മൂന്നാണിമേല്‍ തറയ്ക്കപ്പെട്ട പുതിയ സഹനദാസന്‍ – ഫാ. ജേക്കബ് തെക്കേമുറി

ഷെറിന്‍ ചാക്കോ

സൂചികള്‍ക്കും കത്തികള്‍ക്കും പറയാനുള്ള പൗരോഹിത്യത്തിന്റെ നേര്‍രേഖയാണ് ഫാ. ജേക്കബ് തെക്കേമുറി.

അച്ചനെ കണ്ടിട്ടുള്ള വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളും അച്ചന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ള ജനങ്ങളുമൊക്കെ ചിന്തിച്ചിരുന്നു. ഈ യുവവൈദികന്‍ ആരായി ഭവിക്കും?

ഒരു നല്ല ധ്യാനഗുരുവാകണം, ഇടവകയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പൗരോഹിത്യത്തിലൂടെ ക്രിസ്തുവിന് സാക്ഷിയാകണം. ഈ ആഗ്രഹത്തോടെ ജേക്കബ് അച്ചന്‍ 1987 ജനുവരി 9-ന് അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ ധ്യാനങ്ങള്‍ സംഘടിപ്പിക്കുകയും ധ്യാനിപ്പിക്കുകയും ചെയ്തിരുന്ന അതീവ തീക്ഷ്ണമതിയായ ഒരു യുവവൈദികന്‍. ഇടുക്കി ജില്ലയിലെ കല്‍ത്തൊട്ടി പള്ളിയില്‍ വികാരിയായിരിക്കുന്ന സമയം. ഇടവകയില്‍ ധ്യാനം നടക്കുന്ന അവസരത്തില്‍ അതികഠിനമായ തലവേദനയേയും ഛര്‍ദ്ദിയേയും തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ആശുപത്രിയിലാക്കി. ഡോക്ടറിന്റെ മുറിയില്‍ പുഞ്ചിരിയോടെ ഒരു 34-കാരന്‍. രക്തസമ്മര്‍ദ്ദം 120-130 വരെ ഉയര്‍ന്നിരിക്കുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം കിഡ്‌നിക്ക് തകരാറുണ്ടെന്ന് പറഞ്ഞെങ്കിലും കാര്യമാക്കാതെ തന്റെ കര്‍മ്മമണ്ഡലത്തില്‍ തുടര്‍ന്നു.

പരിശുദ്ധ കുര്‍ബാന മധ്യേ പലപ്പോഴും കുഴഞ്ഞുവീണു. ബേമ്മയില്‍ നിന്നും ബലിപീഠത്തിലേക്ക് നടന്നുനീങ്ങാന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നു. ദിവ്യബലിപോലും പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഒരുവസ്ഥ. അടിവയറ്റിലെ അതികഠിനമായ വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക്. തന്റെ സ്‌നേഹിതരുടെ സ്‌നേഹപൂര്‍വ്വകമായ നിര്‍ബന്ധത്തിനു വഴങ്ങി പ്രശസ്തനായ യൂറോളജിസ്റ്റിനെ കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം മറ്റൊരു ആശുപത്രിയിലെ കിഡ്‌നി സ്‌പെഷ്യലിസ്റ്റിന്റെ കീഴില്‍ വിദഗ്ധ ചികിത്സകള്‍ തുടര്‍ന്നു. പിന്നീടുള്ള 10 വര്‍ഷങ്ങളും കത്തികളുടെയും സൂചികളുടെയും ഇരയായിരുന്നു ഈ യുവശരീരം. രോഗം മൂര്‍ച്ഛിച്ച് ശരീരം മുഴുവന്‍ നീരുമായി മരണത്തോട് മല്ലടിക്കുന്ന ഈ വൈദികനോട് ഒരു ഹൈന്ദവ ഡോക്ടര്‍ ചോദിക്കുകയുണ്ടായി. ‘ഫാദറിന് സമയദോഷത്തില്‍ വിശ്വാസമുണ്ടോ?’ മാസ്‌ക് കെട്ടിയിരുന്ന ആ മുഖത്തുനിന്നും പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. ‘സഹനത്തിന്റെ സമയം നല്ല സമയം തന്നെ.’ പിന്നീടങ്ങോട്ട് കൂടുതല്‍ കൂടുതല്‍ സഹനങ്ങളിലേക്ക് അച്ചന്റെ ജീവിതം എടുത്തെറിയപ്പെട്ടു. മരിക്കാതെ മരിപ്പിക്കുന്ന ടെസ്റ്റുകളും മേജര്‍ ഓപ്പറേഷനുകളും അമ്പതിലധികം ഡയാലിസിസും കഴിഞ്ഞിരുന്നു.

