രണ്ടാം വിയാനിയായ അച്ചന്‍പുണ്യാളന്‍

”അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും” (മത്താ 13:43).

ദൈവദാസന്‍ ജോര്‍ജ് വാകയില്‍
(12.11.1883 – 04.11.1931)

സത്യവും നീതിയും ഭൂമിയില്‍ വിതച്ച് സ്വര്‍ഗ്ഗരാജ്യത്തിന്റെ പ്രഭ തെളിയിച്ച ജോര്‍ജ് വാകയിലച്ചന്‍ മരണാനന്തരം പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ ഇപ്പോള്‍ പ്രശോഭിക്കുകയാണ്. നാട്യങ്ങളൊന്നുമില്ലാതെ മനുഷ്യര്‍ക്കിടയിലേക്കിറങ്ങിവന്ന് ഇടയജീവിതം അപരനന്മയ്ക്കായി പരിണമിപ്പിച്ച ജോര്‍ജ് വാകയിലച്ചനും നവംബറിന്റെ നഷ്ടവും തേങ്ങലുമാണ്. ഒന്നും തിരികെ പ്രതീക്ഷിക്കാതെ, രക്ഷിക്കാന്‍ വേണ്ടി മാത്രം സ്‌നേഹിച്ചൊരു വൈദിക ശ്രേഷ്ഠനായിരുന്നു. ‘അച്ചന്‍ പുണ്യാളനെ’ ന്ന് കീര്‍ത്തിതമായിട്ടുള്ള ജോര്‍ജ് വാകയിലച്ചന്‍.

കാലത്തിന്റെ ചുറ്റുവട്ടങ്ങള്‍ക്കപ്പുറം കാഴ്ചയെത്തിയിരുന്ന ഒരു പുരോഹിതന്‍. ഒരേ സമയം മിഷണറിയും ഇടവക വികാരിയുമായി കര്‍മനിരതനായിരുന്ന വൈദികന്‍. മഹത്തായ കിരീടങ്ങളോ അംഗീകാര പത്രങ്ങളോ ജോര്‍ജച്ചന് ഭൂഷണമായിട്ടുണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ ജോര്‍ജച്ചനെ അതിരറ്റു സ്‌നേഹിച്ചു. തിരിച്ച് അച്ചനും ജനങ്ങളെ അത്യധികമായി മക്കളെപ്പോലെ സ്‌നേഹിച്ചംഗീകരിച്ചു. ആടുകള്‍ക്കുവേണ്ടി ജീവിച്ച ഇടയനെന്ന വിശേഷണം ഒട്ടും ആലങ്കാരികമല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വാകയിലച്ചന്റെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ സാധിക്കും.

കോട്ടയം വിജയപുരം രൂപതയിലെ കുറിച്ചിയിലെയും തോട്ടകത്തെയും നിര്‍ധനരും പട്ടിണി പാവങ്ങളുമായ ദരിദ്രജനതയുടെ ചേരിപ്രദേശത്തവതരിച്ച ദൈവപുത്രനു സമാനമായിരുന്നു ജോര്‍ജ് വാകയിലച്ചന്‍. നാടും നഗരവും വിട്ട് പ്രേഷിത പ്രവര്‍ത്തനത്തിനു പോയ വ്യക്തിയല്ല ഇദ്ദേഹം. സ്വന്തം തട്ടകത്തില്‍ തന്നെയുള്ള മിഷന്‍ മേഖലകളെ കണ്ടെത്തി ജീവിതം ദൈവമക്കള്‍ക്കുവേണ്ടി സമര്‍പ്പിച്ച ത്യാഗവര്യനായിരുന്നു. വിളിക്കുന്നവന്‍ ദൈവമാണെങ്കിലും വിളിക്കപ്പെടാനായി കണ്ണിയായിത്തീരേണ്ടത് ഇടവക വികാരിയാണെന്ന യാഥാര്‍ത്ഥ്യം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ശ്രേഷ്ഠ പുരോഹിതനായിരുന്നു ഫാ. വാകയില്‍. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുന്നില്‍ തുറന്നുവയ്ക്കപ്പെട്ടിരുന്ന ഒരു സുവിശേഷഗ്രന്ഥമായിരുന്നിദ്ദേഹം. വിശുദ്ധാക്ഷരങ്ങള്‍ മാത്രമേ ആ ജീവിതഗ്രന്ഥത്തില്‍ കാണാനുണ്ടായിരുന്നുള്ളൂ. പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നതേ അച്ചന്‍ പറഞ്ഞിരുന്നുള്ളൂ. പറഞ്ഞിരുന്നതെന്തും പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു.

