ലത്തീൻ ജൂൺ 17 മത്തായി 6: 7-15 പ്രാർത്ഥന പന്ഥാവ് 

“നിങ്ങള്‍ ഇപ്രകാരം പ്രാർത്ഥിക്കുവിൻ…” (മത്തായി 6:9).

കർതൃപ്രാർത്ഥനയെ അതിന്റെ ഘടനാടിസ്ഥാനത്തിൽ സമീപിക്കുമ്പോൾ ലംബവും സമാന്തരവുമായ മാനങ്ങൾ കണ്ടെത്താൻ സാധിക്കും. ലംബമാനത്തിൽ ദൈവത്തിന് അർഹിച്ച മഹത്വം “തിരുനാമ മഹത്വത്തിലൂടെയും” (അങ്ങയുടെ നാമം പൂജിതമാകണമേ..), “ദൈവഭരണ സമാഗമനത്തിലൂടെയും” (അങ്ങയുടെ രാജ്യം വരണമേ..), “ദൈവേഷ്ട നിർവഹണത്തിലൂടെയും” (അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ..) നൽകുന്നു.

കർതൃപ്രാർത്ഥനയുടെ രണ്ടാം ഭാഗം അതിന്റെ സമാന്തരമാന അർത്ഥത്തിൽ ദൈവപൈതലായ ക്രിസ്തുശിഷ്യന്റെ വിശ്വാസജീവിതത്തിന് ആവശ്യമായ ആവശ്യങ്ങളുടെയും കൃപകളുടെയും യാചനയാണ്.  സമയം എന്ന ദൈവദാനത്തിന്റെ മൂന്ന് ഘട്ടങ്ങളിലും (ഭൂതം, വർത്തമാനം, ഭാവി) അനുഭവവേദ്യമാകേണ്ട ദൈവപരിപാലനയ്ക്കു വേണ്ടിയുള്ള യാചനയാണിത്.

അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ” (മത്തായി 6:11) എന്നത് വർത്തമാനകാലത്തെ (Present) ദൈവപരിപാലനയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയും; “ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ” (മത്തായി 6:12) എന്നത് ഭൂതകാലത്തിന്റെ (Past) വിശുദ്ധീകരണത്തിനുള്ള പ്രാർത്ഥനയും; “ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ” (മത്തായി 6:13) എന്നത് ഭാവികാലത്തെ (Future) ആത്മീയസുരക്ഷയ്ക്കു വേണ്ടിയുള്ള യാചനയുമാണ്.

മനുഷ്യന്റെ അഭിലാഷങ്ങളിലേക്ക് ദൈവശ്രദ്ധയെ ക്ഷണിക്കാനുള്ള വഴിയായിട്ടല്ല, മറിച്ച് സമ്പൂർണ്ണ സമർപ്പണത്തിലൂടെ ദൈവേഷ്ടത്തെ സ്വന്തം ഇഷ്ടമായി സ്വീകരിക്കുകയാണ് പ്രാർത്ഥനയുടെ ലക്ഷ്യം എന്ന കർതൃപ്രാർത്ഥനയുടെ അന്തഃസത്ത വ്യക്തമാക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.