ഏത് ഹേറോദേസ് രാജാവാണ് ഉണ്ണിയേശുവിനെ വധിക്കാന്‍ ശ്രമിച്ചത്

യേശുവിന്റെ ജനനത്തോടനുബന്ധിച്ച് അനേകം നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ കൊന്നൊടുക്കി എന്ന ദുഷ്‌പേരുള്ള രാജാവാണ് ഹേറോദേസ്. എന്നാല്‍, ഹേറോദേസിന്റെ പേര് സുവിശേഷത്തില്‍ പിന്നീടും, യേശുവിന്റെ മരണത്തിനുശേഷം അപ്പസ്‌തോലിക ലേഖനങ്ങളിലും നാം കാണുന്നുണ്ട്. ഈ പറയുന്ന ഹേറോദേസുമാര്‍ എല്ലാവരും ഒന്നല്ല എന്നതാണ് യാഥാര്‍ത്ഥ്യം. യൂദയായിലെ ആറോളം ഭരണാധികാരികള്‍ ഹേറോദേസ് എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.

യേശുവിന്റെ ശൈശവകാലത്ത് നാം കാണുന്ന ഹേറോദേസ് (മഹാനായ ഹേറോദേസ് എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു) എ.ഡി. 37 മുതല്‍ യൂദയാ ഭരിച്ചിരുന്ന രാജാവാണ്. ഈ ഹേറോദേസിന്റെ ഭരണകാലവുമായി ചേര്‍ത്താണ് പല ചരിത്രകാരന്മാരും യേശുവിന്റെ ജനനം ബിസി 6-നും 4-നും മധ്യേ ആണ് നടന്നതെന്ന് അനുമാനിക്കുന്നത്.

ഈ ഹേറോദേസാണ് നിഷ്‌കളങ്ക ശിശുക്കളെ വധിക്കാന്‍ ഉത്തരവിട്ടത്. അക്കാലത്ത് ഉണ്ണിയേശുവിനെയും മറിയത്തെയും കൂട്ടി യൗസേപ്പ് ഈജിപ്തിലേയ്ക്ക് പലായനം ചെയ്തു. മഹാനായ ഹേറോദേസ് മരിച്ചുകഴിഞ്ഞപ്പോള്‍ പിന്നെ രാജാവാകുന്നത് ഹേറോദേസ് അര്‍ക്കലാവൂസാണ്. ഈ രാജാവിന്റെ കാലത്താണ് ജോസഫിനോട് ഇസ്രായേലിലേയ്ക്കു മടങ്ങാന്‍ ദൈവം ആവശ്യപ്പെട്ടത്. ഇതിനുശേഷവും പല ഹേറോദേസുമാരുടെയും പേരുകള്‍ സുവിശേഷത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.