കേരള സഭാചരിത്രത്തില്‍ പുണ്യ വ്യക്തിത്വങ്ങളുടെ ജന്മംകൊണ്ടും കര്‍മംകൊണ്ടും ചരിത്രത്തിന്റെ ശേഷിപ്പുകളുടെ പിറവികൊണ്ടും ക്രൈസ്തവ കേരളത്തിന്റെ ആധ്യാത്മികാരാമമായിത്തീര്‍ന്ന പ്രദേശമാണ് കൂനമ്മാവ്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, ഫാ. ലെയോപ്പോള്‍ഡ് ബെക്കാറോ, ഡോ. ബര്‍ണഡീന്‍ ബച്ചിനെല്ലി തുടങ്ങിയ വിശിഷ്ടരുടെ കര്‍മമണ്ഡലമായിരുന്നു കൂനമ്മാവ്. ദൈവദാസി മദര്‍ ഏലീശ്വ വാകയില്‍ കേരളത്തിലെ പ്രഥമ കര്‍മലീത്താ സന്യാസിനി സഭയ്ക്ക് തുടക്കം കുറിച്ച പുണ്യഭൂമിയും ഇവിടമാണ്. ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍ (ഐഎസ്പ്രസ്) എന്ന പ്രഥമ അച്ചുകൂടം, ‘സത്യനാദ കാഹളം’ എന്ന വര്‍ത്തമാനപ്പത്രം, ആധ്യാത്മിക നവോത്ഥാനത്തിനായി 40 മണിക്കൂര്‍ ആരാധന ആരംഭിച്ചിടം തുടങ്ങിയ കേരളചരിത്രത്തിലെ മുതല്‍ക്കൂട്ടായ പല സദ്കര്‍മ്മങ്ങള്‍ക്കും തുടക്കം കുറിച്ച അനുഗൃഹീതമായ കൂനമ്മാവിലെ വാകയില്‍ കുടുംബത്തില്‍ നിന്നുമാണ് ദൈവദാസനായിത്തീര്‍ന്ന അച്ചന്‍ പുണ്യാളന്റെ ജനനവും. വാകയില്‍ പൈലി- ഫ്രാന്‍സിസ്‌ക്ക ദമ്പതികളുടെ രണ്ടാമത്തെ മകനായി 1883 സെപ്തംബര്‍ 12-നായിരുന്നു ജോര്‍ജുകുട്ടിയുടെ ജനനം.

ജോര്‍ജുകുട്ടിക്ക് ഏഴുവയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട് അപ്പനും അമ്മയും പിതാവ് പൈലി തന്നെയായിരുന്നു. ഹൈസ്‌ക്കൂള്‍ പഠനകാലത്താണ് ജോര്‍ജില്‍ വൈദിക മോഹമങ്കുരിച്ചത്. പക്ഷേ, അപ്പോള്‍ അപ്പന്‍ സമ്മതം നല്‍കിയില്ല. പിന്നീട് പിതൃസഹോദരന്‍ ജോണ്‍ ഡിക്രൂസച്ചന്റെ ഇടപെടല്‍മൂലം അപ്പന്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ എറണാകുളം സെന്റ് ജോസഫ്‌സ് പെറ്റി സെമിനാരിയിലും പുത്തന്‍പള്ളി അപ്പസ്‌തോലിക് സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. 1912 ഡിസംബര്‍ 30-ന് പുത്തന്‍പള്ളി സെമിനാരി ചാപ്പലില്‍ വച്ച് വരാപ്പുഴ ആര്‍ച്ച്ബിഷപ് ബര്‍ണാഡ് ആര്‍ഗ്വിന്‍ സോണിസില്‍ നിന്നും ഡീക്കന്‍ ജോര്‍ജ് പൗരോഹിത്യം സ്വീകരിച്ചു.

