

“ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദം ഉണ്ടായി. ഒരു ‘കിരുകിരാ’ ശബ്ദം. വേർപെട്ടു പോയ അസ്ഥികൾ തമ്മിൽ ചേർന്നു” (എസെ. 37:7).
തകർന്നടിഞ്ഞ മനുഷ്യശരീരത്തിലെ ചിതറിപ്പോയ അസ്ഥികളെ ഒരുമിച്ചു കൂട്ടി, അവയിൽ ഞരമ്പും മാംസവും ചർമ്മവും വച്ചു പിടിപ്പിച്ച്, ജീവശ്വാസം ആ ശരീരങ്ങളിൽ പ്രവേശിപ്പിച്ച്, അവ ഒരു സൈന്യം പോലെ ബലവത്തായ മനുഷ്യരായി രൂപാന്തരപ്പെട്ടതിന്റെ ആദ്യ പ്രതികരണമായിരുന്നു ആ ‘കിരുകിരാ’ ശബ്ദം. രൂപവും ക്രമവും ഇല്ലാതിരുന്ന അസ്ഥികൾ രൂപമുള്ള, ശക്തന്മാരായ സേനാംഗങ്ങളെപ്പോലെ ജീവനും ശക്തിയും സ്വീകരിക്കും മുമ്പ് അവയ്ക്ക് കടന്നുപോകേണ്ടി വന്ന അനിവാര്യമായ പ്രക്രിയയായിരുന്നു ആ ‘കിരുകിരാ’ ശബ്ദം.
ആത്മീയ ജീവിതത്തിൽ നമ്മളും ഇതുപോലൊരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. അതൊരു ഏറ്റുമുട്ടലാണ്. നമ്മിലുള്ള മനുഷ്യാരൂപി ദൈവാരൂപിയെ നേരിടുമ്പോൾ നമ്മുടെ ആത്മാവിൽ നിന്നും ഈ ‘കിരുകിരാ’ ശബ്ദം ഉയരണം. ആ പ്രക്രിയയിൽ നാം സ്വന്തമായി കരുതിയ പലതും ക്രിസ്തുവിനു വേണ്ടി ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്. നമ്മിലെ അശുദ്ധിയുടെ തലങ്ങൾ നമ്മിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ദൈവാത്മാവാൽ നിറയാൻ തുടങ്ങുന്ന നമ്മുടെ ആത്മാവിനോട് മല്ലടിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നു. അന്ന് എസെക്കിയേൽ പ്രവാചകൻ കേട്ട അതേ ‘കിരുകിരാ’ ശബ്ദം ലോകാരൂപിയോടുള്ള ഏറ്റുമുട്ടലിൽ ഇന്ന് നമ്മുടെ ആത്മാവിലും മുഴങ്ങട്ടെ.
അടുത്തു ചേരാം, അശുദ്ധിയിൽ അഴുകിയ അസ്ഥികളിൽ നിന്ന് ആത്മീയതയുടെ അസ്ഥിത്വത്തിലേക്ക്…
ജിൻസി സന്തോഷ്




