ഗത്സമെന്‍ 23: നോമ്പുകാല വിചിന്തനങ്ങൾ

യേശു പിതാവിന് പ്രിയപ്പെട്ടവനാകുന്നത് അവിടുത്തെ ഇഷ്ടം നിറവേറ്റുമ്പോഴാണ്. കാറ്റിനെയും കടലിനെയും ശാന്തമാക്കുമ്പോഴും വചനം പ്രഘോഷിക്കുമ്പോഴും അവന്റെ ആധികാരികത വ്യക്തമാവുകയാണ്. പിതാവ് നൽകിയ അധികാരം യേശു ഉപയോഗിച്ചത് ജീവൻ നൽകുന്നതിനുവേണ്ടിയാണ്. അധികാരം വിവേകത്തോടെ ഉപയോഗിക്കുന്നിടത്താണ് അത് അനുഗ്രഹമായി മാറുന്നത്. ദൈവമക്കൾ എന്ന അധികാരം ദുർവിനിയോഗം ചെയ്യുന്നിടത്താണ് എല്ലാ അസ്വസ്ഥതകളും ആരംഭിക്കുന്നത്.

അധികാരത്തിന് കാരുണ്യത്തിന്റെ മുഖം കൂടി ഉണ്ടാവണം. വചനം ഓർമ്മപ്പെടുത്തുന്നു, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. എല്ലാ കാര്യങ്ങളിലും പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന യേശുവിന് സ്വർഗം തന്നെ സാക്ഷ്യം നൽകുന്നു. എന്നാണ് നിന്റെ ജീവിതത്തിനുമേൽ സ്വർഗ്ഗത്തിന്റെ സാക്ഷ്യം ഉണ്ടാകുന്നത്.

ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