നവവൈദികന്റെ ആദ്യനിയമനം 1913 ഫെബ്രുവരി 14-ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ കൊച്ചച്ചനായിട്ടായിരുന്നു. ഫാ. ഇമ്മാനുവേല്‍ ഡിക്കോസ്റ്റയുടെ കീഴിലാണ് അജപാലന ദൗത്യത്തിന്റെ ഹരിശ്രീ കുറിച്ചത്. പ്രേഷിതാഭിമുഖ്യം പണ്ടേ സിരകളിലോടിയിരുന്ന ഈ കൊച്ചച്ചന്‍ തന്റെ കര്‍മഭൂമി ഇതല്ലായെന്ന് കാലേകൂട്ടി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, അധികാരികള്‍ക്ക് വിധേയനായിരുന്നിദ്ദേഹം. 1914 ജനുവരി 21-ന് ജോര്‍ജച്ചനെ മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് പള്ളിയിലെ കൊച്ചച്ചനായി നിയോഗിച്ചു. അവിടെനിന്നും 1914 ആഗസ്റ്റില്‍ വീണ്ടും ഗോതുരുത്തിലേക്ക് തന്നെ മാറ്റി നിയമിച്ചു. 1916 ജനുവരി വരെ അവിടെ സേവനം ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ വരാപ്പുഴ അതിരൂപതയുടെ തന്നെ മിഷന്‍ സ്റ്റേഷനായ വിജയപുരത്തെ പിന്നാക്കരും ദലിതരുമായ ദരിദ്രവിഭാഗത്തിന്റെ ഇടയില്‍ സേവമനുഷ്ഠിക്കാന്‍ നിയോഗിക്കുന്നത്. ആര്‍ച്ച്ബിഷപ് ബര്‍ണാഡ് ആര്‍ഗ്വിന്‍ സോണിന്റെ അനുവാദത്തോടെ കോട്ടയം തിരുവഞ്ചൂരിലേക്ക് ഇടയദൗത്യത്തിനായി തിരിച്ചു. അവിടെ നിന്ന് 1916 ഒക്‌ടോബറിലാണ് മലയോരപ്രദേശമായ കുറിച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയുടെയും നാട്ടകം സെന്റ് തെരേസാസ് ചാപ്പലിന്റെയും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തത്. 1919 മെയ് മാസം ആര്‍ച്ച്ബിഷപ് എയ്ഞ്ചല്‍ മേരി കുറിച്ചി സ്വതന്ത്ര ഇടവകയാക്കി പ്രഖ്യാപിച്ചപ്പോള്‍ അവിടുത്തെ പ്രഥമ വികാരിയായി നിയോഗിച്ചത് ജോര്‍ജച്ചനെയായിരുന്നു.

