അഫ്ഗാനിസ്ഥാനിൽ നിന്നും തിരികെയെത്തിയ മലയാളി സന്യാസിനി മനസു തുറക്കുന്നു

സി. സൗമ്യ DSHJ

“ചുറ്റുപാടും വെടിയൊച്ചകളുടെയും നിലവിളികളുടെയും ശബ്ദം. ജീവൻ മുറുകെ പിടിച്ച ഓടുന്ന ജനങ്ങൾ. ഭീതിയുടെ മണിക്കൂറുകൾ. എല്ലാത്തിനും മീതെ ദൈവത്തിന്റെ ശക്തമായ കരത്തിന്റെ സംരക്ഷണം ഞങ്ങൾക്കുണ്ടായിരുന്നു” – അഫ്ഗാനിസ്ഥാനിൽ നിന്നും കേരളത്തിൽ എത്തിയ മലയാളി മിഷനറി സി. തെരേസ ക്രാസ്റ്റയുടെ വാക്കുകളാണ് ഇത്. ഇപ്പോൾ കാസർഗോഡ്,ബദിയടുക്കയിലെ വീട്ടിൽ അമ്മയോടൊപ്പം ആയിരിക്കുന്ന സിസ്റ്റർ അഫ്ഗാൻ ഭീകരരുടെ ഇടയിൽ നിന്ന് രക്ഷപെട്ടതിൽ ആശ്വസിക്കുന്നുണ്ടെങ്കിലും താൻ സേവനം ചെയ്തിരുന്ന സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളെയോർത്ത് ആശങ്കപ്പെടുകയാണ്. എങ്കിൽ തന്നെയും തങ്ങളുടെ രക്ഷപെടൽ സാധ്യമാക്കിയ ദൈവത്തിന്റെ പരിപാലനയ്ക്കും അനേകരുടെ പ്രാർത്ഥനകൾക്കും നന്ദി പറയുകയാണ് സിസ്റ്റർ. അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിയ ഈ മിഷനറിയുടെ അനുഭവങ്ങളിലൂടെ നമുക്കും കടന്നു പോകാം…

“കാബൂളിലെ കുട്ടികളെ രക്ഷിക്കൂ” എന്ന വി. ജോൺപോൾ രണ്ടാമന്റെ ആഹ്വാനം 

മൂന്ന് വർഷങ്ങൾക്ക് മുൻപ് 2018 നവംബർ ഒന്നാം തീയതിയാണ് സിസ്റ്റർ തെരേസാ അഫ്‌ഗാനിസ്ഥാനിൽ എത്തുന്നത്. യുദ്ധവും ആക്രമണങ്ങളും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സിസ്റ്റർ തെരേസ അങ്ങോട്ട് പോയത്. പല സന്യാസിനീ സമൂഹത്തിൽ നിന്നുള്ള സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്ന ഒരു സമൂഹത്തിലായിരുന്നു (inter congregational community) സിസ്റ്റർ സേവനം ചെയ്തിരുന്നത്. 2004 മുതലാണ് ഈ സമൂഹം അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യം കുറച്ചു നാൾ പരീക്ഷണാർത്ഥം അവിടെ പ്രവർത്തിക്കുകയും പിന്നീട് സ്ഥിരമായി ഒരു സമൂഹം അഫ്ഗാനിസ്ഥാനിൽ തുടങ്ങുകയുമായിരുന്നു.

