നോമ്പു വിചിന്തനം: എനിക്കു ദാഹിക്കുന്നു

ജീവജലത്തിന്‍റെ ഉറവയില്‍ നിന്നു കേട്ട ദീനവിലാപമാണിത്. സകല മനുഷ്യമക്കളുടെയും ദാഹം ശമിപ്പിക്കാന്‍ വന്നവന്‍റെ അവസാനത്തെ അപേക്ഷ. സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ പ്രപഞ്ച സൃഷ്ടാവിന്‍റെ നിലവിളി. വെള്ളം കിട്ടിയും കിട്ടാതെയും ഓരോനിമിഷവും മരിക്കുന്ന ആയിരക്കണക്കിന് ജീവിതങ്ങളുടെ പ്രതിനിധിയായി മനുഷ്യപുത്രന്‍ ദാഹിച്ചു മരിക്കുന്നു. ജലം ജീവനാണ്. ഭൂമിയിലെ ജീവിതത്തിന്‍റെ അവസാനം നിത്യതയുടെ കവാടം തൊട്ടുമുമ്പില്‍ കാണുന്ന വ്യക്തി ഭൂമിയില്‍ നിന്ന് അവസാനമായി ആവശ്യപ്പെടുന്നത് ഒരിറ്റുവെള്ളമാണ്.

തികച്ചും മാനുഷികമെന്ന് കരുതാവുന്ന ഈ വിലാപസ്വരത്തിന് അത്രമാത്രമാണോ അര്‍ത്ഥം? നാല്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചവനും കുരിശു മരണത്തിന്‍റെ ഭയാനകതയ്ക്ക് സ്വയം വിട്ടുകൊടുത്തവനും ഒരിറക്കു വെള്ളം കിട്ടാതെ മരിക്കാനാവുമായിരുന്നില്ലേ? അവന്‍റെ വിലാപം ഇത്തിരി കുടിവെള്ളത്തിനു വേണ്ടിയായിരുന്നില്ലെന്ന് നാമറിയണം. ജീവിതത്തില്‍ ഒരിക്കലും എന്തെങ്കിലും ഭൗതിക ആവശ്യങ്ങള്‍ മനുഷ്യരോട് ആവശ്യപ്പെട്ടവനല്ല കര്‍ത്താവ്. ജനനം മുതല്‍ മരണം വരെ തലചായ്ക്കാന്‍ ഇടം കിട്ടാത്തവന്‍ ഒരു മനുഷ്യന്‍റെയും മുമ്പില്‍ ഒരപേക്ഷയും സമര്‍പ്പിച്ചിട്ടില്ല. തന്നെ സമീപിച്ചവര്‍ക്കൊക്കെ ഭക്ഷണവും സൗഖ്യവും ജീവനും അനുഗ്രഹങ്ങളും കനിഞ്ഞു നല്‍കിയവന്‍ തനിക്കു വേണ്ടിത്തന്നെ ഒരത്ഭുതവും പ്രവൃത്തിച്ചില്ല.

“എനിക്കു ദാഹിക്കുന്നു”- ഭക്ഷണവും കുടിവെള്ളവും കിട്ടാത്തവന്‍റെ വിലാപമല്ലിത്. ജീവന്‍റെ സ്രോതസ്സിന്‍റെ ദാഹമാണിത്. ആ വറ്റാത്ത സ്രോതസ്സിലേക്ക് ഇനിയെങ്കിലും മനുഷ്യമക്കള്‍ വരാനുള്ള യാചനയാണത്. നസ്രത്തു മുതല്‍ കാല്‍വരി വരെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവന്‍ അറിയിച്ചത് തന്‍റെ ദാഹമായിരുന്നു. ഏദെന്‍ തോട്ടത്തില്‍ വഴിപിഴച്ചവനെ തേടിവന്നതു മുതല്‍ ഈ കുറിപ്പ് എഴുതുകയും വായിക്കുകയും ചെയ്യുന്ന ഈ നിമിഷംവരെ അവന്‍ തന്‍റെ ദാഹം അറിയിച്ചുകൊണ്ടിരിക്കുന്നു.

ജെറമിയാസിലൂടെ കര്‍ത്താവ് വിലപിക്കുന്നത് ശ്രദ്ധിക്കുക: “എന്‍റെ ജനം രണ്ട് തിന്മകള്‍ ചെയ്തു. ജീവജലത്തിന്‍റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടകിണറുകള്‍ കുഴിക്കുകയും ചെയ്തു” (ജെറ. 2, 13).

വി. ആഗസ്തീനോസ് ആരംഭകാലത്ത് പറഞ്ഞുകൊണ്ടിരുന്നു- “സ്നേഹനാഥാ, അങ്ങയെ സ്നേഹിക്കാന്‍ ഞാന്‍ അഭിലഷിക്കുന്നു; ഇപ്പോഴല്ല, കുറച്ചുകൂടി കഴിഞ്ഞിട്ട്.” പിന്നീട് ദൈവത്തിന്‍റെ സൗന്ദര്യ പ്രകര്‍ഷത്തില്‍ സ്വയം നല്കിയപ്പോള്‍ അദ്ദേഹം വിളിച്ചു പറഞ്ഞു: “നിത്യനൂതന സൗന്ദര്യമേ, നിന്നെ സ്നേഹിക്കാന്‍ ഞാനിത്രമാത്രം വൈകിപ്പോയല്ലോ.”

ഫുള്‍ട്ടന്‍ ജെ ഷീന്‍ എഴുതുന്നു: ഞാനൊരു പാപിയാണ് എന്നത്രേ നാം ഏറ്റുപറയേണ്ടത്. അപ്പോള്‍ ഒരു രക്ഷകന്‍ നമുക്കാവശ്യമാണെന്ന് അംഗീകരിക്കലാണ്. എന്നാല്‍ എനിക്ക് മതമില്ല (ദൈവമില്ല) എന്നു പറഞ്ഞാല്‍, ദൈവത്തിന്‍റെ സ്ഥാനത്ത് ഞാന്‍ സ്വയം പ്രതിഷ്ഠിക്കുന്നു. ഇല്ലായ്മയെക്കുറിച്ച് നിരാശരും ദുഃഖിതരുമായ നമ്മിലേക്ക് അവന്‍റെ ജീവജലം ഒഴുകിവന്ന് നമ്മെ പരിപൂര്‍ണ്ണരാക്കും. എന്നാല്‍ നാം സ്വാര്‍ത്ഥതാപൂരിതരാണെങ്കില്‍ നമുക്ക് രക്ഷാമാര്‍ഗ്ഗം ഇല്ലതന്നെ.

അവന്‍റെ ദാഹം ഉറവയുടെ ദാഹമാണ്; പൊട്ടക്കിണറുകളിലൂടെ ആവേശത്തോടെ അലയുന്നവരെ പ്രതിയുള്ള ദാഹമാണ്; ദാഹമറിയാത്ത മരുഭൂമികളെക്കുറിച്ചുള്ള ദാഹമാണ്.

ഫാ. ഫിലിപ്പ് കാരക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.