കുര്‍ബാനയര്‍പ്പിച്ച് കൂദാശകളും നല്‍കി പള്ളിമേടയില്‍ സുഖമായി വിശ്രമിക്കാനല്ല ഈ കൊച്ചച്ചന്‍ ശ്രമിച്ചിരുന്നത്. പള്ളിമേടയ്ക്കുചുറ്റും വിസ്തൃതമായി കിടന്നിരുന്ന പറമ്പ് വിശ്രമവേളകളില്‍ കിളച്ച് കാച്ചിലും ചേനയും ചേമ്പുമൊക്കെ കൃഷിചെയ്ത് ഇടയന്‍ ഇടവകയുടെ കൃഷിക്കാരനും കൂടെയായി. ഇത് ജനങ്ങള്‍ക്ക് വലിയൊരു മാതൃകയായിരുന്നു. ആടുകളുടെ ചൂര് നെഞ്ചിലേറ്റിയ ഇടയനായി അന്നേ ഈ വൈദികന്‍ മാറിയിരുന്നു. കാലഭേദങ്ങളെ നോക്കാതെയും ശ്രദ്ധിക്കാതെയും കഠിനപ്രയത്‌നശാലിയായിത്തീര്‍ന്ന അച്ചന്‍ കുറിച്ചിയില്‍ ഒരു രോഗിക്ക് രോഗീലേപനം നല്‍കാന്‍ സൈക്കിളില്‍ പോയി തിരിച്ചുവരവേ കുന്നിന്‍ചരുവില്‍ വച്ച് സൈക്കിളില്‍ നിന്നും തെറിച്ചു നിലംപതിച്ചു. ചെമ്മണ്‍വഴികളിലെ വഴുക്കലുകള്‍ അച്ചന്‍ ഗൗനിച്ചിരുന്നില്ല. നെഞ്ചിന്‍കൂടും വാരിയെല്ലുകളും തകര്‍ന്ന് ബോധരഹിതനായിക്കിടന്ന അദ്ദേഹത്തെ ഏറെ വൈകിയാണ് വഴിയാത്രക്കാര്‍ കണ്ടെത്തിയത്. ഈ വീഴ്ച ഒരു അന്ത്യകൂദാശയുടെ ബാക്കിപത്രമായിരുന്നെങ്കില്‍ അച്ചനുലഭിച്ച ‘ശിക്ഷ’ പ്രേഷിതാഭിമുഖ്യം വെടിഞ്ഞ് തിരിച്ചുപോരാനുള്ള ഉത്തരവായിരുന്നു. 1922 ഒക്‌ടോബറില്‍ എയ്ഞ്ചല്‍ മേരി പിതാവ് സ്ഥലംമാറ്റത്തിനുള്ള കല്‍പ്പന നല്‍കി.

അപകടനില തരണം ചെയ്ത വാകയിലച്ചന്റെ അടുത്ത തട്ടകം വരാപ്പുഴ അതിരൂപതയിലെ മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ ഇടവകയായിരുന്നു. ഇവിടേക്ക് കടന്നുവരുന്നത് 1922-ലെ ഒരു നവംബര്‍ മാസമായിരുന്നു. ഒരു വീഴ്ചമൂലം ഒരു നല്ലിടയനെ വിജയപുരത്തിന് നഷ്ടപ്പെട്ടെങ്കില്‍ ആ വീഴ്ചയും ഇടയനും വരാപ്പുഴയുടെ വലിയ നേട്ടമായി പരിണമിച്ചു. അക്കാലത്ത് ചതുപ്പ് പ്രകൃതമുള്ള ഒരിടമായിരുന്നു മരട് മൂത്തേടം. അതിനാല്‍ തന്നെ പള്ളിയുടെ തറപോലും ഈര്‍പ്പമുള്ളതായിരുന്നു. പള്ളിയാണെങ്കില്‍ ജീര്‍ണാവസ്ഥയിലും. അതിനാല്‍ മൊത്തത്തില്‍ അസംതൃപ്തമായ ഒരന്തരീക്ഷ മായിരുന്നു പള്ളിക്കകത്തുണ്ടായിരുന്നത്. അതുകൊണ്ട് അച്ചന്റെ ആദ്യശ്രദ്ധ പള്ളി പുനരുദ്ധാരണത്തി ലായിരുന്നു. പള്ളിയിലെത്തുന്ന വിശ്വാസിസമൂഹത്തിന് സംതൃപ്തിയോടെ ആരാധനയില്‍ പങ്കെടു ക്കാന്‍ സാധിക്കണം. അതിനായി തറയും മേല്‍ക്കൂരയും വശങ്ങളുമൊക്കെ അച്ചന്‍ വൃത്തിയാക്കി പുനരുദ്ധരിച്ചു.