“കാബൂളിലെ കുട്ടികളെ രക്ഷിക്കൂ” എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ ആഹ്വാനം അനുസരിച്ചാണ് കാബൂളിലേക്ക് മിഷനറിമാർ ദൗത്യത്തിനായി എത്തുന്നത്. അവിടെ വന്നതിന് ശേഷം സിസ്റ്റേഴ്സ് സാഹചര്യങ്ങളെക്കുറിച്ച് പഠിച്ചു. അതിൽ നിന്നും ഒരു സ്‌കൂൾ തുടങ്ങുകയല്ല മറിച്ച് ഒരു സ്പെഷ്യൽ സ്‌കൂൾ തുടങ്ങുകയാണ് അവർക്കാവശ്യമെന്ന് മനസിലായി. കാരണം, വൈകല്യങ്ങളുള്ള നിരവധി കുട്ടികൾ കാബൂളിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ‘പി.ബി.കെ ഇറ്റലിയാന’ എന്ന സ്പെഷ്യൽ സ്‌കൂൾ ആരംഭിച്ചത്. ആറ് വയസുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. ആൺകുട്ടികളും പെൺകുട്ടികളും ഈ സ്‌കൂളിൽ ഉണ്ട്. വാടകയ്‌ക്കെടുത്ത ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്പെഷ്യൽ സ്‌കൂളിൽ 50 -ഓളം കുട്ടികൾ പഠിക്കുന്നു. പല സന്യാസിനീ സമൂഹത്തിൽ നിന്നായി ധാരാളം സിസ്റ്റേഴ്സും ഈ കാലഘട്ടത്തിൽ ഇവിടെ ശുശ്രൂഷ ചെയ്തു കടന്നു പോയിട്ടുണ്ട്. 75 വയസ് കഴിഞ്ഞുള്ളവർക്ക് അഫ്ഗാനിസ്ഥാനിലേക്ക് വരുവാൻ വിസ ലഭിക്കുകയില്ല. അതിനാൽ തന്നെ പ്രായമായ സന്യാസിനികൾ ഇവിടെ ഉണ്ടായിരുന്നില്ല. ഈ സ്പെഷ്യൽ സ്‌കൂളിൽ ടീച്ചറായി സേവനം ചെയ്തിരുന്ന സി. തെരേസയുടെ കോൺവെന്റിൽ മൂന്ന് പേരുണ്ടായിരുന്നു.

കാബൂളിൽ അത്യാവശ്യമായി മാറിയ സ്‌പെഷ്യൽ സ്‌കൂൾ  

അഫ്ഗാനിസ്ഥാനിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ ആണ്. ബുദ്ധി വൈകല്യങ്ങൾ ഉള്ള കുട്ടികൾക്ക് സാധാരണ സ്‌കൂളുകളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ബുദ്ധിവൈകല്യമുള്ള കുട്ടികളെ വലിയ സന്തോഷത്തോടെയാണ് പുതിയ സ്‌കൂളിലേക്ക് മാതാപിതാക്കൾ കൊണ്ടുവന്നത്. ഈ സ്‌പെഷ്യൽ സ്‌കൂൾ കാബൂളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളവർ, ഹൈപ്പർ ആക്റ്റീവ്, ബുദ്ധിമാന്ദ്യം, ഡൗൺ സിൻഡ്രോം തുടങ്ങിയ വൈകല്യങ്ങൾ ഉള്ള കുട്ടികളെ അവർ ഈ സ്‌കൂളിലേക്ക് എത്തിച്ചു. ഇവിടെ നിന്നും അവർക്കു ലഭിച്ച ചിട്ടയായ പരിശീലനം സാവധാനം ഈ കുട്ടികളെ ഭേദപ്പെട്ടവരാക്കി. സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങളിൽ ഈ കുട്ടികളുടെ മാതാപിതാക്കളും വളരെ സന്തോഷമുള്ളവരായിരുന്നു.

“എന്നെ അതിശയിപ്പിച്ച ഒരു കാര്യം, ഈ സ്പെഷ്യൽ സ്‌കൂളിലെ കുട്ടികൾ പരസ്പരം നല്ല പെരുമാറ്റം കാഴ്ചവെക്കുന്നവരാണ് എന്നുള്ളതാണ്. ഈ കുട്ടികൾ പരസ്പരം നല്ല സ്നേഹവും ശ്രദ്ധയും കരുതലും ഉള്ളവരാണ്. ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും അവരെ ശ്രദ്ധിക്കാനുമൊക്കെ മുതിർന്ന കുട്ടികൾ റെഡിയാണ്. മാലാഖാമാരെപ്പോലെ നിഷ്കളങ്കരായ കുട്ടികൾ ആയിരുന്നു അവർ” -സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊത്തുള തന്റെ അനുഭവം സിസ്റ്റർ വെളിപ്പെടുത്തുന്നു.

