അത്ഭുതങ്ങൾ തുടർക്കഥയായി മാറുന്ന വിസ്കോൺസിലെ മരിയൻ ദേവാലയം

    ലോകമെമ്പാടും നിരവധി മരിയൻ തീർത്ഥാടനകേന്ദ്രങ്ങളുണ്ട്. അതിൽ പ്രശസ്തമായ ഒന്നാണ് വിസ്കോൺസിലെ ഔർ ലേഡി ഓഫ് ഗുഡ് ഹെല്പ് ദേവാലയം. ഈ ദേവാലയത്തിൽ അത്ഭുതങ്ങൾ തുടർക്കഥയാകുന്നതും ദൈവത്തിന്റെ പ്രത്യേകമായ കരുതൽ ഇവിടെ എത്തുന്നവരിൽ വെളിപ്പെടുന്നതും 1871-ഓടു കൂടിയാണ്.

    ആ വർഷമാണ് വിസ്കോൺസിനെ നടുക്കിയ തീപിടിത്തം നടക്കുന്നത്. ആളിപ്പടർന്ന തീ നിമിഷനേരങ്ങൾക്കകം വിഴുങ്ങിയത് മില്യൺ കണക്കിന് ഏക്കർ ഭൂമിയാണ്. എന്തുചെയ്യണം എന്നറിയാതെ പകച്ചുനിന്ന ജനങ്ങൾ ഓടിക്കയറിയത് മാതാവിന്റെ ഈ കൊച്ചു ചാപ്പലിലേയ്ക്കാണ്. ചുറ്റും തീ. എന്നാൽ ആ തീയ്ക്ക് മാതാവിന്റെ നാമത്തിലുള്ള ആ ചാപ്പലിനെയോ അതിനു ചുറ്റുമുള്ള അഞ്ച് ഏക്കർ ഭൂമിയെയും തൊടുവാൻ പോലും കഴിഞ്ഞില്ല. ഒരു വലിയ മരുഭൂമിക്ക് നടുവിൽ അവശേഷിച്ച പച്ചപ്പ് പോലെ ആ സ്ഥലവും അവിടെ അഭയം തേടിയവരും അവിടെ ഉണ്ടായിരുന്ന പക്ഷി-മൃഗാദികളും അഗ്നിബാധയെ അതിജീവിച്ചു. ഈ സംഭവത്തോടെ ദൈവത്തിന്റെ ഒരു പ്രത്യേക കരുതൽ, പരിശുദ്ധ അമ്മയുടെ ഒരു പ്രത്യേക സംരക്ഷണം ആ ദേവാലയത്തിനുമേൽ ഉണ്ടെന്ന് ആളുകൾക്ക് മനസിലായി. അതോടെ അവിടേയ്ക്ക് ധാരാളം തീർത്ഥാടകർ കടന്നുവരാൻ തുടങ്ങി.

    ഈയൊരു സംഭവത്തിനുശേഷം അവിടെ അത്ഭുതങ്ങൾ തുടർച്ചയായി നടക്കുന്നതാണ് കാണുവാൻ കഴിഞ്ഞത്. ആ ദേവാലയത്തിലേക്ക് കടന്നുവരുന്ന ഓരോ വിശ്വാസികളും ദൈവത്തിന്റെ സംരക്ഷണം പ്രത്യേകമായ വിധത്തിൽ അനുഭവിച്ചാണ് കടന്നുപോയത്. ഒരിക്കൽ ഒരു സ്ത്രീ അവിടേയ്ക്കു കടന്നുവന്നു. നാൻസി എന്ന് പേരുള്ള ആ സ്ത്രീ, ഇവിടെ എത്തുമ്പോൾ വൈദ്യശാത്രം ഏതാണ്ട് കൈയ്യൊഴിഞ്ഞിരുന്നു – ക്യാൻസർ അവസാനഘട്ടത്തിലും. ഈ ദേവാലയത്തിലെത്തിയ അവർ ഏറെനേരം കരഞ്ഞു പ്രാർത്ഥിച്ചു. മടങ്ങുമ്പോൾ എന്തോ ഒരു വലിയ ഭാരം മനസ്സിൽ നിന്ന് ഒഴിഞ്ഞുപോയതു പോലെ അവർക്ക് തോന്നിയിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അവരുടെ ക്യാൻസർ രോഗം പൂർണ്ണമായും മാറിയതായി കണ്ടെത്തി.

    മറ്റൊരിക്കൽ അതായത് 2013-ൽ ഈ ദേവാലയം സന്ദർശിക്കുവാൻ ഒരു കുടുംബം എത്തി. അവരുടെ കൂടെ 18 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ഈ കുഞ്ഞിന് വായിൽക്കൂടി ഭക്ഷണം കഴിക്കുവാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ഫീഡിങ് ട്യൂബ് ഇട്ടിരുന്നു. ദേവാലയത്തിൽ കുഞ്ഞിന്റെ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ആ ട്യൂബ് പെട്ടന്ന് ഊരിപ്പോന്നു. അവർ ഭയപ്പെട്ടു. പെട്ടന്നുതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ആ തുള അടഞ്ഞുവെന്നും ഇനി ട്യൂബ് ഇടേണ്ട എന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തി.

    ഇതൊന്നുമല്ല, നിരവധി അത്ഭുതങ്ങളാണ് ഈ മാതാവിന്റെ ദേവാലയത്തിൽ നടക്കുന്നത്. വിശ്വാസത്തോടെ കടന്നുവരുന്നവർക്ക് തന്റെ പുത്രനിൽ നിന്നും അനുഗ്രഹങ്ങള്‍ വാങ്ങിനൽകുവാൻ സദാ സന്നദ്ധയാണ് ഇവിടെ പരിശുദ്ധ അമ്മ.