ലത്തീൻ ജൂലൈ 21 ലൂക്കാ 10: 38-42 ആതിഥ്യത്തിലെ ആധ്യാത്മികത

ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല (ലൂക്കാ 10: 42).

തന്നെ സന്ദർശിച്ച, തികച്ചും അപരിചിതരായ മരുഭൂമിയാത്രികരെ തികഞ്ഞ എളിമയോടും ഉദാരതയോടെയും ആതിഥ്യമര്യാദയോടും കൂടെ സ്വീകരിക്കുന്ന അബ്രാഹത്തിന്റെ മനോഹര മാതൃക ഉൽപത്തി പുസ്തകത്തിലുണ്ട്.

ഗുരുവിനായി ഭൗതീകമായി എല്ലാ അർത്ഥത്തിലും ഭവനത്തെ ഒരുക്കി ക്ഷണിക്കുന്ന മർത്താ  ആതിഥ്യമര്യാദയുടെ മൂർത്തീഭാവമാണ്. എന്നാൽ, തിരക്കുകൾക്കിടയിലെ  പലവിചാരം ഹൃദയത്തിൽ ഗുരുവിനായി ഒരു ഇടം ഒരുക്കുന്നതിൽ അവളെ തടസ്സപ്പെടുത്തി. ഭവനത്തിൽ ആർക്കെങ്കിലും മുറിയും സൗകര്യങ്ങളും ഒരുക്കുന്നത് ഒരു മര്യാദ ആകുന്നുവെങ്കിൽ, ദൈവത്തിനും മനുഷ്യർക്കും എനിക്കു തന്നെയും എന്റെ ഹൃദയത്തിൽ  ഇടം നൽകുമ്പോഴാണ് ആതിഥ്യം ഒരു പുണ്യം ആകുന്നത്. കാൽപാദത്തിങ്കലിരുന്ന് ഗുരുവിനെ ശ്രവിച്ച മർത്തയുടെ സഹോദരിയായ മറിയത്തെപ്പോലെ വചനശ്രവണത്തിനും ധ്യാനത്തിനും പ്രാർത്ഥനയ്ക്കും സമയം  കണ്ടെത്തുമ്പോൾ ദൈവത്തിന് നാം നമ്മുടെ ഹൃദയത്തിൽ ആതിഥ്യം നൽകുകയാണ് ചെയ്യുന്നത്.

മറ്റുള്ളവരുടെ ജീവിതങ്ങളിൽ സ്നേഹപ്രകാശം നൽകുന്നതിനായി എനിക്ക് സമയവും സ്ഥലവും ഉണ്ടാകുമ്പോൾ, മറ്റുള്ളവർക്ക് ഞാൻ ഹൃദയത്തിൽ ആതിഥ്യം നൽകുകയാണ് എന്നുപറയാം. ഒരു വ്യക്തി ആന്തരീകജീവിതത്തിൽ നിശബ്ദതയിൽ ആത്മപരിശോധനയും, പ്രാർത്ഥനയിൽ ദൈവക്യവും സാക്ഷാത്കരിക്കുമ്പോൾ  തന്നോടുതന്നെ ആതിഥ്യം പുലർത്തുകയാണ് എന്നുപറയാം.

ഭവനത്തിൽ മുറിയും ഭക്ഷണവും ഒരുക്കി മർത്താ, ആതിഥ്യത്തിൽ ശുശ്രൂഷയുടെയും, മറിയം വചനശ്രവണത്തിലൂടെ സാന്നിധ്യത്തിന്റെയും  മാതൃകയായി. ആതിഥ്യത്തെ ആന്തരികജീവിതത്തിൻറെ ഭാഗമാക്കി മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു. മുറി ഒരുക്കുക എന്നതിലും പ്രാധാന്യമേറിയതാണ് മനം ഒരുക്കുക എന്നത്.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