താലിബാൻ കാബൂളിൽ എത്തിയപ്പോൾ

കോവിഡ് ആയതിനാൽ ഇവിടെ സ്ക്കൂളുകൾ കുറെ നാൾ അടച്ചിട്ടിരുന്നു. മെയ് അവസാനത്തോടെയാണ് സ്‌കൂളുകൾ തുറക്കുന്നത്, അതും രണ്ട് മാസം മാത്രം. കോവിഡ് വീണ്ടും രൂക്ഷമായതിനാൽ ജൂൺ അവസാനത്തോടെ സ്‌കൂൾ അടച്ചു. എന്നാൽ ജൂലൈ അവസാനം വീണ്ടും സ്‌കൂൾ തുടങ്ങി. ഈ സമയംതന്നെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ചില മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. കാരണം അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള ആലോചനകൾ ഒരു വർഷമായി നടക്കുന്നുണ്ടായിരുന്നു. “എന്ത് ചെയ്യും എന്നതിനെക്കുറിച്ച് ഞങ്ങളും ചിന്തിച്ചു തുടങ്ങി. താലിബാനെ കുറിച്ച് ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. ഇടയ്ക്കിടെ സ്‌കൂളുകൾക്ക് നേരെയും ആശുപത്രികൾക്ക് നേരെയും ആക്രമണങ്ങൾ നടത്തുക താലിബാന്റെ പതിവായിരുന്നു. അതിനാൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായാൽ അവയെ അഭിമുഖീകരിക്കുവാൻ ഉള്ള ബലം, ദൈവം ഞങ്ങളുടെ കൂടെയുണ്ടെന്നുള്ള ഉറപ്പ്  മാത്രമായിരുന്നു. ബോംബാക്രമണങ്ങളും വെടിവെയ്പുകളും ഒക്കെ ചുറ്റുപാടും ഇടയ്ക്കിടയ്ക്ക് ഉണ്ടായി. അതൊക്കെ ഇവിടുത്തെ പതിവ് കാഴ്ചകളായിരുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ആശങ്ക ഞങ്ങൾക്ക് കുറച്ചു നാളായിട്ട് ഉണ്ടായിരുന്നു” -സിസ്റ്റർ വെളിപ്പെടുത്തി.

‘എല്ലാം പെട്ടെന്നായിരുന്നു’

“കാബൂളിൽ ഒന്നും സംഭവിക്കില്ല എന്നൊക്കെ ആയിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ, അവസാനം അവർ കാബൂളിലും വന്നു. അന്ന് സ്‌കൂൾ ഉള്ള ഒരു ദിവസമായിരുന്നതിനാൽ കുട്ടികൾ സ്കൂളിൽ വന്നിരുന്നു. അവരെ തിരിച്ചു വിടാനും പറ്റില്ലാത്ത അവസ്ഥ. റോഡുകളെല്ലാം ഈ സമയം ബ്ലോക്കാക്കിയിരുന്നു. വൈകുന്നേരം കുട്ടികളുടെ മാതാപിതാക്കൾ വന്ന് അവരെ കൊണ്ടുപോയി. തുടർന്ന് അവിടെ നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യമായിരുന്നു. ഓഗസ്റ്റ് 17 -ന് തിരിച്ചു പോരുവാൻ ടിക്കറ്റ് എടുത്തെങ്കിലും പെട്ടെന്നായിരുന്നു എയർപോർട്ട് എല്ലാം അടയ്ക്കപ്പെട്ടത്. എയർപോർട്ടിലേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. കൂടെ ഇറ്റലിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള സന്യാസിനികളും ഉണ്ട്. ഞങ്ങൾ പുറത്തെങ്ങും പോകാതെ കോൺവെന്റിന്റെ അകത്ത് തന്നെ കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ആളുകൾ താലിബാൻ ഭരണത്തിൻ കീഴിൽ ആയിരിക്കുന്നതിൽ വളരെയധികം ഭയക്കുന്നുണ്ടായിരുന്നു. ചുറ്റുപാടും വെടിയൊച്ചയുടെയും നിലവിളികളുടെയും ശബ്ദം. എല്ലാവരും ഭയപ്പെട്ട് ഓടുന്നു. ഭീതിയുടെ മണിക്കൂറുകൾ. എങ്കിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസമായിരുന്നു ഞങ്ങളെ പിടിച്ചു നിർത്തിയത്” – ഭീതിയുടെ ആ നിമിഷങ്ങൾ സി. തെരേസ ഓർത്തെടുത്തു.

