ലത്തീൻ ജനുവരി 20 മർക്കോ. 3: 1-6 സാധൂകൃത കോപം

അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച്‌ അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്‌ യേശു അവനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു (മര്‍ക്കോ. 3:5).

ഏഴ് മൂലപാപങ്ങളുടെ പട്ടികയിൽപെട്ടതായതിനാൽ കോപം എന്ന വികാരത്തെ അടിസ്ഥാനപരമായി ഒരു പാപമായിട്ടാണ് ക്രൈസ്തവർ കാണുന്നത്. തിന്മയ്ക്കെതിരെ പട വെട്ടുന്നതിനും അധഃകൃതർക്കുവേണ്ടി നിലകൊള്ളുന്നതിനുമുള്ള ധാർമ്മിക ഊർജം നൽകുന്ന ഒരു വികാരം എന്ന അർത്ഥത്തിൽ കോപം എപ്പോഴും ഒരു തിന്മയല്ല. ദൈവാലയ ശുദ്ധീകരണം, കുഞ്ഞുങ്ങൾ തന്റെ അടുക്കൽ വരുന്നതിനെ തടയുന്ന സമയം, ഫരിസേയരുടെ കപടനാട്യ പ്രകടനങ്ങൾക്കു മുമ്പിൽ എന്നിങ്ങനെ  മൂന്ന് പശ്ചാത്തലങ്ങളിൽ മാത്രമേ സുവിശേഷത്തിൽ യേശു ‘കോപം’ എന്ന വികാരം പ്രകടിപ്പിക്കുന്നതായി കാണുന്നുള്ളൂ.

കോപവികാരത്തെ “സാധുകൃതം” (Justifiable), “കുറ്റകരം” (Liable) എന്നിങ്ങനെ രണ്ടായി തിരിക്കാം.  തിന്മയ്ക്കെതിരെ പടവെട്ടാനും അധികൃതർക്കു വേണ്ടി നിലകൊള്ളാനുമുള്ള  ഊർജ്ജദായക വികാരമായി  കോപത്തെ ഉപയോഗപ്പെടുത്തുമ്പോൾ അത് ധാർമ്മിക കോപമാണ്. ഇവിടെ  കോപം ജനിപ്പിച്ചവരോട് ഉള്ളിൽ പകയോ വിദ്വേഷമോ ഉണ്ടാവുകയില്ല എന്നുമാത്രമല്ല, അവർക്കുവേണ്ടി കോപിക്കുന്ന വ്യക്തി പ്രാർത്ഥിക്കുന്ന കൂടി ചെയ്യും. ക്രിസ്തുവിന്റെ കോപം എപ്പോഴും സാധൂകൃത-കോപം (Justifiable Anger) ആയിരുന്നു.

ഒരു വ്യക്തിയുടെ അഹങ്കാരം, സ്വാർത്ഥത, താൻപോരിമ എന്നിവയിൽ നിന്നും പുറപ്പെടുന്ന വൈകാരിക പ്രകടനമാണ് കുറ്റകര കോപം (Liable Anger). തന്റെ കോപത്തിന് ഇരയാകുന്നവരുടെ നാശം പോലും ആഗ്രഹിക്കും. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന കോപം സാധൂകൃത-കോപവും തിന്മ ആഗ്രഹിക്കുന്നത്  കുറ്റകര കോപവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.