ലത്തീൻ നവംബർ 13 ലൂക്കാ 17: 11-19 കൃതജ്ഞതാ സംസ്കാരം

ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തിന് കൃതജ്ഞത അർപ്പിക്കണം എന്നു തോന്നിയില്ലേ? (ലൂക്കാ 17:18).

സൗഖ്യം സ്വീകരിച്ച പത്തിൽ ഒരുവന്റെ തിരിച്ചുവരവ് ഒരു സംസ്കാരത്തിന്റെ – “കൃതജ്ഞതാ സംസ്കാരം” (Culture of Gratitude) – പ്രകാശനമാണ്. ഇന്നത്തെ ലോകത്തിനും തലമുറയ്ക്കും ഉത്തവാദിത്വങ്ങളേക്കാൾ അവകാശങ്ങളെക്കുറിച്ചാണ് ബോധ്യമുള്ളത്. അതിനാൽ, ലോകത്തിൽ വളർന്നുവരുന്നത് “അവകാശ സംസ്കാരം” (Culture of Entitlement) ആണ്.

ഹൃദയത്തിൽ കൃതഞ്ജതയുള്ളവരാണ് ജീവിതത്തിൽ ഏറ്റവും ആനന്ദം അനുഭവിക്കുന്നവർ. കാരണം, അവർ തങ്ങളുടെ ആന്തരീകജീവിതത്തിൽ നിറവുള്ളവരാണ്. പുരുഷനെ അറിയാതെയുള്ള ഗർഭധാരണം ഉണ്ടാക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് അറിയാവുന്ന മറിയം, അതിനിടയിലും ദൈവത്തിന്റെ കരങ്ങൾ തന്നിലൂടെ പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവ് ജനിപ്പിച്ച കൃതജ്ഞത  മറിയത്തെ ആനന്ദപൂരിതയാക്കുന്നതിന്റെ പ്രകടനമാണ് അവളുടെ – “എന്റെ ആത്മാവ് ദൈവത്തെ വാഴ്ത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ  ആനന്ദിക്കുന്നു…” എന്ന കൃതജ്ഞതാപ്രാർത്ഥനയുടെ (Magnificat) അന്തസത്ത. ഇപ്രകാരം “ആനന്ദിക്കുന്ന മറിയം” (Rejoycing Mary) ആണ് ഒരു അനുഗ്രഹമായി എലിസബത്തിന്റെ ഭവനത്തിലേയ്ക്ക് സഹായഹസ്തവുമായി കടന്നുചെല്ലുന്നത്.

ദൈവത്തോടും മനുഷ്യരോടും ലോകത്തോടുമൊക്കെ നന്ദിയുള്ളവരായിരിക്കുവാൻ നിരവധി കാരണങ്ങളുണ്ട്. അവ കൃതജ്ഞതയുടെ മനോഭാവങ്ങൾ ഹൃദയത്തിൽ ജനിപ്പിച്ച് വാക്കിലും പ്രവർത്തിയിലും പ്രകാശിപ്പിക്കപ്പെടുമ്പോൾ മനുഷ്യർ “കൃതജ്ഞതാ സംസ്കാരം” ജീവിക്കുന്നവരാകുന്നു. ഹൃദയത്തിൽ കൃതഞ്ജതയുള്ളവർ അഥവാ കൊടുക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നവരാണ് ആനന്ദിക്കുന്നവർ. കിട്ടേണ്ടതിനെക്കുറിച്ച് ചിന്തിക്കുന്നവർ അഥവാ അവകാശബോധം മാത്രമുള്ളവരാണ് അസന്തുഷ്ടർ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