കരിയറിനും സൗകര്യങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുക എന്ന തീരുമാനം ക്രൂരമാണ്: ഒരമ്മയുടെ ജീവിതസാക്ഷ്യം

ജിൽസ ജോയ് എന്ന അമ്മ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു 

വിവാഹം കഴിഞ്ഞ് ദുബായിലേക്ക് വന്ന 21 വയസ്സുള്ള പെൺകുട്ടി. ഒരു ജോലി വേണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നപ്പോൾ അതിനായി ശ്രമിച്ചു. വർക്ക് എക്സ്പീരിയൻസ് വില്ലനായി. ഇന്റർവ്യൂകൾക്ക് പോയി മടുത്തിരിക്കുമ്പോ തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി കിട്ടി; നല്ലൊരു സ്ഥാപനത്തിൽ.

ജോലിക്കു കയറി ഒരു മാസമായപ്പോ അറിയുന്നു പ്രെഗ്നന്റ് ആണെന്ന്. തിരക്കുള്ള ജോലി – കസ്റ്റമർ സർവീസ്. ജോലിക്കിടയില്‍ ഇരിക്കാൻ പറ്റില്ല. ഇരിക്കാനുള്ള കസേര ഓഫീസിൽ അന്നത്തെ കാലത്ത് മാനേജറിനും കാഷ്യർസിനും മാത്രം. മുഴുവന്‍ സമയം നില്‍ക്കണം. ഗർ‍ഭിണിയായാൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാവും. സാരമില്ല, രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ പരമാവധി ശ്രമിക്കാമെന്നു വച്ചു.

കലിപ്പനായ മാനേജർ, പലവട്ടം ചീത്ത കേട്ട് കരയേണ്ടി വന്ന ദിവസങ്ങൾ, ജോലിയുടെ തുടക്ക കാലത്തെ ബുദ്ധിമുട്ടുകൾ…

നാലഞ്ചു മാസം ആയപ്പോഴേ ‘due date’ ആയോ എന്ന ചോദ്യം കേൾക്കാൻ തുടങ്ങി. അത്രയ്ക്ക് വയർ. കാലിൽ നീര് വന്നു വീർക്കാനും തുടങ്ങി. ഒരു ദിവസം ഓഫീസിൽ നിന്ന് റൂമിൽ പോകുന്ന വഴിക്ക് ബ്ലീഡിങ്. പിന്നെ ഹോസ്പിറ്റൽ ദിവസങ്ങൾ. റെസ്ററ് ഒരു മാസം. വീണ്ടും ഓഫീസ്.

എട്ടാം മാസത്തിലെ ഒരു ദിവസം. തലേ രാത്രി കുറച്ചു പെയിൻ തോന്നി. ഉച്ച വരെ ജോലി ചെയ്തു മാസത്തിൽ രണ്ടു വീതമുള്ള പതിവ് ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയി. ഈവനിംഗിൽ വീണ്ടും ഡ്യൂട്ടിക്ക് പോവേണ്ടതാ. സ്പ്ലിറ്റ് ഡ്യൂട്ടി ആണ്. പരിശോധിച്ചതും ഡോക്ടർ പ്രസ്താവിച്ചു, ഇപ്പോൾ പ്രസവം നടക്കുമെന്ന്.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഓപ്പറേഷൻ തിയേറ്ററിൽ കേറ്റി. കംപ്ലീറ്റ് ബോധം പോയി. സിസേറിയനിൽ എടുത്തത് രണ്ടാളെ. ആ രണ്ടു കുഞ്ഞുങ്ങളെയും വയറ്റിൽ ഇട്ടാണ് അന്ന് ഉച്ച വരെ ഓഫിസിൽ വർക്ക് ചെയ്തത്; എന്നിട്ടു വന്ന് പ്രസവിച്ചത്! ഇത് കെട്ടുകഥയല്ല. വേറെ ആരുടേയും അനുഭവമല്ല. അന്നത്തെ ആ ഇരുപത്തിയൊന്നുകാരി പെണ്‍കുട്ടിയെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും. പേര് ജിൽസ ജോയ് – ഈ ഞാൻ തന്നെ.

നിങ്ങളുടെ സ്വപ്നങ്ങളിൽ കുഞ്ഞുങ്ങൾ കൂടെ ചേർന്നാൽ അതിന് നിറം മങ്ങുന്നതെങ്ങിനാണ്? അതുകൊണ്ട് സാറ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചവരോട് പുച്ഛം മാത്രം. ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിൽ ചിലർക്ക് കരിയർ വേണ്ടെന്നുവയ്‌ക്കേണ്ടി വന്നേക്കാം. പക്ഷേ, കരിയറിനും സൗകര്യങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുക എന്ന തീരുമാനം ക്രൂരമാണ്.

കുഞ്ഞിനെ കൊന്ന് തിയേറ്ററിൽ നിന്ന് ഇറങ്ങിവരുന്ന സാറ അല്ല, കുഞ്ഞിനെ പിടിച്ച് തിയേറ്ററിൽ നിന്നിറങ്ങി വരുന്ന സാറ ആയിരുന്നു വേണ്ടിയിരുന്നത്, അല്ലേ? അതല്ലേ അതിന്റെ ഒരു ശരി?

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.