കാത്തിരിപ്പിനൊടുവിൽ ഇടവക വികാരിയായ ഇറ്റാലിയൻ വൈദികന്റെ സഹായത്തോടെ ഞങ്ങൾ പുറത്ത് കടന്നു. അവിടെ നിന്നും എയർപോർട്ടിലേക്കും. ഭയമുണ്ടായിരുന്നു എങ്കിലും വേറെയും കുറെ ഇന്ത്യക്കാർ അവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു ലഗേജും എടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു അപ്പോൾ ലക്ഷ്യം. കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാവിധ സഹായവും തങ്ങൾക്ക് ലഭിച്ചു. പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹം ഈ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു. സിസ്റ്റർ വെളിപ്പെടുത്തി.

സിസ്റ്ററിനെ ദൈവം ഏൽപ്പിച്ച ദൗത്യം

28 വർഷമായി ഇറ്റലിയിലെ മിലാനിൽ ആരംഭിച്ച ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കപ്പിത്താനിയോ & ജെറോസ’ (SCCG) എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് സിസ്റ്റർ. ഇപ്പോൾ മാംഗ്ലൂർ പ്രൊവിൻസിന്റെ ഭാഗമാണ് സിസ്റ്റർ. കോൺഗ്രിഗേഷന്റെ ഭാഗത്ത് നിന്നുള്ള സപ്പോർട്ടും പ്രോത്സാഹനവും ഈ ദിവസങ്ങളിലെല്ലാം സിസ്റ്ററിന് കൂടുതൽ ധൈര്യം പകർന്നു. സ്‌പെഷ്യൽ ചിൽഡ്രൻസിനെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം നേടിയതിനാൽ തന്നെ ആ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നത് സിസ്റ്ററിന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഇവരുടെ സന്യാസിനീ സമൂഹത്തിന് സ്‌പെഷ്യൽ സ്‌കൂൾ ഉണ്ടായിരുന്നില്ല. ഒരു മിഷനറിയായി ശുശ്രൂഷ ചെയ്യാനുള്ള ആഗ്രഹവും ഇത്തരം കുട്ടികളെ സഹായിക്കാനുള്ള സന്നദ്ധതയും സിസ്റ്ററിനെ അഫ്ഗാനിസ്ഥാനിൽ സേവനം ചെയ്യുവാൻ സന്നദ്ധയാക്കി. അഫ്ഗാനിസ്ഥാനിലെ ഈ മിഷനെക്കുറിച്ച് കേട്ട സി. തെരേസ മദർ ജനറലിനോട് അനുവാദം ചോദിച്ച് അഫ്ഗാനിസ്ഥനായിലേക്ക് പോകുകയായിരുന്നു.

“ഇത്തരം കുട്ടികൾക്ക് വേണ്ടി എന്നാൽ കഴിയുന്നവിധം എന്തെങ്കിലും ഒക്കെ ചെയ്യണമെന്നത് എന്റെ വളരെ വലിയ ആഗ്രഹമായിരുന്നു. സിസ്റ്റേഴ്‌സിന്റെ കുറവ് മൂലം അഫ്ഗാനിസ്ഥാനിലെ ഈ സ്ഥാപനം അടയ്ക്കുവാൻ പോകുകയാണെന്ന് കേട്ടപ്പോൾ അവിടെ പോകണമെന്ന് തോന്നി. വിവിധ സന്യാസിനീ സമൂഹങ്ങളിലെ സന്യാസിനിമാർ ഒന്നിച്ചു ചേർന്ന് നടത്തുന്ന ഒരു സ്ഥാപനമായിരുന്നു ഇത്. കഴിഞ്ഞ പ്രാവശ്യം അവധിക്ക് വന്നപ്പോൾ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ച് പോകേണ്ടെന്ന് അധികാരികൾ പറഞ്ഞതാണ്. പക്ഷെ എനിക്ക് എന്റെ മിഷൻ പൂർത്തിയാക്കണമായിരുന്നു. അതുകൊണ്ട് ഞാൻ തിരിച്ചുപോകുകയായിരുന്നു. അതിന് അധികാരികൾ അനുവദിക്കുകയും ചെയ്തു.” -സിസ്റ്റർ കൂട്ടിച്ചേർത്തു.