യുവാക്കളെ ഒരുമിച്ചു നിര്‍ത്തുക എന്നതായിരുന്നു അച്ചന്റെ അടുത്ത പരിഗണന. അതിനായി പള്ളിമേടയോടനുബന്ധിച്ച് ഒരു മുറി ലൈബ്രറിയും വായനശാലയുമാക്കി രൂപപ്പെടുത്തി. സത്യനാദം പത്രാധിപരായിരുന്ന കെ. പി. പീറ്ററിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ‘പീറ്റര്‍ മെമ്മോറിയല്‍ ലൈബ്രറി’ എന്ന പേരും അദ്ദേഹം നല്‍കി. ലഭിക്കാവുന്ന പത്രമാസികകളും മറ്റു പ്രസിദ്ധീകരണങ്ങളുമൊക്കെ അച്ചന്‍ അവിടെ ഏര്‍പ്പാടാക്കി. ഇതോടെ വായനാനുഭവമുള്ള ഒരു തലമുറയ്ക്ക് രൂപം നല്‍കാന്‍ അച്ചന് കഴിഞ്ഞു. യുവജനങ്ങള്‍ സഭയുടെ ചൈതന്യമാണെന്ന അച്ചന്റെ കണ്ടെത്തല്‍ അവരെ ചേര്‍ത്തുനിര്‍ത്തു ന്നതിലൂടെ നേടിയെടുത്തു. ഇതോടൊപ്പം ഇതരമതസ്ഥരുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും സാധിച്ചു.

സാധുജന സംരക്ഷണം അച്ചന് പ്രാണവായുപോലെയായിരുന്നു. ജനങ്ങളെ അടുത്തറിയാനും അവരുടെ ഇല്ലായ്മയും വല്ലായ്മയും ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സന്തോഷങ്ങളുമൊക്കെ നേരിട്ട് കണ്ടറിയുന്നതിനായി ഇടവകയില്‍ ഭവനസന്ദര്‍ശനം പതിവാക്കി. ഇതോടെ ആളുകളെ അടുത്തറിയാവുന്ന ഇടയനായി അച്ചന്‍ മാറി. ഒപ്പം ഇടയനെ ആടുകളും തിരിച്ചറിഞ്ഞുതുടങ്ങി. കാരണം, അവരുടെ ക്ലേശങ്ങളെ ഇരുചെവിയറിയാതെ അച്ചന്‍ പരിഹരിക്കാനുള്ള സൗകര്യങ്ങളൊരുക്കി. പരസ്യമായ സഹായങ്ങളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ആവശ്യക്കാരന് ദൈവംമാത്രം സാക്ഷിയായി സ്വീകര്‍ത്താവും ദാതാവും മാത്രം അറിഞ്ഞുള്ള സഹായ സംവിധാനം നടപ്പിലാക്കി. ഇല്ലായ്മയില്‍പോലും ആരുടെയും അന്തസിനെ ഹനിക്കാന്‍ അച്ചന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മരണം, വിവാഹം തുടങ്ങിയ അടിയന്തിരാവശ്യങ്ങളുടെ നിര്‍വ്വഹണത്തി നായി ഇടവക മക്കള്‍ ബുദ്ധിമുട്ടുന്ന പല സന്ദര്‍ഭങ്ങളും ജോര്‍ജച്ചന്റെ ദൃഷ്ടിയില്‍പ്പെട്ടിരുന്നതിനാല്‍ ഇതിനൊരു ശാശ്വത പരിഹാരമെന്നോണം മൂത്തേടം പാരിഷ് വ്യവസായ സഹകരണസംഘം എന്നൊരു പ്രസ്ഥാനം അച്ചന്‍ ഇടവകയില്‍ രജിസ്റ്റര്‍ ചെയ്തു. കാലത്തിനപ്പുറം കടന്നുചിന്തിക്കുന്ന വൈദികനാണെന്ന യാഥാര്‍ത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ നടപടി. ഇതോടൊപ്പം മൂത്തേടം സ്‌കൗട്ട്, മലബാര്‍ കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് തുടങ്ങിയ സംരഭങ്ങള്‍ക്കും അച്ചന്‍ തുടക്കം കുറിച്ചു. ഇടവക മക്കളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് ഇതെല്ലാം വലിയ പ്രേരക ഘടകങ്ങളായിരുന്നു.

