കുടുംബത്തെ തകര്‍ത്ത് സമുദായത്തെ ദുര്‍ബലമാക്കുന്ന ലൗ ജിഹാദ്

Noble Thomas Parackal

“ഏതു കാറ്റത്തും പാറ്റുകയോ, എല്ലാ മാര്‍ഗ്ഗത്തിലും ചരിക്കുകയോ അരുത്” (പ്രഭാ, 5.9)

പ്രണയം മരണത്തേക്കാള്‍ ശക്തമാണെന്ന് പാടുന്ന ഉത്തമഗീതത്തിലെ വരികള്‍ നമുക്കന്യമല്ല (8,6). ഉത്തമഗീതം രചിച്ച കവി പ്രവാചകനായിരുന്നു. മരണത്തിനുപോലും ഏല്പിക്കാനാവാത്തത്ര വലിയ ആഘാതങ്ങളും ആഴമുള്ള മുറിവുകളും ഏല്പിച്ചുകൊണ്ട് പ്രണയം ഇന്ന് അരങ്ങുവാഴുകയാണ്.

മരണം വേര്‍പാടിന്‍റെ വേദനയും ദുഖവുമാണ് പകരുന്നത്. മരണം നല്കുന്ന ദുഖവും സൃഷ്ടിക്കുന്ന ശൂന്യതകളും ഏതാനും നാളുകള്‍കൊണ്ട് മനുഷ്യന്‍ വിസ്മരിക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്യും. എന്നാല്‍ കുടുംബത്തിലൊരംഗം സമുദായത്തിന് പുറത്തുള്ള ഒരു വ്യക്തിയുമായി പ്രണയത്തിലാകുന്പോള്‍ കുടുംബത്തിനേല്ക്കുന്ന ആഘാതം മരണം സൃഷ്ടിക്കുന്നതിനേക്കാള്‍ ഭീകരമാണ്. കേവലം ദുഖവും ശൂന്യതയും മാത്രമല്ല, കടുത്ത അപമാനവും ആഴമുള്ള മുറിവുകളും അത് കുടുംബാംഗങ്ങളില്‍ അവശേഷിപ്പിക്കുന്നു. അവള്‍ മരിച്ചുപോയിരുന്നെങ്കില്‍ ഇത്രയും സങ്കടപ്പെടേണ്ടി വരില്ലായിരുന്നുവെന്ന് പതംപറഞ്ഞ് കരയുന്ന അമ്മമാരുടെ ഗദ്ഗദങ്ങള്‍…

ഗാര്‍ഹികസഭയുടെ മര്‍മ്മത്ത് ആഘാതമേല്പിച്ച് തകര്‍ത്ത് ക്രൈസ്തവസമുദായത്തെ ദുര്‍ബലപ്പെടുത്താനുതകുന്ന അനിതരണസാധാരണമായ ശക്തി ലൗ-ജിഹാദ് എന്ന പ്രതിഭാസത്തിനുണ്ട്. സമുദായം ഉണരേണ്ടതുണ്ട്. ലൗ-ജിഹാദ് ഒരു സംഘടിതമുന്നേറ്റമായി വളരുന്നുണ്ട് എന്ന് ഇനിയും ഞാന്‍ തീര്‍ച്ച പറയുന്നില്ല. എന്നാല്‍ ഇതരസമുദായങ്ങളിലേക്ക് പ്രണയത്തിന്‍റെ പേരില്‍ ചേക്കേറിപ്പോകുന്ന പെണ്‍കിളികളോട് ഏതാനും വാക്കുകള്‍, ഒരു കത്തോലിക്കാ പുരോഹിതനെന്ന നിലയില്‍…

പ്രിയ സഹോദരീ…

കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ന്നുവരുന്ന നിന്നോട് കൂടുതലായെന്തുപറയാന്‍. പ്രണയം നിന്‍റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. വ്യക്തിസ്വാതന്ത്ര്യവും വിദ്യാഭ്യാസവും ഉള്ള നിന്‍റെ ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പാണ് നിന്‍റെ ജീവിതപങ്കാളി. പുറമേ നിന്ന് ആര്‍ക്കും തന്നെ ആ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നമ്മുടെ വിശ്വാസം നമ്മെ അനുവദിക്കുന്നില്ല. എങ്കിലും, ജനിച്ചു വളര്‍ന്ന സമുദായത്തെ മറന്നും വിസ്മരിച്ചും പുതിയ ബന്ധം കെട്ടിപ്പടുക്കുന്നതിനു മുന്പ് ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടാകുന്നത് നല്ലതായിരിക്കും.

