പൂവ് ചോദിക്കുമ്പോൾ പൂന്തോട്ടം കൊടുക്കണോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കടുത്ത ആത്മഹത്യാപ്രവണതയുള്ള ഒരു കുട്ടിയെ കൗൺസിലിങ്ങിന് കൊണ്ടുവന്നു. അവന് ഇഷ്ടപ്പെട്ട സൈക്കിൾ വാങ്ങിക്കൊടുത്തില്ലെങ്കിൽ മരിക്കുമെന്നായിരുന്നു ഭീഷണി. അവന്റെ മാതാപിതാക്കളോട് തിരക്കിയപ്പോഴാണ് കാര്യങ്ങളുടെ പൊരുൾ വ്യക്തമായത്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ് അവർക്കൊരു കുഞ്ഞുണ്ടാകുന്നത്. അല്ലലൊന്നും അറിയിക്കാതെയാണ് അവനെ അവർ വളർത്തിയതും. സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് സൈക്കിൾ വേണമെന്ന വിഷയവുമായി അവൻ പിടിമുറുക്കുന്നത്. അവൻ പറയുന്ന സൈക്കിൾ വാങ്ങിക്കൊടുക്കണമെങ്കിൽ ഇരുപത്തി അയ്യായിരം രൂപയെങ്കിലും വേണ്ടിവരും. മകനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ മാതാപിതാക്കൾ ഏറെ പരിശ്രമിച്ചു. അവസാനം പതിനയ്യായിരത്തിന്റെയെങ്കിലും സൈക്കിൾ വാങ്ങിത്തന്നാൽ ‘മരിക്കാതിരിക്കാം’ എന്നായിരുന്നു അവന്റെ പ്രതികരണം.

അവർ യാത്രയായപ്പോൾ എന്റെ ബാല്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. അന്ന് സൈക്കിൾ ചവിട്ടിപ്പോകുന്ന കുട്ടികളെ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്. കാരണം സൈക്കിൾ വാങ്ങാൻ പോയിട്ട് പുത്തനുടുപ്പ് വാങ്ങിത്തരാനുള്ള സാമ്പത്തികശേഷി എന്റെ മാതാപിതാക്കൾക്കില്ലായിരുന്നു. അലക്കിവെളുപ്പിച്ച പഴയ വസ്ത്രങ്ങൾ ഇടയ്ക്ക് കീറിപ്പോയത്, തുന്നിച്ചേർത്തത് മറ്റുള്ളവരിൽ നിന്ന് ഒളിപ്പിക്കാൻ പെട്ട പാട് എങ്ങനെ മറക്കും?

ഇന്ന് വിവിധ കമ്പനികളുടെ സ്കൂൾ ബാഗുകൾ ഓരോ വർഷവും ചുളിവു മാറും മുമ്പേ തള്ളിക്കളയുമ്പോൾ, അന്ന് പ്ലാസ്റ്റിക്ക് കവറിനുള്ളിൽ റബ്ബർ ബാൻഡിട്ട് ഒതുക്കി മൺപാതയിലൂടെ നടന്നുപോയ യാത്രകൾ മനസിൽ കൂടുതൽ തെളിഞ്ഞുവരുന്നു. ഞങ്ങളുടെ പിടിവാശികളൊന്നും മാതാപിതാക്കളുടെ മുമ്പിൽ വിലപ്പോവില്ലായിരുന്നു. അന്നത്തെ കാലത്തെ മാതാപിതാക്കൾക്ക് മക്കൾക്ക് കൊടുക്കാൻ അത്രമാത്രമേ കഴിയുമായിരുന്നുള്ളൂ. ഇക്കാര്യം തിരിച്ചറിയുന്നതിനാൽ ചെറിയൊരു വിതുമ്പലിൽ എല്ലാ സങ്കടങ്ങളും തീരും. കിട്ടിയതെന്തും അമൂല്യമായി കരുതി സൂക്ഷിക്കുമായിരുന്നു.

അന്നത്തേതു പോലെ ഇന്നും തുടരണമെന്നല്ല പറഞ്ഞുവരുന്നത്. കുടുംബത്തിന്റെ കഷ്ടതകളും പരാധീനതകളും മക്കളെ അറിയിക്കാതെ വളർത്തുമ്പോൾ ഭാവിയിലെ പരാജയങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിൽ അവർ പതറിപ്പോകുമെന്ന് മാതാപിതാക്കൾ ഓർക്കുന്നത് നല്ലതാണ്.

സഹനങ്ങൾ ജീവിതത്തിന്റെ അനിവാര്യതയാണെന്നാണ് ക്രിസ്തുപക്ഷം. താൻ ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടുമെന്നും പീഢകളും സഹനങ്ങളും ഏൽക്കേണ്ടിവരുമെന്നും പറഞ്ഞപ്പോൾ ‘നിനക്കിത് സംഭവിക്കാതിരിക്കട്ടെ’ എന്നായിരുന്നു പത്രോസിന്റെ വാക്കുകൾ. “സാത്താനേ, എന്റെ മുമ്പില്‍ നിന്നു പോകൂ. നീ എനിക്കു പ്രതിബന്ധമാണ്‌. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്‌” (മത്തായി 16:23) എന്നായിരുന്നു അപ്പോൾ ക്രിസ്തുവിന്റെ പ്രതികരണം.

ജീവിതകോളിളക്കങ്ങൾക്കു നടുവിൽ പ്രത്യാശയോടെ മുന്നേറണമെങ്കിൽ ചില കൊടുങ്കാറ്റുകളെ നമ്മൾ അതിജീവിച്ചേ മതിയാകൂ. അവ തീർത്തും ഒഴിഞ്ഞുപോകട്ടെ എന്ന ചിന്ത ദൈവീകമെല്ലെന്ന കാര്യം മറക്കാതിരിക്കാം. കഷ്ടതകളും സഹനങ്ങളും നമ്മൾ ആഗ്രഹിക്കുന്നില്ലെങ്കിലും അവ നമ്മെ കൂടുതൽ കരുത്തുറ്റവരാക്കുമെന്ന വിശ്വാസത്തിൽ മുന്നേറാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.