അജഗണങ്ങളുടെ ഭൗതിക വളര്‍ച്ചയില്‍ ശ്രദ്ധാലുവായിരുന്നതുപോലെ ആധ്യാത്മിക വളര്‍ച്ചയിലും വാകയിലച്ചന്‍ അതീവ ശ്രദ്ധാലുവായിരുന്നു. ഇടവക ജീവിതത്തില്‍ ഊര്‍ജം പ്രദാനം ചെയ്യാനുതകുന്ന ഭക്തസംഘടനകള്‍ക്ക് രൂപം നല്‍കി ജനങ്ങളെ അതിലേക്ക് ആകര്‍ഷിച്ച് പുത്തന്‍ചൈതന്യവും കൂട്ടായ്മയും വളര്‍ത്തിയെടുക്കാന്‍ അച്ചന്‍ ജാഗരൂകനായിരുന്നു. ഇത് ജനങ്ങളുടെ സുകൃതജീവിതത്തിനും ദൈവവിളികളുടെ പരിപോഷണത്തിനും പ്രേരകഘടകമായിത്തീര്‍ന്നു. അച്ചന്റെ കാലഘട്ടത്തില്‍ ധാരാളം നല്ല ദൈവവിളികള്‍ മൂത്തേടത്തു നിന്നുണ്ടായി. ആധ്യാത്മിക ശുശ്രൂഷകളില്‍ മറ്റൊരു ജോണ്‍ മരിയ വിയാനിയായി മാറാന്‍ ജോര്‍ജച്ചനു കഴിഞ്ഞു. പാപസങ്കീര്‍ത്തനത്തിനായി മണിക്കൂറുകളോളം ചിലവഴിക്കാന്‍ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. തന്റെ ശാരീരിക അസ്വസ്തകളെപോലും വകവയ്ക്കാതെ അനുരജ്ഞന ശുശ്രൂഷകളില്‍ അച്ചന്‍ മുഴുകുമായിരുന്നു.

വിജയപുരത്തെ പ്രേഷിതയാത്ര അച്ചനുനല്‍കിയ വലിയ വീഴ്ചകളുടെ ആഘാതം പൂര്‍ണമായും അച്ചനെ വിട്ടൊഴിയാതിരുന്നതിനാല്‍ പ്രായത്തിനൊപ്പം ശാരീരിക ക്ലേശങ്ങളും വളര്‍ന്നുകൊണ്ടിരുന്നു. അന്നത്തെ വീഴ്ചയുടെ ആഘാതം അച്ചനെ വിടാതെ പിന്‍തുടര്‍ന്നതിന്റെ പരിണിത ഫലമായിരുന്നു 48-ാം വയസ്സില്‍ തന്നെ ആ ദീപം അണയാനിടയാക്കിയത്.

തനിക്കനുഭവപ്പെട്ടുകൊണ്ടിരുന്ന ശ്വാസതടസ്സവും കാലിലെ തുടഭാഗത്തുണ്ടായ വലിയ വൃണത്തെയും ഗൗനിക്കാതെ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വത്തില്‍ മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ചു മുന്നേറിയപ്പോള്‍ വൈദ്യശാസ്ത്രത്തിനു നോക്കുകുത്തിയാകാനേ സാധിച്ചുള്ളൂ. പ്രാര്‍ത്ഥനാശക്തിയാല്‍ അച്ചന്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കി. ഒടുവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോര്‍ജ് വാകയിലച്ചന്‍ 1931 നവംബര്‍ നാലില്‍ രാവിലെ ഒന്‍പതിന് ഇഹലോകവാസം വെടിഞ്ഞു. അന്നേദിനം വൈകിട്ട് അഞ്ചിന് മൂത്തേടം സെമിത്തേരി കപ്പേളയില്‍ ഈ പുണ്യവൈദികനെ വന്‍ജനാവലിയുടെ അകമ്പടിയോടെ സംസ്‌ക്കരിച്ചു. ജോര്‍ജ് വാകയിലച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരി പള്ളി ഇന്ന് അനേകര്‍ക്ക് രോഗശാന്തിയും അത്ഭുതങ്ങളും പ്രദാനം ചെയ്യുന്ന അഭയകേന്ദ്രമാണ്. ‘അച്ചന്‍ പുണ്യാള’ന്റെ കബറിടം സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവരുടെ സംഖ്യ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കു കയാണ്. ഒരു നേരവും ഇവിടെ ആളൊഴിയുന്നില്ല. സദാസമയവും മെഴുകുതിരികള്‍ അണയാതെ കത്തിക്കൊണ്ടുമിരിക്കുന്നു. ഇവിടെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളൊന്നും ഉപേക്ഷകളായി മാറുന്നില്ല. പതിനായിരങ്ങള്‍ക്ക് അച്ചന്‍ പുണ്യാളന്‍ ഇപ്പോഴും പുണ്യങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുക യാണ്. അനുഗ്രഹങ്ങളുടെ നിറവേല്‍ക്കുന്നതില്‍ ക്രൈസ്തവര്‍ മാത്രമല്ല. അക്രൈസ്തവ സഹോദര ങ്ങളും ഉണ്ട്. ഈ പുണ്യപെയ്ത്തിന്റെ നിറവനുഭവിച്ച് അനുഗ്രഹ സാക്ഷ്യങ്ങള്‍ വര്‍ധമാനമായി ക്കൊണ്ടിരിക്കുന്നതിന്റെ ഫലമായാണ് ജോര്‍ജ് വാകയിലച്ചന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമാ യത്. 2013 സെപ്തംബര്‍ ഒന്നിന് അച്ചന്‍ പുണ്യാളനെ വിശുദ്ധിയുടെ ആദ്യ ചുവടിലേക്കുള്ള ദൈവദാസന്‍ പദവിയിലേക്കുയര്‍ത്തി.

