സമ്പത്തല്ല, സ്‌നേഹമാണ് നല്ല ജീവിതം പ്രദാനം ചെയ്യുന്നതെന്ന് മാര്‍പാപ്പ

സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്. മറിച്ച്, ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവിനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. തായ്‌ലണ്ടും ജപ്പാനും സന്ദര്‍ശിച്ച് വത്തിക്കാനില്‍ മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജീവനെ സംരക്ഷിക്കണമെങ്കില്‍ ആദ്യം നാം ജീവനെ സ്‌നേഹിക്കണം. ജീവിക്കാനുള്ള താല്പര്യം നഷ്ടമാകുന്നു എന്നതാണ് ഇന്ന് മിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഭീഷണി” – പാപ്പാ പറഞ്ഞു. “ജീവിക്കാന്‍ സാമ്പത്തിക സ്രോതസ്സുകളും സാങ്കേതികശക്തികളും മാത്രം പോര. യേശുക്രിസ്തു നമുക്കായി നല്‍കിയ സ്വര്‍ഗീയപിതാവിന്റെ സ്‌നേഹം വേണം” പാപ്പാ വ്യക്തമാക്കി.

ജപ്പാന്‍-തായ് സന്ദര്‍ശനം സാധ്യമാക്കിയ ദൈവത്തിന് മാര്‍പാപ്പാ നന്ദി പറഞ്ഞു. ഈ സന്ദര്‍ശനം ആ ജനവിഭാഗങ്ങളോടുള്ള തന്റെ അടുപ്പം ആഴപ്പെടുത്തി എന്നും പരിശുദ്ധ പിതാവ് പറഞ്ഞു.