നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: ആറാം ദിനം – വി. റഫായേൽ അർണായിസ്

“എനിക്കറിയാവുന്ന ചെറിയ കാര്യങ്ങൾ ഞാൻ ക്രൂശിൽ നിന്നു പഠിച്ചതാണ്” – വി. റഫായേൽ അർണായിസ് (1911-1938).

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ട്രാപ്പിസ്റ്റ് സന്യാസിമാരിൽ ഒരാളായാണ് ഇരുപത്തിയേഴാം വയസ്സിൽ സ്വർഗ്ഗഭവനത്തിലേയ്ക്കു യാത്രയായ റഫായേൽ അർണായിസ് എന്ന സ്പാനീഷ് വിശുദ്ധനെപ്പറ്റി പറയുന്നത്. ചിത്രരചനയിലും ശില്പകലയിലും എഴുത്തിലും പ്രാവീണ്യമുണ്ടായിരുന്ന റഫായേൽ, മാഡ്രിഡിലെ ആർക്കിടെക്റ്റ് സ്കൂളിൽ 1930-ൽ പഠനം ആരംഭിച്ചു. ആ വർഷം തന്നെ ക്രിസ്തുവിനെ അടുത്തനുകരിക്കാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തില്‍ ഉടലെടുത്തു.

1934 ജനുവരി പതിനാറാം തീയതി ട്രാപ്പിസ്റ്റ് സഭയിൽ പ്രവേശിക്കുമ്പോൾ റഫായേലിന് ഇരുപത്തിമൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. കഠിനമായ തപശ്ചര്യകൾ അവനെ കടുത്ത പ്രമേഹരോഗിയാക്കി. രോഗം കലശയാതയോടെ വീട്ടിലേയ്ക്കു മടങ്ങിയ റഫായേൽ, 1935-ലും 1937-ലും തിരികെ ആശ്രമത്തിലെത്തി. കഠിനമായ രോഗമുള്ള വ്യക്തിയെ സന്യാസവ്രതം സ്വീകരിക്കാൻ അക്കാലത്തെ കാനൻ നിയമം അനുവദിച്ചിരുന്നില്ല. എങ്കിലും ഒരു oblate ആയി റഫായേൽ തുടർന്നു (ആഘോഷമായ വ്രതം സ്വീകരിക്കാതെ സന്യാസ സമൂഹത്തിന്റെ അരൂപിയ്ക്കനുസരിച്ച് ജീവിക്കുന്നവരാണ് ഒബ്ലേറ്റുകൾ).

സന്യാസ ആശ്രമത്തിന്റെ രോഗീപരിചരണ മുറിയിൽ 1938 ഏപ്രിൽ ഇരുപത്തിയാറാം തീയതി ഇരുപത്തിയേഴാമത്തെ വയസ്സിൽ റഫായേൽ സ്വർഗ്ഗഭവനത്തിലേയ്ക്കു യാത്രയായി. സ്നേഹിക്കാൻ വേണ്ടി ജീവിക്കുക അതായിരുന്നു റഫായേലിന്റെ ജീവിതാദർശം. ഈശോയേയും മാതാവിനെയും കുരിശിനെയും അവൻ തീക്ഷ്ണമായി സ്നേഹിച്ചു. 2009 ഒക്ടോബർ പതിനൊന്നാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ റഫായേലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വി. റഫായേൽ അർണായിസിനൊപ്പം പ്രാർത്ഥിക്കാം…

വി. റഫായേലേ, ഈശോയുടെ സഹനങ്ങളെ ശാരീരികമായും വൈകാരികമായും ആത്മീയമായും അനുകരിക്കാനുള്ള എന്റെ വിമുഖത നീ മനസ്സിലാക്കുന്നുവല്ലോ. ഈ നോമ്പുകാലത്ത് എന്റെ കുരിശുകളെ ദൈവസ്നേഹത്തിൽ ആശ്രയിച്ച് ആശ്ലേഷിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.