1. കുടുംബം – പിറന്നുവീണ കുടുംബമായിരുന്നു ഇന്നത്തെ നിന്‍റെ ശരീരസൗഷ്ഠവത്തിന്‍റെ പിന്നാന്പുറസൗന്ദര്യം എന്ന് മറക്കാതിരിക്കുക. നിന്നെ നീയാക്കിത്തീര്‍ത്തതും നിന്നെ കെട്ടിപ്പടുത്തതും സമൂഹത്തിന്‍റെ ദൃഷ്ടിയില്‍ നിന്നെ സ്വീകാര്യയാക്കിയതും ഈ കുടുംബമാണ്. പിറന്നുവീണ നാള്‍ മുതല്‍ പിച്ചവച്ച് തുള്ളിച്ചാടി ഓടിക്കളിച്ച് പാറിപ്പറന്ന് ചിരിച്ചാര്‍ത്ത് ജീവിച്ച കുടുംബത്തിന്‍റെ അടിത്തറക്ക് ക്ഷതമേല്പിക്കുന്നതല്ലേ നിന്‍റെ ഈ തിരഞ്ഞെടുപ്പ്. ഇത്തരമൊരു തിരഞ്ഞെടുപ്പ് കൊണ്ട് സുസ്ഥിരമായ മറ്റൊരു കുടുംബത്തിന് അടിസ്ഥാനമിടാമെന്നത് വ്യാമോഹം മാത്രമായി അവശേഷിക്കില്ലേ എന്നത് സംശയം.

2. അപ്പന്‍ – നിന്നെ വളര്‍ത്താന്‍ ആ മനുഷ്യന്‍ അനുഭവിച്ച ജീവിതപ്രതിസന്ധികളെ എങ്ങനെ മറക്കാനാകും. അഭിമാനത്തോടെ നിന്‍റെ കരം പിടിച്ച് അയാള്‍ നടന്ന വഴികള്‍. നിനക്കായി പൊതിഞ്ഞുകെട്ടിക്കൊണ്ടുവന്ന സ്നേഹത്തിന്‍റെ മധുരങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുത്തനുടുപ്പുകള്‍. നിന്‍റെ ഓരോ കുഞ്ഞുവാശിക്കും വഴങ്ങിത്തന്ന ആ പൗരുഷം. നിന്‍റെ കണ്ണു നനയാതിരിക്കാനും നിനക്ക് സൗകര്യങ്ങള്‍ കുറയാതിരിക്കാനും അയാള്‍ ഏറ്റെടുത്ത സ്ഥലപരിമിതികള്‍, സൗകര്യങ്ങള്‍. നിന്നെക്കുറിച്ച് ഉയരത്തില്‍ കണ്ട സ്വപ്നങ്ങള്‍. ഇന്ന് അന്യസമുദായത്തിലൊരാളുടെ കൂടെ ഇറങ്ങിപ്പോകുന്പോള്‍ പുരുഷനെന്ന നിലയില്‍ സമൂഹത്തില്‍ അയാള്‍ കെട്ടിപ്പടുത്ത ആത്മാഭിമാനത്തെ തകര്‍ത്തെറിഞ്ഞാണ് പോകുന്നതെന്ന് നീ ഓര്‍ക്കരുത്. അക്ഷോഭ്യനായി ഒരുപക്ഷേ നിന്‍റെ തീരുമാനത്തിന്‍റെ മുന്പില്‍ നിലകൊള്ളുന്പോളും ആളൊഴിഞ്ഞ നേരത്തും രാവിന്‍റെ നിശബ്ദതയിലും വാവിട്ടുകരയുന്ന ആ മനുഷ്യന്‍റെ ദുഖത്തിന് നിന്‍റെ വരുംകാലജീവിതത്തിന്‍റെ ഏതു നന്മകള്‍ക്ക് പ്രതിക്രിയ ചെയ്യാനാകും.

