ലത്തീൻ മാർച്ച്‌ 19 മത്തായി 1:16, 18-21 (യൗസേപ്പിതാവിന്റെ തിരുനാൾ) ദൈവികനീതിയും നിയമാനുസൃതനീതിയും

അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു (മത്തായി 1:19).

യൗസേപ്പിന്റെ നീതിബോധം രക്ഷാകര ചരിത്രത്തിൽ വരെ നിർണ്ണായകമായ ഒന്നാണ്. വിവാഹത്തിനു മുമ്പായി മറിയം ഗർഭിണിയായി എന്ന് തിരിച്ചറിയുന്ന യൌസേപ്പ്, നിയമാനുസൃനീതി അനുസരിച്ചു (Legalistic Rightousness) അവളെ പൊതുജനസമക്ഷം കൊണ്ടുവന്ന് ശിക്ഷിക്കാമായിരുന്നിട്ടും ദൈവികനീതി അനുസരിച്ച് (Divine Rightousness) അവൾക്ക് അവമതി വരുത്താതെ രഹസ്യത്തിൽ ഉപേക്ഷിക്കാനാണ് ശ്രമിച്ചത്.

നിയമാനുസൃതനീതിയുടെ അടിസ്ഥാനം നിയമങ്ങളായിരുന്നെങ്കിൽ, ദൈവികനീതിയുടെ അടിസ്ഥാനം ദൈവികസ്വഭാവമായ കാരുണ്യമാണ്. അതായത്,  യേശു തന്റെ പരസ്യജീവിതകാലത്ത് നീതിജീവിതത്തെക്കുറിച്ച് ശിഷ്യരെ പഠിപ്പിച്ചത്, “നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രാവേശിക്കുകയില്ലെന്നു  ഞാന്‍ നിങ്ങളോടു പറയുന്നു (മത്തായി 5:20) എന്ന യേശുപഠനം യൌസേപ്പ്  യേശുവിന്റെ ജനനത്തിന് മുൻപുതന്നെ ജീവിതത്തിൽ പകർത്തി.

വിവാഹത്തിന് മുൻപായി ഗർഭിണിയായി കാണപ്പെടുന്നവളെ കല്ലെറിഞ്ഞു കൊല്ലാൻ യഹൂദനിയമം അനുവദിച്ചിരുന്നതിനാൽ, ദൈവികനീതിക്ക് പകരമായി നിയമാനുസൃതനീതി യൌസേപ്പ് അനുവർത്തിച്ചിരുന്നെങ്കിൽ കുരിശുമരണത്തിന് മുമ്പുതന്നെ യേശു വധിക്കപ്പെടുമായിരുന്നുഅഥവാ രക്ഷകന്റെ അമ്മയുടെ മരണത്തോടൊപ്പം രക്ഷകനെയും ലോകത്തിന് നഷ്ടപ്പെടുമായിരുന്നു.

നിയമാനുസൃതനീതിയുടെ പാലനം മാനുഷികനീതി ഉറപ്പു വരുത്താൻ ഒരു പരിധിവരെ ആവശ്യമെങ്കിൽ തന്നെയും ദൈവികനീതിയുടെ പാലനം സ്വര്‍ഗ്ഗം ഭൂമിയിൽ സംജാതമാക്കുന്നതിന് അനിവാര്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.