നെയും യാത്ര ചെയ്യണമായിരുന്നു. നദിക്കരയില്‍ സുന്ദരിയായ ഒരു യുവതിയും നദി കടക്കാനായി എത്തിയിരുന്നു. പക്ഷെ ഒത്തിരി നേരം കാത്തു നിന്നിട്ടും അവര്‍ക്ക് തോണി കിട്ടിയില്ല. അവര്‍ നടന്നുതന്നെ നദിയുടെ അക്കരെ എത്താനായി തീരുമാനിച്ചു. ആ യുവതിക്കും നദി കടക്കണമായിരുന്നു, പക്ഷെ അവള്‍ക്ക് നദി കടക്കാന്‍ ഭയമായിരുന്നു. ഉടന്‍തന്നെ ഒരു സന്ന്യാസി ആ യുവതിയെ ചുമലില്‍ എടുത്തുകൊണ്ടു നദി കടക്കാനായി ആരംഭിച്ചു. നദിയുടെ മറുകരെ എത്തിയപ്പോള്‍ ആ യുവതി അവരോട് നന്ദി പറഞ്ഞുപിരിഞ്ഞു. സന്ന്യാസിമാര്‍ അവരുടെ യാത്ര തുടര്‍ന്നു. രാത്രിയില്‍ ഒരു മരച്ചുവട്ടില്‍ അവര്‍ കിടന്നുറങ്ങി. രാത്രിയില്‍, യുവതിയെ നദികടക്കാന്‍ സഹായിച്ച സന്ന്യാസിയെ, മറ്റേ സന്ന്യാസി വിളിച്ചുണര്‍ത്തിയിട്ടു പറഞ്ഞു. “അല്ലയോ സഹോദരാ, താങ്കള്‍ ചെയ്തതു മോശമായിപ്പോയി. ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന നാം യുവതികളുമായി സംസാരിക്കാന്‍ പോലും നില്‍ക്കാറില്ലല്ലോ? പിന്നെ ആ യുവതിയെ താങ്കള്‍ ചുമലില്‍ ഏറ്റിയത് ശരിയായില്ല.” അദ്ദേഹം മറുപടി പറഞ്ഞു “ഞാന്‍ ചുമലില്‍ കയറ്റിയ യുവതിയെ പുഴക്കരയില്‍ ഇറക്കിവിട്ടു. താങ്കള്‍ ഇപ്പോഴും അവളെ ചുമന്നു കൊണ്ടിരിക്കുകയാണോ?”

കാനായിലെ കല്യാണവേളയില്‍ മറിയമാണ് ആ കുടുംബത്തെ അവര്‍ക്ക് സംഭവിക്കാമായിരുന്ന വലിയ മനോവിഷമാത്തില്‍നിന്നും നാണക്കേടില്‍ നിന്നും രക്ഷിച്ചത്. പക്ഷെ അതിന്‍റെ യാതൊരുവിധത്തിലുള്ള അനുമോദനങ്ങളും അമ്മ ആഗ്രഹിക്കുകയോ, സ്വീകരിക്കുകയോ ചെയ്യുന്നില്ല. വചനം പറയുന്നത് “ഇതിനുശേഷം അവന്‍ തന്‍െറ അമ്മയോടും സഹോദരന്‍മാരോടും ശിഷ്യന്‍മാരോടുംകൂടി കഫര്‍ണാമിലേക്കു പോയി. അവര്‍ അവിടെ ഏതാനും ദിവസം താമസിച്ചു” (യോഹന്നാന്‍ 2:12) എന്നാണ്. അതായത് മറിയവും താന്‍ ചെയ്ത, ചെയ്യാന്‍ ഇടയാക്കിയ നന്മയുടെ പേരില്‍ ഒന്നും ആയിത്തീരുവാണോ, ശ്രദ്ധ ക്ഷണിക്കുവാനോ നിന്നില്ല.

ജീവിതത്തില്‍ നാം ഇടയാക്കിയ നന്മകളുടെയും ചെയ്തുകൊടുത്ത ഉപകാരങ്ങളുടെയും ഓര്‍മ്മ ചുമന്നു കൊണ്ട് നടക്കുന്നവരാണ് നമ്മില്‍ ഏറെപ്പേരും. പലപ്പോഴും കാലമേറെ കഴിഞ്ഞാലും നാം ചെയ്ത നന്മകള്‍ മറ്റുള്ളവര്‍ ഓര്‍ക്കണമെന്നും നമ്മെ അതിനെക്കുറിച്ച് അഭിനന്ദിക്കണമെന്നും ആഗ്രഹിക്കുന്നു. പലപ്പോഴും പലരും ദാനധര്‍മ്മങ്ങള്‍ പോലും നടത്തുന്നത് ഇങ്ങനെ ആളുകളുടെ മുന്‍പില്‍ വലിയവന്‍ ആണെന്ന് വരുത്തിതീര്‍ക്കാനാണ്.

ഇവിടെ അമ്മ വ്യത്യസ്തയാകുന്നു. ഓരോ നന്മയും സംഭവിക്കാന്‍ കര്‍ത്താവ് നമ്മെ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നമ്മെ ഒരു ഉപകരണം ആക്കുന്നുണ്ടെങ്കില്‍ നമുക്കതില്‍ അഹംഭാവത്തിനു ഇടമില്ല. ആ വ്യക്തികളില്‍ അനുഗ്രഹമെത്താന്‍ ദൈവം നമ്മെ ഉപകരണമാക്കിയെന്നു മാത്രം. മറിയത്തെപ്പോലെ നമുക്കും പിന്‍വാങ്ങാം, ഈശോയോടോപ്പാം. പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.