3. അമ്മ – പിറന്നുവീണ നാള്‍ മുതല്‍ അമ്മ നിനക്ക് നല്കിയത് അമ്മിഞ്ഞ മാത്രമായിരുന്നുവെന്ന് കരുതിയോ. ഇന്ന് നിന്നെ സ്വന്തമാക്കാന്‍ നിന്‍റെ ഇഷ്ടക്കാരനെ പ്രലോഭിപ്പിക്കുന്ന ഈ ശരീരവും സൗന്ദര്യവും ആരുടെ ദാനമാണെന്നും, ആരുടെ വേദനയുടെ ഫലമാണെന്നും ഓര്‍ക്കാത്തതെന്താണ്. ഗര്‍ഭസ്ഥയായിരുന്ന കാലം മുതല്‍ നിനക്കുവേണ്ടിയുള്ള അവളുടെ ഉറക്കൊഴിവുകളെ, പിറന്ന നാള്‍ മുതല്‍ വര്‍ഷങ്ങളോളം നിന്‍റെ ഭാരം പേറിയ ആ കരങ്ങളെ, നിനക്കുവേണ്ടി ത്യാഗം ചെയ്ത പ്രാര്‍ത്ഥനകളെ, നിന്‍റെ വേദനകളിലും വീഴ്ചകളിലും അവളെടുത്ത ഉപവാസങ്ങളെ, നിനക്കുവേണ്ടി നിലകൊണ്ട നിമിഷങ്ങളെ, നിന്‍റെ വിശ്വാസവളര്‍ച്ചയില്‍ അവള്‍ ചൊല്ലിത്തന്ന പാഠങ്ങളെ, നിന്നെ സ്ത്രീയാക്കിത്തീര്‍ത്ത അവളുടെ ചൊല്ലുകളെ, നീ ഋതുമതിയായപ്പോള്‍ അവളനുഭവിച്ച സന്തോഷത്തെ . . . ഇന്നലെക്കണ്ടവനെ ഇവക്കൊക്കെ പകരം വെക്കുന്ന നിന്‍റെ നീതിബോധത്തിന് ആ അമ്മയുടെ ഹൃദയവേദനകള്‍ക്ക് ശമനം നല്കാനാകുമോ. നാളെ ഒരുപക്ഷേ അവള്‍ നിന്നോട് ക്ഷമിച്ചേക്കാം. അവള്‍ അമ്മയാണല്ലോ. എന്നാല്‍, അമ്മയുടെ ക്ഷമിക്കുന്പോഴും അവള്‍ക്ക് നീ നല്കിയ കഠിനനിമിഷങ്ങളെ നീയെങ്ങനെ പരിഹരിക്കും. അവളുടെ കണ്ണീരിന് ഏത് കുന്പസാരക്കൂട്ടില്‍ പരിഹാരം കിട്ടും.

3. സഹോദരങ്ങള്‍ – അഭിമാനമായിരുന്നില്ലേ നീയവര്‍ക്ക്. കുഞ്ഞിപ്പെങ്ങളോ വല്ല്യേച്ചിയോ ആയി നീ അവരുടെ സ്വന്തമായിരുന്നില്ലേ. അവരുടെ കുഞ്ഞുഹൃദയങ്ങള്‍ക്കോ സ്നേഹിക്കുന്ന മനസ്സിനോ നീയേല്പിക്കുന്ന ആഘാതത്തെ ഓര്‍ക്കാത്തതെന്തേ . . . നാളെ അവരെങ്ങനെ അവരുടെ കൂട്ടുകാരെ അഭിമുഖീകരിക്കും എന്ന് നീ ചിന്തിക്കുന്നുണ്ടോ . . . നാളെ അവരെങ്ങനെ നിന്‍റെ അസാന്നിദ്ധ്യത്തില്‍ ജീവിക്കുമെന്ന് നീ ഓര്‍ക്കുന്നുണ്ടോ . . . കുടുംബത്തിനും പാരന്പര്യത്തിനും സമുദായത്തിനും അന്യമായ ഒരു ബന്ധത്തിന്‍റെ പേരില്‍ നിന്‍റെ ജീവിതത്തിന്‍റെ എല്ലാ ബലങ്ങളെയുമാണ് നീ പറിച്ചകറ്റുന്നതെന്ന് മറക്കാതിരിക്കണം.

