തീരുമാനങ്ങൾ സ്വർഗീയമാക്കാൻ

ജിന്‍സി സന്തോഷ്‌

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങൾക്ക് നമ്മുടെ ജീവിതഗതി നിർണ്ണയിക്കുന്നതിൽ വലിയ പങ്കുണ്ട്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെ. 29:11).

അതിനാൽ നമ്മെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതിക്കനുസരിച്ച് വേണം നമ്മുടെ തീരുമാനങ്ങൾ. ഓരോരുത്തർക്കും വ്യത്യസ്ത മാർഗ്ഗവും പദ്ധതികളുമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ് അപ്രകാരം തീരുമാനിച്ച് പ്രാവർത്തികമാക്കുമ്പോൾ ദൈവത്തിന്റെ തീരുമാനവും നമ്മുടെ തീരുമാനവും ഒന്നായിത്തീരും.

വിശുദ്ധ ജീവിതത്തിനു സഹായകമായ തീരുമാനം സ്വർഗം സ്വന്തമാക്കൽ എളുപ്പമാക്കും. വേഗത്തിൽ സ്വർഗത്തിലെത്താൻ എടുക്കുന്ന തീരുമാനം വിശുദ്ധജീവിതത്തെ ത്വരിതപ്പെടുത്തും. “നാം ഇടംവലം തിരിഞ്ഞ് ക്ലേശിക്കാതെ ഇതാണ് വഴി ഇതിലേ പോവുക” (ഏശയ്യ 30:21)എന്നു പറഞ്ഞ് വഴി തെളിക്കുന്ന ഒരു ദൈവം നമുക്കുള്ളതിനാൽ തീരുമാനങ്ങൾ എടുക്കാൻ നാം ഒട്ടും ക്ലേശിക്കേണ്ടതില്ല.

“കർത്താവിനെ ഭയപ്പെടുന്നവനാരോ, അവൻ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്നു കാണിച്ചുകൊടുക്കും” (സങ്കീ. 25:12). ദൈവത്തിനും വിശുദ്ധിക്കും നിത്യജീവനും വേണ്ടി ജീവിതയാത്രയിലെ സ്വന്തം തീരുമാനങ്ങൾ ദൈവികപദ്ധതികളോടു നാം ചേർത്തുവയ്ക്കുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.