മിക്ക ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും പഥ്യം. അബോധാവസ്ഥയില്‍ തന്നെ ദിവസങ്ങള്‍, ഓര്‍മ്മപൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെയെല്ലാം ഒടുവില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തു. ട്യൂബ് വഴി ഭക്ഷണം നല്‍കി. അസ്ഥികള്‍ പൊടിയുന്ന കഠിനവേദന. ശരീരവേദനയുടെ ആധിക്യംമൂലം അച്ചന്‍ മരണത്തോളമെത്തി. രോഗങ്ങള്‍ ഒന്നിനുപുറകെ ഒന്നായി അച്ചന്റെ ഒപ്പം നിന്നു. യൂറിന്‍ ബ്ലാഡറിന്റെ ഭാഗത്ത് അതികഠിനമായ വേദന താങ്ങാവുന്നതിനപ്പുറമായപ്പോള്‍ നിലത്ത് കിടന്നു ഉരുണ്ടു. സിക്‌റ്റോസ് കോപ്പി എന്നൊരു ഉപകരണം മൂത്രനാളിയിലൂടെ തുളച്ചുകയറ്റി. ബ്ലാഡര്‍ നെക്ക് സ്പാസം എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലിലെ പ്രശസ്തനായ ഡോക്ടര്‍ അതിസൂക്ഷ്മമായ ഓപ്പറേഷന്‍ നടത്തിയെങ്കിലും ബ്ലീഡിംഗ് നിലയ്ക്കാതെ വന്നു. അച്ചന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ‘എന്റെ പ്രായത്തില്‍ മൂന്നാണിമേല്‍ തറയ്ക്കപ്പെട്ടവന്റെ മുമ്പില്‍ ഇതെത്ര നിസാരം. പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുക എന്നത് ഒരു പുരോഹിതന്റെ അവകാശമാണെന്നും അവനുള്ള ആനുകൂല്യമാണെന്നും അച്ചന്‍ ഉദ്‌ഘോഷിച്ചു.’ നിരാശയേയും വിഷാദത്തേയും മരണത്തെയും ഈ വൈദികന്‍ മാറ്റിനറുത്തി.

കത്തോലിക്ക വിരുദ്ധ പ്രസ്ഥാനങ്ങളും ആള്‍ക്കാരും വെളിപാട് ഗ്രന്ഥത്തെ വികലമായി വ്യാഖ്യാനിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. വെളിപാടിന്റെ ഗ്രന്ഥം വ്യക്തമായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക തന്റെ നിയോഗമാണെന്ന് അച്ചന് തോന്നി. വേദനകള്‍ക്കിടയിലും ‘വെളിപാടിന്റെ സമസ്യകള്‍’ എന്ന പുസ്തകം എഴുതി. അപ്പോഴാണ് താന്‍ മരിച്ചുപോകുമെന്ന്, ആയുസില്ലെന്ന് മനസ്സിലായത്. പുസ്തകത്തിന്റെ പണി നിറുത്തിവച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞു താന്‍ ഉടനെ മരിക്കില്ല എന്ന്. വീണ്ടും പുസ്തകത്തിന്റെ പണിപ്പുരയില്‍ ഏര്‍പ്പെട്ടു. അങ്ങനെ 18-ഓളം ഗ്രന്ഥങ്ങള്‍!

കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിട്ട് ഒരു മാസം പോലുമായില്ല. യൂറിറ്റര്‍ തകരാറിലായിരിക്കുന്നു. കീഹോള്‍ സര്‍ജറി വഴി തുന്നിചേര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. വയര്‍ തുരന്ന് മേജര്‍ ശസ്ത്രക്രിയ നടത്തി. ട്യൂബ് ഇട്ടിരുന്നുവെങ്കിലും യൂറിന്‍ തടസപ്പെട്ടുനിന്നു. വയര്‍ തുളച്ചിട്ടിരുന്ന ട്യൂബും ബ്ലോക്കായി. കിഡ്‌നി മാറ്റിവച്ചവരില്‍ 3000-ത്തില്‍ ഒരാള്‍ക്കുപോലും കിഡ്‌നിക്ക് തകരാറുകള്‍ സംഭവിക്കാറില്ല. ദുര്‍ഭാഗ്യമെന്നുപറയട്ടെ ഭാഗികമായി കിഡ്‌നിക്ക് കേട് സംഭവിച്ചിരിക്കുന്നു. വലതുകൈയ്യില്‍ തന്നെ ഒരൊറ്റമാസത്തില്‍ 500-ല്‍ അധികം സൂചികള്‍ തുളച്ചുകയറ്റി. കുത്തിവയ്ക്കാനും രക്തം എടുക്കാനും ഞരമ്പുകിട്ടാത്ത അവസ്ഥ.