4. ബന്ധുമിത്രാദികള്‍, അയല്‍ക്കാര്‍ – അവരാരുമല്ലല്ലോ എനിക്ക് ചെലവിനു തന്നിരുന്നതെന്ന് ന്യായവാദം പറയുന്പോഴും വേദനിക്കുന്ന നിന്‍റെ പ്രിയപ്പെട്ടവരുടെ മനസ്സുകളെ വിസ്മരിക്കാതിരിക്കുക. നീ പിറന്ന നാള്‍തൊട്ട് മാമ്മോദീസായും ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും ജന്മദിനങ്ങളും ഓരോ വിശേഷാവസരങ്ങളും നിന്‍റെ ജീവിതത്തിന്‍റെ ചെറുതും വലുതുമായ വിജയങ്ങളുമെല്ലാം അവര്‍ ആഘോഷമാക്കിയിരുന്നു. നിനക്കവര്‍ നല്കിയ സമ്മാനപ്പൊതികളിലെല്ലാം നിന്നെക്കുറിച്ചുള്ള പ്രതീക്ഷകളാണവര്‍ സൂക്ഷിച്ചുവച്ചിരുന്നത്. നിന്നെക്കണ്ടു ചിരിച്ചവര്‍ക്കെല്ലാം, കൂടെ നടന്ന് നിന്നെ സ്നേഹിച്ചവര്‍ക്കെല്ലാം ഹൃദയത്തില്‍ വേദനയുടെ മുറിപ്പാടുകള്‍ നല്കി നീയാരംഭിക്കുന്ന യാത്രയെ അവരെങ്ങനെ വിശേഷിപ്പിക്കുമെന്നും ഓര്‍ക്കണം . . .

5. സമുദായം – ആത്യന്തികമായി നീയംഗമായിരിക്കുന്ന ക്രൈസ്തവസമുദായത്തിന്, തിരുസ്സഭക്ക്, ക്രിസ്തുവിന്‍റെ തിരുശ്ശരീരത്തിന് നീയേല്പിക്കുന്ന മുറിവ് എത്ര വലുതാണ്. നിന്‍റെ ഇളംശരീരത്തില്‍ വിശുദ്ധതൈലം പൂശി ജലമൊഴിച്ച് ക്രിസ്തുവിന്‍റെ പ്രിയസഹോദരിയാക്കിത്തീര്‍ക്കുകയും അവന്‍റെ ശരീരക്തങ്ങളും ആത്മാവും വിശുദ്ധപാഠങ്ങളും കാലാകാലങ്ങളില്‍ പകര്‍ന്ന് തരികയും ചെയ്ത് നിന്നെ വിശ്വാസത്തില്‍ വളര്‍ത്തി സംരക്ഷിച്ച സമുദായം. ഒരുപക്ഷേ വേദനപ്രകടിപ്പിക്കാന്‍ ആരുംതന്നെ വന്നെന്നുവരില്ല. പക്ഷേ, നിന്‍റെ ഈ തീരുമാനം പ്രചോദനമായെടുക്കുന്ന നിന്‍റെ സഹോദരങ്ങളെ കൂട്ടുകാരെ കാണാതെ പോകരുത്. നിനക്ക് ശേഷം സമുദായത്തെയും തിരുസ്സഭയെയും ബഹിഷ്കരിക്കുകയും പുറത്തുപോവുകയും ചെയ്യുന്ന ഓരോരുത്തരുടെയും വീഴ്ചക്കും പിന്‍വാങ്ങലിനും നിന്‍റെ ഈ തീരുമാനും പ്രചോദനമായിട്ടുണ്ടെന്ന വസ്തുത മറക്കാതിരിക്കുക.

