പുരോഹിതശാസ്ത്രജ്ഞർ 17: സാക്സണിയിലെ ആൽബർട്ട് (1320–1390) 

ജർമ്മൻ തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു ഹൽബെർസ്റ്റാറ്റ് രൂപതയിലെ ബിഷപ്പായിരുന്ന സാക്സണിയിലെ ആൽബർട്ട്. തർക്കശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ആഴമായ അറിവുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കൃതികൾ യൂറോപ്യൻ സർവ്വകലാശാലകളിൽ പാഠപുസ്തകങ്ങളായി ഉപയോഗിച്ചിരുന്നു. പാരീസ് സർവ്വകലാശാലയുടെ റെക്ടർ എന്ന നിലയിലും വിയന്നാ സർവ്വകലാശാലയുടെ സ്ഥാപക ചാൻസലർ എന്ന നിലയിലും യൂറോപ്പിലെ വൈജ്ഞാനിക മേഖലക്ക് വലിയ സംഭാവനകൾ നൽകിയ പണ്ഡിതനാണ് ആൽബർട്ട്. ആത്മീയമേഖലയിലാണ് അദ്ദേഹം കൂടുതൽ സമയം ചിലവഴിച്ചതെങ്കിലും ശാസ്ത്രമേഖലകളിൽ അഗാധപാണ്ഡിത്യം ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ദൈവശാസ്ത്ര കൃതികളേക്കാൾ പിൽക്കാല തലമുറ പഠനവിധേയമാക്കിയിരിക്കുന്നത് ശാസ്ത്രകൃതികളെയാണ്.

ജർമ്മനിയിലെ ഹെംസ്റ്റട്ടിനടുത്തുള്ള റിക്കൻസ്ഡോർഫ് എന്ന ചെറിയ ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി എ.ഡി. 1320-ലാണ് ആൽബർട്ട് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിലുള്ള ശാസ്ത്ര അഭിരുചികൾ പ്രകടമാക്കപ്പെട്ടിരുന്നു. പഠനത്തിൽ സമർത്ഥനായിരുന്ന ആൽബർട്ട്, ഈ മേഖലയിൽ വലിയ വിജയങ്ങൾ കൈവരിച്ചു. വീടിനടുത്തുള്ള സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം പ്രാഗിലെ സർവ്വകലാശാലയിലും പിന്നീട് പാരീസിലും ഉപരിപഠനം നടത്തി.

പാരീസ് സർവ്വകലാശാലയിലെ പഠനാനന്തരം അവിടുത്തെ പ്രൊഫസർ ആയി ആൽബർട്ട് നിയമിക്കപ്പെട്ടു. പിന്നീട് എ.ഡി. 1353-ൽ പാരീസ് സർവ്വകലാശാലയുടെ റെക്ടർ ആയി അദ്ദേഹം നിയമിതനായി. 1362-ൽ ഉർബൻ മാർപാപ്പയെ ആവിഞ്ഞോണിൽ ഓസ്ട്രിയയിലെ ഡ്യൂക്കിനൊപ്പം സന്ദർശിച്ച്, വിയെന്നായിൽ ഒരു സർവ്വകലാശാല ആരംഭിക്കണമെന്ന് ആൽബർട്ട് അഭ്യർത്ഥിച്ചു. ഈ പരിശ്രമം വിജയിക്കുകയും 1365-ൽ ആരംഭിച്ച വിയന്ന സർവ്വകലാശാലയിലെ ആദ്യത്തെ റെക്ടറായി ആൽബർട്ട് നിയമിതനാവുകയും ചെയ്തു. ഇന്ന് തൊണ്ണൂറായിരത്തോളം വിദ്യാർത്ഥികൾ ഉപരിപഠനം നടത്തുന്ന ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ഇത്. ഹാൽബെർസ്റ്റാറ്റ് രൂപതയുടെ ബിഷപ്പായി നിയമിതനായതോടെ ഈ സ്ഥാനത്തു നിന്നും അദ്ദേഹം രാജി വച്ചു. 1390 ജൂലൈ എട്ടിന് ആൽബർട്ട് ജർമ്മനിയിലെ ഹാൽബെർസ്റ്റാറ്റിൽ വച്ച് നിര്യാതനായി.