ഓരോ പരിശോധനയ്ക്കുശേഷവും ഡോക്ടര്‍മാരുടെ മൗനവും ഭാവവ്യത്യാസങ്ങളും അച്ചനെ അസ്വസ്ഥനാക്കിയില്ല. കിഡ്‌നിയുടെ കേടായഭാഗം മുറിച്ചുമാറ്റുകയാണ് ഏകമാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വൈദ്യസംഘത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് അംബുലന്‍സില്‍ ഒരു അലുമിനിയം ടേമ്പിളില്‍ കിടത്തി കൊണ്ടുപോയി. ദുര്‍ഘടം നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ഓര്‍ക്കുമ്പോള്‍ ഇന്നും ആ വേദന ഫീല്‍ ചെയ്യുന്നതായി അച്ചന്‍ പറയുന്നു.

ഇതാ താന്‍ അവസാനമായി ഒപ്പിടുന്നു, അതും മരണപത്രത്തില്‍! കണ്ണുനീര്‍ തുടയ്ക്കാന്‍ പാടുപെടുമെന്ന് തോന്നിയെങ്കിലും അതു ഉണ്ടായില്ല. ബ്ലീഡിംഗ് ഉണ്ടായാല്‍ കിഡ്‌നി മുറിച്ചു മാറ്റാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ മറ്റൊരു ഓപ്പറേഷന്‍ ചെയ്തു. റിസള്‍ട്ട് പോസീറ്റീവ് ആയിരുന്നു. ഒരു പുതുജീവിതത്തിന്റെ തുടക്കമെന്നു പറയാമെങ്കിലും യൂറിനു പകരം രക്തം പോയി തുടങ്ങി. കുറച്ചുദിവസങ്ങള്‍ക്കു ശേഷം അതു ഭേദപ്പെട്ടു. മരണം തോറ്റുപിന്മാറി തുടങ്ങി. മരണത്തെ അച്ചന്‍ തോല്‍പ്പിച്ചു. 1999 ജനുവരി മാസത്തില്‍ നടക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടു. കിഡ്‌നിയെ രക്ഷിക്കാന്‍ അമിത അളവില്‍ കോര്‍ട്ടിസോണ്‍ ഗുളികകള്‍ കഴിച്ചതിന്റെ അനന്തര ഫലം. കാലില്‍ ഭാരം കെട്ടിതൂക്കി കിടന്നു. പിന്നീട് ക്രച്ചിന്റെ സഹായത്തോടെ ഒറ്റക്കാലില്‍ ചാടിചാടി നടന്നു. അങ്ങനെ വര്‍ഷങ്ങള്‍…

അച്ചന്റെ രോഗത്തിന്റെ ആധിക്യം മനസ്സിലാക്കാന്‍ അച്ചന്‍ പറഞ്ഞത് ഇങ്ങനെ; ഒരിക്കല്‍ തന്നെ കാണാന്‍ വന്ന സുഹൃത് വൈദികനെഅച്ചന്‍ ചേര്‍ത്തുപിടിച്ച് ആലിംഗനം ചെയ്തു. അപ്പോള്‍ തന്നെ അച്ചന്റെ അഞ്ചാറ് വാരിയെല്ലുകള്‍ ഒടിഞ്ഞു!!!

തീരാരോഗങ്ങളാല്‍ പ്രഹരിക്കപ്പെട്ട ജീവിതം. കടുത്ത വേദന കടിച്ചിറക്കി നിറഞ്ഞ പുഞ്ചിരിയോടെ ഈ ദിനങ്ങളിലും കോട്ടയം കരിത്താസ് ആശുപത്രിയില്‍ വെളുത്ത ഷീറ്റുവിരിച്ച കിടക്കയില്‍ ഇരുന്ന് ജേക്കബ് നാമധാരിയായ അച്ചന്‍ പറയുന്നു. ”യാക്കോബിന്റെ(Jacob) ദൈവം നമ്മോടു കൂടെ.”

ഈ വര്‍ഷത്തെ ശാലോം മാധ്യമ അവാര്‍ഡ് ലഭിച്ച ‘എലോഹീമിന്റെ പാദമുദ്രകള്‍’ എന്ന നോവലിന്റെ കര്‍ത്താവായ തെക്കേമുറിയച്ചന്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവ് പകര്‍ന്നു തരുന്ന ഒരു ‘എന്‍സൈക്ലോപീഡിയ’ ആണ്.

ഷെറിന്‍ ചാക്കോ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.