നിന്‍റെ കുടുംബമാകുന്ന ഗാര്‍ഹികസഭ അസ്വസ്ഥമാകുന്പോള്‍ സമുദായമാകുന്ന പ്രാദേശികസഭയും അസ്വസ്ഥമാകുന്നു. കുടുംബങ്ങളെ അസ്വസ്ഥമാക്കി സമുദായത്തെ ദുര്‍ബലമാക്കുന്ന പൈശാചികശക്തികളുടെ കുതന്ത്രങ്ങള്‍ക്ക് വഴിപ്പെടുന്പോള്‍ സൗകര്യപൂര്‍വ്വം മറക്കുന്നത് നിന്നെ നീയാക്കിയ കുടുംബത്തെയും സമുദായത്തെയുമാണെന്ന് ഓര്‍ത്തിരിക്കാന്‍ വേണ്ടി മാത്രം. . .
(എന്തുകൊണ്ട് പെണ്‍കുട്ടികളോട് മാത്രം എന്ന് സംശയം തോന്നുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ വിലയിരുത്തുക. ഉത്തരം ലഭിക്കും)

വിശുദ്ധഗ്രന്ഥം നല്കുന്ന താക്കീത് – പഴയനിയമജനതയുടെ അനുഭവപാഠങ്ങള്‍

പരിശുദ്ധ കത്തോലിക്കാസഭയുടെ വിശുദ്ധഗന്ഥം ഈ വിഷയത്തില്‍ നല്കുന്ന സൂചനകളെയും മുന്നറിയിപ്പുകളെയും ഓര്‍മ്മിപ്പിക്കാതിരിക്കുന്നത് അവിവേകമാകും. വ്യാഖ്യാനമില്ലാതെ മൂന്നു വചനങ്ങള്‍ മാത്രം നല്കുന്നു. മനസ്സിരുത്തി വായിക്കുകയും സമയമെടുത്ത് ധ്യാനിക്കുകയും ചെയ്യുക.

1. “എല്ലാത്തരം അധാര്‍മ്മികതയിലും നിന്ന് നിന്നെ കാത്തുകൊള്ളുക. നിന്‍റെ പൂര്‍വ്വികരുടെ ഗോത്രത്തില്‍ നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍ നിന്നു വിവാഹം ചെയ്യരുത്. നാം പ്രവാചകന്മാരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂര്‍വ്വപിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍ നിന്നാണ് ഭാര്യമാരെ തിരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങള്‍ വഴി അവര്‍ അനുഗ്രഹീതരായി. അവരുടെ പിന്‍തലമുറ ദേശം അവകാശമാക്കും. അതിനാല്‍ മകനെ നിന്‍റെ സഹോദരന്മാരെ സ്നേഹിക്കുക. നിന്‍റെ ചാര്‍ച്ചക്കാരില്‍ നിന്ന് നിന്‍റെ ജനത്തിന്‍റെ മക്കളില്‍ നിന്ന് ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്ദിക്കരുത്. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും” (തോബി. 4,12-13).

2. “നിന്‍റെ പ്രശസ്തി വിദൂരദ്വീപുകളില്‍ എത്തി. സമാധാനപൂര്‍ണ്ണമായ ഭരണം നിമിത്തം നീ പ്രിയങ്കരനായി. നിന്‍റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി. ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമത്തില്‍ തകരം പോലെ സ്വര്‍ണ്ണവും ഈയം പോലെ വെള്ളിയും നീ ശേഖരിച്ചു. എന്നാല്‍ നീ സ്ത്രീകള്‍ക്ക് അധീനനായി. അഭിലാഷങ്ങള്‍ നിന്നെ കീഴ്പ്പെടുത്തി. നിന്‍റെ സത്കീര്‍ത്തിക്ക് നീ തന്നെ കളങ്കം വരുത്തി. സന്തതിപരമ്പരയെ മലിനമാക്കി. അവരെ ക്രോധത്തിന് ഇരയാക്കി. നിന്‍റെ ഭോഷത്തം അവര്‍ക്ക് ദുഃഖകാരണമായി. അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു . . .” (പ്രഭാ. 47, 16-21).

