മാതാപിതാക്കളില്ലാത്ത മക്കളെ കാണുമ്പോള്‍

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അങ്ങനെ ഒരു വൈദികനുണ്ട്. തല്‍ക്കാലം പേരെഴുതുന്നില്ല. കുറച്ചു കുട്ടികള്‍ക്ക് അച്ചനാല്‍ ആകുംവിധം വിദ്യാഭ്യാസ സഹായം നല്‍കിവരുന്നു. സഹായം സ്വീകരിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും നിര്‍ദ്ധനരും മാതാപിതാക്കളില്‍ ആരെങ്കിലുമൊരാള്‍ ഇല്ലാത്തവരുമൊക്കെയാണ്.

ഒരിക്കല്‍ അച്ചനോട് ചോദിച്ചു: “എന്തുകൊണ്ടാണ് അപ്പനോ, അമ്മയോ നഷ്ടപ്പെട്ട കുട്ടികളോട് പ്രത്യേക പരിഗണന കാണിക്കുന്നത്?”

ഹൃദയസ്പര്‍ശിയായ മറുപടിയായിരുന്നു അച്ചന്‍ നല്‍കിയത്: “അച്ചാ, എനിക്ക് എഴു വയസുള്ളപ്പോള്‍ എന്റെ അപ്പന്‍ മരിച്ചു. ഞങ്ങളെ വളര്‍ത്തിയ അമ്മ ഒഴുക്കിയ കണ്ണീരിന്
കയ്യും കണക്കുമില്ലായിരുന്നു. എന്തിനാണ് എന്റെ അപ്പനെ ഇത്ര നേരത്തെ വിളിച്ചതെന്ന് ഞാന്‍ കര്‍ത്താവിനോട് പലയാവര്‍ത്തി ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഒരു നിശബ്ദസ്വരം ഞാന്‍ ശ്രവിക്കുമായിരുന്നു; ‘നിനക്കത് പിന്നീട് മനസിലാകും.’

വൈദികപട്ടം സ്വീകരിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മയും മരിച്ചു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നി. വീട്ടിലേക്ക് പോകാന്‍ പോലും തോന്നാറില്ല. അപ്പനോ, അമ്മയോ നഷ്ടപ്പെട്ട മക്കളെ കാണുമ്പോള്‍ അവരിലൂടെ ഞാന്‍ എന്നെത്തന്നെയാണ് കാണുന്നത്. കര്‍ത്താവ് അപ്പനെ നേരത്തെ വിളിച്ചത് ഇങ്ങനെയുള്ളവരുടെ നൊമ്പരം മനസിലാക്കാന്‍ വേണ്ടിയാണെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.”

ശരിയാണത്, ചില ദു:ഖങ്ങളിലൂടെ നമ്മള്‍ കടന്നുപോകുമ്പോഴേ സമാനമായ അനുഭവങ്ങള്‍ ഉള്ളവരുടെ നൊമ്പരം മനസിലാകൂ. ഒരുപക്ഷേ, അങ്ങനെയൊരു അനുഭവം ഉള്ളതുകൊണ്ടായിരിക്കും നായിനിലെ വിധവയുടെ ഏകമകന്‍ മരിച്ചെന്നറിഞ്ഞപ്പോള്‍ അവളോട്, കരയേണ്ട എന്നുപറഞ്ഞ് ക്രിസ്തു ആ മകനെ അവള്‍ക്ക് ജീവനോടെ തിരിച്ചുനല്‍കുന്നത് (Ref: ലൂക്കാ 7:11-17).

അപ്രതീക്ഷിതമായ ദുഃഖങ്ങളും ദുരിതങ്ങളുമെല്ലാം നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടില്ലേലെ? അവയെല്ലാം മറ്റുള്ളവരോടുള്ള അനുകമ്പയാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഈ ചോദ്യത്തോടെ ഇന്നത്തെ ചിന്ത അവസാനിപ്പിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.