ലത്തീൻ ജൂലൈ 29 യോഹ. 12: 19-27 (വി. മർത്തയുടെ തിരുനാൾ) പരിപക്വ-വിശ്വാസം 

മാതാപിതാക്കളിലൂടെ നമ്മിൽ ഉരുവായ വിശ്വാസവിത്ത് സമയത്തിന്റെ പൂർണ്ണതയിൽ പ്രാർത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ദൈവാനുഭവങ്ങളിലൂടെയും പക്വതയിലേക്ക് എത്തിച്ചേരുന്നു. യേശു തന്റെ സുഹൃത്തായിരുന്ന ലാസറിന്റെ ഭവനം സന്ദർശിക്കുന്നതിന്റെ രണ്ട് വിവരണങ്ങളാണ് (ലൂക്കാ 10: 38-42; യോഹ. 11: 19-27) സുവിശേഷത്തിലുള്ളത്.  ലാസറിന്റെ മരണത്തിൽ അവന്റെ സഹോദരിമാരായ മർത്തയെയും  മറിയത്തെയും ആശ്വസിപ്പിക്കാനായി യേശു അവരുടെ ഭവനം സന്ദർശിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം.

പരിപക്വമായ വിശ്വാസാനുഭവത്തിലേക്ക് മർത്ത വളരുന്നതിനെ സൂചിപ്പിക്കുന്ന മൂന്ന് വിവരണങ്ങൾ സുവിശേഷവിവരണത്തിലുണ്ട്.

1. യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന്‌ അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു (യോഹ. 11:20).

ഒന്നാമത്തെ സന്ദർശന സമയത്ത്  യേശുവിനായി ശുശ്രുഷയിലൂടെ ഭക്ഷണവും പാർപ്പിടവും ഒരുക്കി മർത്ത ഭവനത്തിൽ യേശുവിന് ആഥിത്യമരുളി ബഹുകാര്യ വ്യാപൃതയായപ്പോൾ, മറിയത്തെപ്പോലെ അവിടുത്തെ പാദാന്തികത്തിൽ വചനശ്രവണത്തിലൂടെ ഹൃദയത്തിലും ആഥിത്യമരുളേണ്ടതിന്റെ ആവശ്യകത യേശു അവളെ ഓർമ്മിപ്പിച്ചിരുന്നു. ക്രിസ്തുവിനായി ഹൃദയത്തിൽ ഒരിടം ഒരുക്കേണ്ടതിന്റെ  ആവശ്യകത അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് യേശു വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ തിടുക്കത്തിൽ ഓടി അവന്റെ അടുക്കലേക്ക് മർത്താ എത്തിയത്.  ഇത് വളരുന്ന വിശ്വാസത്തിന്റെ പ്രതീകപ്രവർത്തിയായി കാണാം.

 2. മര്‍ത്താ യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു (യോഹ. 11:21).

ദിവസങ്ങൾക്കു മുൻപ് മരണമടഞ്ഞ തന്റെ സഹോദരനെ ജീവനിലേക്ക് തിരികെ കൊണ്ടുവരിക എന്ന അസാധ്യകാര്യം ക്രിസ്തുവിന് സാധ്യമാണെന്നു വിശ്വസിക്കാൻ തക്കവിധം അവൾ വിശ്വാസാനുഭവത്തിൽ വളർന്നിരിക്കുന്നു.

3. അവള്‍ പറഞ്ഞു: ഉവ്വ്‌, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു (യോഹ 11:27).

കേസറിയ ഫിലിപ്പിയൻ വച്ച് പത്രോസ് നടത്തിയതുപോലെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശ്വാസസത്യം, ‘ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രൻ’ എന്ന വിശ്വാസ സത്യമാണ് മർത്ത ഇവിടെ  പ്രഘോഷിക്കുന്നത്.

വളരുന്ന വിശ്വാസത്തിന്റെ മൂർത്തീകരണമാണ് വി. മാർത്ത. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.