വിശുദ്ധരായി ജീവിക്കുന്നതും വിശുദ്ധരായി അംഗീകരിക്കപ്പെടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. കത്തോലിക്കാ സഭയില്‍ ഒരാള്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന് ധാരാളം ഘട്ടങ്ങളുണ്ട്. ആ ഘട്ടങ്ങളിലെ ആദ്യ ഘട്ടമായ ദൈവദാസ പദവിയിലേക്കാണ് ജോര്‍ജ് വാകയിലച്ചന്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ശബ്ദംകൊണ്ടും ശബ്ദമില്ലായ്മകൊണ്ടും ലോകത്തെ നന്നാക്കുന്നവരാണ് വിശുദ്ധര്‍. കാരണം, ഇവരുടെ ശബ്ദവും ശബ്ദമില്ലായ്മയും നിഷ്‌കപടമാണ്. നല്ല ഓട്ടം ഓടി പരാതി കൂടാതെ ഫിനീഷിംഗ്‌പോയിന്റായ ദൈവസന്നിധിയിലെത്തുന്നവരാണിവര്‍. ഇവര്‍ക്ക് പരാതികളും പരിഭവങ്ങളും നിരാശകളുമൊന്നുമില്ല.

ഒരു നാടിന്റെയോ ഒരിടവകയുടെയോ മാത്രം ചൈതന്യമായി അവശേഷിക്കാനുള്ളതല്ല ജോര്‍ജ് വാകയിലച്ചന്‍ എന്ന തിരിച്ചറിവാണ് ആഗോളസഭയുടെ വണക്കത്തിലേക്കുള്ള വിശുദ്ധീകരണ നടപടിക്രമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജോര്‍ജ് വാകയിലച്ചന്റെ വിയോഗം നടന്നിട്ട് 86 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മൂത്തേടത്തിന്റെ അച്ചന്‍ പുണ്യാളനായി തലമുറകള്‍ സ്വീകരിക്കു ന്നത് ആ ജീവിതത്തിന്റെ വിശുദ്ധി ഒന്നുമാത്രമാണ്. ആ ജീവിതം കണ്ടറിഞ്ഞവര്‍ എന്ന് വിരളമെങ്കിലും കേട്ടറിഞ്ഞവരാണ് ഭൂരിഭാഗം പേരും. അവരിലൂടെയാണ് നാളേക്കായി ഈ പുണ്യത്മാവിന്റെ ജീവിതവി ശുദ്ധി പരന്നൊഴുകിക്കൊണ്ടിരിക്കുന്നത്. വാകയിലച്ചന്‍ നവംബറിന്റെ തേങ്ങലെന്നതിലുപരി ഇന്ന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.