3. “ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ അവര്‍ വിവാഹത്തില്‍ പരസ്പരം ഇടകലരും. പക്ഷേ ഇരുമ്പ് കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മില്‍ ചേരുകയില്ല” (ദാനി.2,43).

പരിശുദ്ധ സഭയിലെ വിവാഹം എന്ന അനുഗ്രഹം

അന്യസമുദായങ്ങളോട് വിവാഹത്തില്‍ സഖ്യത്തിലേര്‍പ്പെടുന്നതിന്‍റെ ശരിതെറ്റുകളെ ആഴത്തില്‍ പഠിച്ചു മനസ്സിലാക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. മതബോധനം നല്കുന്നവരും ബഹുമാനപ്പെട്ട വൈദികരും മാതാപിതാക്കന്മാരും ഉത്തരവാദിത്വപ്പെട്ടവര്‍ ഓരോരുത്തരും ഈ വിഷയത്തില്‍ ആഴമായ പഠനം നടത്തുകയും ആവശ്യാനുസരണം ബോദ്ധ്യങ്ങള്‍ നല്കുകയും ചെയ്യുക. ഗതികേടുകളുടെ പാരമ്യത്തില്‍ മാത്രമാണ് തിരുസ്സഭ ഇത്തരം വിവാഹങ്ങള്‍ അനുവദിക്കുന്നത്. അവയൊന്നും തന്നെ കൗദാശികമല്ല, എന്നാല്‍, തിരുസ്സഭയുടെ അറിവോടെ നടക്കുന്നതിനാല്‍ കൂദാശാജീവിതത്തിന് ഒഴിവ് നല്കുന്ന പ്രക്രിയ മാത്രമാണത്.

അതേസമയം പരിശുദ്ധസഭയില്‍ കൗദാശികമായി നടക്കുന്ന വിവാഹത്തിന്‍റെ പ്രത്യേകതകള്‍ കൂടി അറിയേണ്ടതുണ്ട്. എന്താണ് അത്തരമൊരു വിവാഹത്തിന്‍റെ സവിശേഷത. പരിശുദ്ധ സഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന വിവാഹമെന്ന കൂദാശ നവദന്പതികള്‍ക്ക് നല്കുന്ന അസുലഭസൗഭാഗ്യത്തെ അക്കമിട്ട് പറയാനാകും.

1. കൂദാശയുടെ കൃപാവരം – പരിശുദ്ധാത്മകൃപ നവദന്പതികള്‍ക്ക് ലഭിക്കുന്നു. കുടുംബത്തെ വിശുദ്ധിയിലും ഐക്യത്തിലും നിലനിര്‍ത്താന്‍ കാലഘട്ടത്തിന്‍റെ കുടുംബങ്ങള്‍ ഏറ്റവും അനിവാര്യമായ അഭിഷേകമാണിത്.

2. പുരോഹിതന്‍റെ ആശീര്‍വ്വാദം – ഓരോ വിവാഹത്തിലും പരന്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന മിശിഹായുടെ കൈവയ്പ് പുരോഹിതനിലൂടെ ലഭ്യമാകുന്നുവെന്നു. കത്തോലിക്കാപുരോഹിതന്‍ കൈ ഉയര്‍ത്തുന്പോള്‍ കരങ്ങളുയര്‍ത്തി ശിഷ്യന്മാരെ ആശീര്‍വ്വദിച്ചുകൊണ്ട് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്ന മിശിഹായാണ് തല്‍സ്ഥാനത്ത് ദന്പതികളെ അനുഗ്രഹിക്കുന്നത്.