വൈകല്യങ്ങൾ ഉള്ള കുട്ടികൾക്ക് ആ സ്‌കൂൾ ഇല്ലെങ്കിൽ മറ്റൊരു ഓപ്‌ഷനും ഇല്ലായിരുന്നു. സാധാരണ കുട്ടികൾക്കായുള്ള സ്‌കൂൾ വേറെയും ഉണ്ട്. എന്നാൽ സ്പെഷ്യൽ സ്‌കൂൾ ഇതൊരെണ്ണം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഈ കാരണത്താൽ തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ ശുശ്രൂഷയെ സിസ്റ്റർ വളരെയധികം വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ദാരിദ്ര്യവും യുദ്ധവും അഫ്ഗാനിലെ ജനങ്ങളെ വളരെയേറെ ദുരിതത്തിലാക്കി. ഇപ്പോൾ തിരിച്ചു പോന്നതിലും സിസ്റ്റർക്ക് വിഷമമുണ്ട്. അവിടുത്തെ സാഹചര്യങ്ങൾ വളരെയധികം ഭീകരമായി തുടരുന്നതിനാലാണ് തിരിച്ചു പോരേണ്ടി വന്നത് എന്ന് വിഷമത്തോടെ സിസ്റ്റർ പറയുന്നു.

അഫ്ഗാനിൽ നിന്നും ലഭിച്ച നല്ല അനുഭവങ്ങൾ

“എനിക്കവിടെ നിന്ന് കിട്ടിയതൊക്കെ നല്ല അനുഭവങ്ങളായിരുന്നു. എല്ലാത്തിനും ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഭയമല്ല, സ്നേഹമാണ് എനിക്കവരോട് ഉള്ളത്. കാരണം ആ കുട്ടികൾക്ക് ഞങ്ങളല്ലാതെ വേറെയാരും ഇല്ലല്ലോ. എന്റെ സന്യാസിനീ സമൂഹത്തിന്റെ ചൈതന്യം അവിടെ പങ്കുവയ്ക്കാൻ സാധിച്ചതിലും ഞാൻ സന്തോഷിക്കുന്നു. ഈശോയെ പങ്കുവെച്ചുകൊടുക്കുന്നതിലും മറ്റുള്ളവർക്ക് വേണ്ടി മുറിയപ്പെടുന്നതിലും സന്തോഷം മാത്രമേ ഉള്ളൂ” – ഒരു യഥാർത്ഥ മിഷനറിയുടെ ഹൃദയം നിറഞ്ഞുള്ള വെളിപ്പെടുത്തൽ ആ വാക്കുകളിൽ നിറഞ്ഞിരുന്നു. അവർക്ക് ഒന്നിനോടും പരാതിയില്ല, പരിഭവമില്ല. എല്ലാറ്റിനോടും സ്നേഹം മാത്രം. അഫ്ഗാനിസ്ഥാനിലെ ആളുകൾ വലിയ ബഹുമാനത്തോടെയാണ് തങ്ങളെ പരിഗണിച്ചതെന്ന് സിസ്റ്റർ പറയുന്നു. അവർ ഇന്ത്യക്കാരെ വളരെയധികം ഇഷ്ടപ്പെടുന്നവരും ആതിഥ്യമര്യാദ ഉള്ളവരുമാണ്.

പ്രതിസന്ധികളുടെയും മരണത്തിന്റെയും മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടതെങ്കിലും സിസ്റ്ററിന്റെ സംസാരത്തിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് തന്റെ മിഷനോടുള്ള സ്നേഹം മാത്രം. അഫ്ഗാനിസ്ഥാനിലെ തന്റെ പ്രിയപ്പെട്ട മക്കളെ ഓർത്തുളള വിഷമം ഉണ്ട്. എങ്കിലും അവർ ദൈവകരങ്ങളിൽ സുരക്ഷിതരായിരിക്കും എന്ന ആത്മവിശ്വാസത്തിൽ പ്രാർത്ഥനയോടെ ആയിരിക്കുകയാണ് ഈ സന്യാസിനി. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് സമാധാനത്തിൽ സുരക്ഷിതരായി ജീവിക്കാനുള്ള ദിവസങ്ങൾ സംജാതമാകുവാൻ വേണ്ടി നമുക്കും പ്രാർത്ഥിക്കാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.