പ്രശസ്ത ശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന ജീൻ ബുറിഡിയന്റെ ശിഷ്യനായിരുന്നു ആൽബർട്ട്; എന്നാൽ ചില മേഖലകളിൽ അദ്ദേഹത്തിന്റെ ആശയങ്ങളോട് വിയോജിക്കുകയും ചെയ്തിരുന്നു. “പെറുത്തിലിസ് ലോജിക്ക” എന്ന ഗ്രന്ഥത്തിൽ തർക്കശാസ്ത്രത്തിലെ പല പ്രശസ്ത നിയമങ്ങളെയും അദ്ദേഹം വിശകലനവിധേയമാക്കുന്നു. ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ നിരവധി ശാസ്ത്രവിഷയങ്ങൾ അദ്ദേഹം വിവരിക്കുന്നു. തർക്കശാസ്ത്രത്തിലെ പ്രമേയങ്ങളുടെ ഘടകങ്ങൾ, നിബന്ധനകളുടെ സ്വഭാവങ്ങള്‍, വിവിധ തരത്തിലുള്ള ആശയങ്ങളിലെ സത്യങ്ങൾ, അതിന്റെ അനന്തരഫലങ്ങൾ, അപസിദ്ധാന്തങ്ങൾ, ഇവക്കുള്ള പരിഹാരങ്ങളും നിയമബാധ്യതകളും തുടങ്ങിയവയെല്ലാം “പെറുത്തിലിസ് ലോജിക്ക”യിൽ  ആൽബർട്ട് വിചിന്തനവിധേയമാക്കുന്നു.

ഓക്കമിലെ വില്യത്തിന്റെ കല്‍പനാത്മക (metaphysical) സിദ്ധാന്തങ്ങളെ പിന്തുടർന്ന് നാമമാത്ര തത്വത്തിന്റെ (nominalism) വക്താവായി ആൽബർട്ടും മാറുന്നു. ഈ തത്വമനുസരിച്ച്, അമൂർത്ത വസ്തുക്കൾ (abstract objects) അഥവാ സാര്‍വ്വലൗകികമായ കാര്യങ്ങൾ (universals) നാമങ്ങളായും അടയാളങ്ങളായും മാത്രമേ നിലനിൽക്കുന്നുള്ളൂ. ഉദാഹരണത്തിന്, ‘നീലനിറം’ അല്ലെങ്കിൽ ‘മനുഷ്യവംശം’ എന്ന് നാം പറയുമ്പോൾ അങ്ങനെ ഒരു യാഥാര്‍ത്ഥ്യം നിലനിൽക്കുന്നില്ല. ഒരു ‘നീലത്തുണി’ അല്ലെങ്കിൽ ‘എക്സ് എന്ന് പേരുള്ള ഒരാൾ’ നിലനിൽക്കുന്നു – നീലയോ, മനുഷ്യനോ ചിന്തിക്കുന്ന ആളിന്റെ മനസിൽ മാത്രമേയുള്ളൂ; വാസ്‌തവികമല്ല.

ആൽബർട്ടിന്റെ കൃതികളിൽ ഏറ്റം കൂടുതൽ വായിക്കപ്പെട്ടിരിക്കുന്നതും പഠനവിധേയമാക്കപ്പെട്ടിരിക്കുന്നതും അരിസ്റ്റോട്ടിലിന്റെ ഊര്‍ജ്ജതന്ത്രത്തെക്കുറിച്ച് എഴുതിയ വ്യാഖ്യാനകൃതിയാണ്. ഇത് പ്രാചീന ഗ്രീസിലെ അമൂല്യവിജ്ഞാനങ്ങളെ യൂറോപ്യൻ ചിന്താധാരയിലേക്ക് കൊണ്ടുവന്നു. ഈ ഗ്രന്ഥത്തിന്റെ കൈയ്യെഴുത്തുപ്രതികൾ ഫ്രാൻസിലും ഇറ്റലിയിലും ഇന്നും ലഭ്യമാണ്. അങ്ങനെ പാരീസിലെ ഭൗതികശാസ്ത്ര അറിവുകൾ യൂറോപ്പിൽ പല ഭാഗത്തും എത്തിച്ചേർന്നത് ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്. ആൽബർട്ടിന്റെ ധാർമ്മിക-സാമ്പത്തിക കൃതികളും പിൽക്കാല തലമുറക്ക് വലിയ പ്രയോജനം ചെയ്തവയാണ്. ഗണിതശാസ്ത്രത്തിൽ താത്‌പര്യമുണ്ടായിരുന്ന ആൽബർട്ട് ഈ മേഖലയിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.