മാതാവിന്റെ പ്രത്യക്ഷീകരണം: മുപ്പതാം ദിവസം

ജോബിഷ് പള്ളിത്തോട്‌

വേളാങ്കണ്ണി മാതാവ്

സ്വർഗ്ഗത്തിലെ രാജ്ഞിയായ പരിശുദ്ധ മാതാവ് നമ്മുടെ കഷ്ടതകൾ ഇല്ലാതാക്കാൻ രണ്ടു തവണയാണ് പുത്രനെ കൈകളിലേന്തി അമ്മ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ പ്രത്യക്ഷപ്പെട്ടത്.

മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ടത്, യജമാനന് പാലുമായി പോയ ഒരു ബാലന്റെ മുമ്പിലായിരുന്നു. തന്റെ കയ്യിലിരുന്ന ഉണ്ണിയേശുവിനു കൊടുക്കാൻ ആ ബാലനോട്, അമ്മ കുറച്ച് പാൽ ചോദിക്കുകയും ബാലൻ ബഹുമാനപൂർവ്വം പരിശുദ്ധ അമ്മയെ നോക്കിയതിനു ശേഷം പാൽ കൊടുക്കുകയും ചെയ്തു. പാൽ കുറഞ്ഞുപോയ സംഭവമോർത്ത് ബാലൻ, എന്തും വരട്ടെ എന്ന് കരുതി മിച്ചമുള്ള പാലുമായി നടന്നു. പിന്നെ സംഭവിച്ചതു മുഴുവൻ ആളുകൾക്കു സാക്ഷ്യമായി ഒരു വലിയ അത്ഭുതമായിരുന്നു.

യജമാനാനു കൊടുക്കാനിരുന്ന പാൽപാത്രം നിറഞ്ഞുതുളുമ്പുന്നതാണ് എല്ലാവരും കണ്ടത്. ഈ സമയം കൊണ്ട് ഈ സംഭവം നാടു മുഴുവൻ വാർത്തയായി. മാതാവ് പ്രത്യക്ഷപ്പെട്ട ആ ദിവസം മുതൽ ഈ സ്ഥലത്തെ അണ്ണാപുല്ലാ തെരുവിലെ ഈ കുളത്തെ ആദരപൂർവ്വം മാതാകുളം എന്ന് വിളിച്ച് അവിടെ ഒരു ചാപ്പലും നിർമ്മിച്ചു.

രണ്ടാം തവണ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രവർത്തിച്ച അത്ഭുതം വഴിയാണ് ആരോഗ്യമാതാവ് എന്ന പേര് ലഭിച്ചത്. കാലിന് സ്വാധീനമില്ലാത്ത ഒരു ബാലൻ മോര് വിറ്റുകൊണ്ടിരിക്കുകയായിരുന്നു. അവിടെ പ്രത്യക്ഷപ്പെട്ട മാതാവ് കുറച്ചു മോര് ചോദിക്കുകയും അതിനു ശേഷം പട്ടണത്തിലേക്ക് പോകണമെന്ന് പറയുകയും അവിടെ ചെന്ന് ഒരു ആരാധനാലയം വേണമെന്ന് ബാലനോട് പറയുകയും ചെയ്തു. പക്ഷേ ആ ബാലന് എഴുന്നേൽക്കാൻ സാധിക്കാത്തതിനാൽ തന്റെ ആവശ്യം മാതാവിനെ അറിയിച്ചു. അമ്മ ഉടനെ തന്നെ ബാലനോട് എണീറ്റുനടക്കാൻ പറഞ്ഞു. തൽക്ഷണം ബാലൻ സുഖം പ്രാപിക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ പ്രത്യക്ഷപ്പെട്ട മാതാവിന് ആരോഗ്യമാതാവ് എന്ന പേരു വന്നത്.

മറ്റൊരു അത്ഭുതം സംഭവിച്ചത് 1650 സെപ്റ്റംബർ എട്ടിന് ബംഗാൾ ഉൾക്കടലിലായിരുന്നു. ചൈനയിൽ നിന്ന് സിലോണിലേക്ക് പൊയ്ക്കൊണ്ടിരുന്ന പോർച്ചുഗീസ് കപ്പൽ കൊടുങ്കാറ്റിൽപെട്ട് ആടിയുലയുന്നു. ആ സമയത്ത് കപ്പലിൽ സൂക്ഷിച്ചിരുന്ന മാതാവിന്റെ രൂപത്തോട് പ്രാർത്ഥിച്ചതിന്റെ ഫലമായി അത്ഭുതമെന്നു പറയട്ടെ, ആ നിമിഷം തന്നെ കടൽ ശാന്തമായി. തുടർന്ന് പോർച്ചുഗീസുകാരുടെയും നാട്ടുകാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഇന്ന് നമ്മൾ കാണുന്ന ദേവാലയത്തിന്റെ പണി തീർത്തു.

1962 നവംബർ മൂന്നിന് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ഈ ദേവാലയത്തെ ബസിലിക്ക ആയി ഉയർത്തി. ഇവിടെ വന്നു പ്രാർത്ഥിക്കുന്നവർക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം തിരുസഭ വാഗ്ദാനം ചെയ്തിരിക്കുന്നു. ഇന്ത്യയിലെ ലോകപ്രശസ്ത തീർത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് വേളാങ്കണ്ണി പള്ളി.

വേളാങ്കണ്ണി മാതാവേ, ആരോഗ്യമാതാവേ, രോഗികളായി കഴിയുന്ന എല്ലാവരെയും അങ്ങ് ഏറ്റെടുക്കുകയും അവരെ സുഖപ്പെടുത്താൻ തിരുക്കുമാരനോട് അപേക്ഷിക്കുകയും ചെയ്യേണമേ.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.