ലത്തീൻ ആഗസ്റ്റ് 14 മത്തായി 19: 13-15 ആത്മീയ ശിശുത്വം

“ശിശുക്കളെ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. കാരണം  ദൈവരാജ്യം അവരെപ്പോലെ ഉള്ളവരുടേതാണ്” (വാക്യം 14).

ശിശുതുല്യമാകുക എന്ന യേശുവചനത്തിന്റെ അർത്ഥം ‘ബാലിശം’ (Childish) ആകുക എന്നല്ല മറിച്ച്‌, ഒരു ശിശുവിന്റെ ‘മാനസികാവസ്ഥ’ (Mindset) സ്വീകരിക്കുക എന്നർത്ഥം. ഇതാണ് വി. കൊച്ചുത്രേസ്യ പറയുന്നതുപോലെ യഥാർത്ഥ ദൈവമക്കളാകാനുള്ള കുറുക്കുവഴി.

ഒരു ശിശുവിന്റെ മാനസികാവസ്ഥയുടെ ഒന്നാമത്തെ പ്രത്യേകതയെന്നത് ‘എളിമ‘ (Humility) ആണ്. ഒരു ശിശുവിന് അഹങ്കരിക്കാനായി ഒന്നും തന്നെയില്ല. മുതിർന്നവർക്ക് എളിമ പരിശീലിക്കേണ്ടിവരുമ്പോൾ ശിശുക്കൾക്ക് എളിമയെന്നത് അവരുടെ അസ്തിത്വത്തിൽ തന്നെയുള്ള ഒരു ഭാവമാണ്. എളിമയുള്ള ഹൃദയത്തിൽ ദൈവത്തിന് അത്ഭുതങ്ങൾ ചെയ്യാൻ എപ്പോഴും ഒരിടമുണ്ട്. രണ്ടാമത്തെ സ്വഭാവമെന്നത് ‘ആശ്രിതത്വം‘ (Dependency) ആണ്. ഒരു ശിശു എല്ലാ കാര്യത്തിനും മാതാപിതാക്കളെ ആശ്രയിക്കുന്നതുപോലെ ആത്മീയശിശുത്വത്തിലൂടെ ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിക്കാനുള്ള കൃപയാണിത്.

മൂന്നാമത്തെ സ്വഭാവമെന്നത് ‘നിഷ്കളങ്കത‘ (Innocence) ആണ്. ഒഴുക്കുനീറ്റിൽ അഴുക്കില്ല എന്ന് പറയപ്പെടുന്നതുപോലെ ഒരു ശിശുവിന്റെ മനസ്സ് കളങ്കമില്ലാത്തതാണ്. പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ച നിഷ്കളങ്കരായ ആട്ടിടയരുടെ ദൈവദർശനം പോലെ നിഷ്കളങ്കമനസ്കർ ആണ് ദൈവത്തെ വേഗത്തിൽ ദർശിക്കുക. നാലാമത്തെ  സ്വഭാവമെന്നത് ‘സ്ഥിരത‘ (Persistence) ആണ്. പിച്ചവയ്ക്കുന്ന ഒരു കുഞ്ഞു നടക്കാൻ പഠിക്കുന്നതിനിടയിൽ പലതവണ നിലത്തുവീഴുമെങ്കിലും ഒരിക്കലും തോൽക്കാതെ അപ്പോൾത്തന്നെ എഴുന്നേറ്റു വീണ്ടും നടക്കും. തിന്മയോട് സ്ഥിരതയോടെ പടവെട്ടേണ്ട ക്രൈസ്തവജീവിതത്തിന് മാതൃകയാണ് ഈ ശിശു-സ്ഥിരത.

“മനുഷ്യമക്കൾ” “ദൈവമക്കൾ” ആയി പരിണമിക്കുന്നത്  ദൈവപിതാവുമായുള്ള ബന്ധത്തിൽ ഒരു ശിശുവിന്റെ “മാനസികാവസ്ഥ” (Mindset) സ്വീകരിക്കുമ്പോഴാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.