3. തിരുസ്സഭാകൂട്ടായ്മയുടെ പ്രാര്‍ത്ഥന – വിവാഹദിവസവും തുടര്‍ന്നും നവദന്പതികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന തിരുസ്സഭകൂട്ടായ്മയെ കൂദാശാപരികര്‍മ്മത്തിന്‍റെ അവസരത്തില്‍ നമുക്ക് ദൃശ്യമായിത്തന്നെ കാണാന്‍ കഴിയും. ഒരു സമൂഹമൊന്നാകെ പ്രാര്‍ത്ഥിച്ചുയര്‍ത്തുന്ന ഗാര്‍ഹികസഭയുടെ സൗന്ദര്യമാണ് വിവാഹമെന്ന കൂദാശയിലൂടെ നവദന്പതികള്‍ക്ക് കരഗതമാകുന്നത്.

4. മാതാപിതാക്കന്മാരുടെ അനുഗ്രഹം – വളര്‍ത്തി വലുതാക്കിയ മാതാപിതാക്കന്മാര്‍ നിറമനസ്സോടെ അനുഗ്രഹിച്ച് യാത്രയാക്കുന്ന സുന്ദരമുഹൂര്‍ത്തമാണ് ഓരോ കൂദാശാപരികര്‍മ്മവും.

5. സമൂഹത്തിന്‍റെ അംഗീകാരം – പരിശുദ്ധ മദ്ബഹായുടെ മുന്പില്‍ കൂദാശാപരികര്‍മ്മത്തിലൂടെ സ്ഥാപിതമാകുന്ന ഓരോ കുടുംബത്തിനും സമൂഹത്തില്‍ അതുല്യമായ സ്ഥാനമുണ്ട്. ആദരവും അംഗീകാരവും പുതിയ കുടുംബത്തിന് നേടിക്കൊടുക്കുന്നു എന്ന സാമൂഹികമാനവും തിരുസ്സഭയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന വിവാഹമെന്ന കൂദാശക്കുണ്ട്.

സമാപനം

രജിസ്റ്ററാഫീസില്‍ ഇഷ്ടക്കാരന്‍റെ ഗാംഗിനൊപ്പം ഒപ്പിട്ട് സ്വന്തമാക്കുന്ന ജീവിതത്തിന് പകരം കൊടുക്കേണ്ടി വരുന്നത് എത്രപേരുടെ കണ്ണീരാണെന്നതും തകരുന്നത് കുടുംബത്തിന്‍റെ വിശ്വാസ്യതയും സമുദായത്തിന്‍റെ കെട്ടുറപ്പുമാണെന്നും ഓര്‍ക്കുന്നത് നന്ന്. രജിസ്ട്രാര്‍ക്ക് തരാന്‍ കഴിയാത്ത അനുഗ്രഹത്തിന്‍റെയും ആദരവിന്‍റെയും അമൂല്യനിധികള്‍ വിട്ടെറിഞ്ഞുപോകുന്പോള്‍ വരാനിരിക്കുന്ന ദുരിതരാത്രികളെക്കൂടി മനസ്സില്‍ കുറിക്കുന്നത് വിവേകം. കുടുംബത്തിന്‍റെ സുസ്ഥിതിക്കും പിറന്നുവീണ സമുദായത്തിന്‍റെ കെട്ടുറപ്പിനും തിരുസ്സഭ നല്കുന്ന അനുഗ്രഹത്തിന്‍റെ സൗഭാഗ്യങ്ങള്‍ക്കും പകരം വെക്കാനാവില്ല ഇന്നലെക്കണ്ടവന്‍റെ ചിരിയെന്ന് കണക്കുകൂട്ടുന്നത് ഔചിത്യം. പ്രണയമെന്ന വികാരത്തെ വിവേകവും മിതത്വവും കൊണ്ട് ഭരിക്കുക. പ്രണയത്തിന്‍റെ അഗ്നി ജീവിതത്തിന്‍റെ വെളിച്ചമാകട്ടെ, അത് ശരീരത്തിന്‍റെ ശോഭ നശിപ്പിക്കുന്നതും ഭാവിയെ ഇരുളിലാക്കുന്നതും ആകാതിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.