അണയാത്ത വിശ്വാസദീപമായ വിശുദ്ധ അല്‍ഫോന്‍സാമ്മ

വിശ്വാസം കൂടാതെ ആര്‍ക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാദ്ധ്യമല്ല. രക്തസാക്ഷികള്‍ ചുടുനിണം ചിന്തിയാണ് വിശ്വാസം സംരക്ഷിച്ചത്. ദൈവം ഉണ്ടെന്നും അവിടുത്തെ പുത്രനായ മിശിഹായിലൂടെ അവിടുന്നു വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണെന്നുമുള്ള ഉറപ്പാണ് വിശ്വാസം. അദൃശ്യനായ ദൈവം വിശ്വാസം വഴി നമുക്ക് ദൃശ്യനാകുന്നു. വിശ്വാസത്തിന്റെ പൊന്‍വെളിച്ചത്തില്‍ നാം അവിടുത്തെ കണ്ടുമുട്ടുന്നു. അനുഭവിക്കുന്നു. നിത്യമായ സ്‌നേഹത്താല്‍ അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് അനുഭവവേദ്യമാകുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലൂടെ നാം കടന്നുപോകുമ്പോള്‍ ധീരമായ സഹനത്തിനും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിനും പിന്നിലുണ്ടായിരുന്നത് അമ്മയുടെ വിശ്വാസജീവിതമാണെന്നു കാണാം. ഒരു പിഞ്ചുകുഞ്ഞ് അമ്മയെ വിശ്വസിക്കുന്നതുപോലെ നിഷ്‌കളങ്കയായ ഈ കന്യക ശൈശവം മുലേ ദൈവത്തില്‍ ആശ്രയിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്തു. ഈശോയെ തന്റെ ഹൃദയമണവാളനായി സ്വയം വരിക്കാന്‍ അമ്മയ്ക്ക് പ്രചോദനം നല്‍കിയത് അഗാധമായ വിശ്വാസമാണ്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശ്വാസജീവിതം ഇതള്‍ വിരിയുന്നത് പ്രാര്‍ത്ഥനയിലും സഹനത്തിലും സ്‌നേഹത്തിലുമാണ്. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ വിശ്വാസം വളര്‍ന്നു പുഷ്പിച്ച് ഫലം ചൂടി. അപേക്ഷയായി, ആശ്രയമായി, നിര്‍ബന്ധബുദ്ധിയായി, സ്വാതന്ത്ര്യത്തിന്റെ ശാഠ്യമായി സമര്‍പ്പണത്തോളമെത്തി. സമര്‍പ്പണസ്‌നേഹത്തിന്റെ പുഷ്പിക്കലാണ് ദൈവസ്‌നേഹത്തിനു ബലിദാനസമര്‍പ്പണം. അവിടുന്ന് അല്‍ഫോന്‍സാമ്മയുടെ നേരെ കണ്ണടച്ചില്ല. പിന്നെയോ വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനായി ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കുന്നവനായി കാണപ്പെട്ടു. അല്‍ഫോന്‍സാമ്മ വിശ്വാസത്തില്‍ വളര്‍ന്ന് കര്‍ത്താവുമായുള്ള ഐക്യത്തില്‍ വന്നപ്പോള്‍ തന്റെ പീഡാനുഭവത്തിന്റെ ഓഹരിയായ സഹനപരമ്പരയും പാരവശ്യവും തന്റെ സാമീപ്യ സാന്ത്വനങ്ങളും നല്‍കി തൃപ്തയാക്കി. ഇല്ല, തീര്‍ന്നില്ല കര്‍ത്താവിന്റെ സ്‌നേഹക്കൊതി. അത് അല്‍ഫോന്‍സാമ്മയെ സാരൂപ്യത്തിലേക്ക് നയിച്ചു. ആത്മാവിന്റെ അന്ധകാരം. കര്‍ത്താവ് എങ്ങോ പോയി ഒളിച്ചു. വിശ്വാസത്തിന്റെ വെട്ടത്തില്‍ അമ്മ കര്‍ത്താവിനെ അന്വേഷിക്കുന്നു. നിദ്രാവിഹീനമായ നീണ്ട രാത്രികള്‍. അപ്പോഴും തന്റെ ആത്മനാഥനെ സ്‌നേഹിച്ചുകൊണ്ട് വിശ്വാസത്തിന്റെ അണയാത്ത ദീപമായി വിളങ്ങി.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.