ചേറിന്റെ മണമുള്ള ഒരു അപ്പന്റെ മകനായ വൈദീകന്റെ ചങ്കിൽ തൊട്ട കുറിപ്പ്

“ഇത് വെറുമൊരു വൈദീകന്റെ നൊമ്പരമല്ല. പാടത്തും പറമ്പിലും വിയർപ്പൊഴുക്കി വളർത്തിയ ഒരു തനി കുട്ടനാട്ടുകാരന്റെ ചേറിന്റെ മണമുള്ള ഒരു അപ്പന്റെ മകനായ വൈദീകന്റെ ചങ്കിൽ തൊട്ട വേദനയാണ് ഈ കുറിപ്പ്.” എന്ന വാചകത്തോടെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുട്ടനാട്ടിലെ മുട്ടാറിൽനിന്നുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ യുവ വൈദികനായ റ്റിജോ പുത്തൻപറമ്പിൽ അച്ചന്റേതാണ് ഈ ഹൃദയ സ്പർശിയായ കുറിപ്പ്. റ്റിജോ അച്ചൻ ഇപ്പോൾ കുട്ടനാട്ടിലെ കാവാലം പള്ളിയിൽ വികാരി ആയി സേവനം ചെയ്യുന്നു. ഒപ്പം ചങ്ങനാശ്ശേരി തുരുത്തി ‘കാനാ’യിൽ കൗൺസിലിങ്ങിൽ ഉപരി പഠനവും നടത്തുന്നു. കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായ അന്നു മുതൽ അവിടുത്തെ വിവിധ സ്ഥലങ്ങളിൽ ഓടി നടന്നു രക്ഷാപ്രവർത്തനത്തിൽ വ്യാപൃതനായിരുന്ന റ്റിജോ അച്ചൻ, രക്ഷാപ്രവർത്തനങ്ങൾക്കു ശേഷവും തന്റെ ക്ഷീണമെല്ലാം മാറ്റിവച്ചു ദുരിതാശ്വാസ ക്യാമ്പിൽ എത്തി ‘പാതിരാമഴയേതോ…’ പാടി അവിടെയുള്ളവരെ സന്തോഷിപ്പിച്ചു.

‘പ്രിയപ്പെട്ട ചാനൽ സുഹൃത്തുക്കളെ, പത്രപ്രവർത്തക സഹോദരങ്ങളെ,’ എന്ന അഭിസന്ധനയോടെ മാധ്യമ പ്രവർത്തകരെ ഉദ്ദേശിച്ചു എഴുതിയതാണെങ്കിലും ഇത് എല്ലാവർക്കും ഉള്ള കുറിപ്പാണ്… ഇത് റ്റിജോ അച്ചന്റെ മാത്രമല്ല, ഓരോ കുട്ടനാട്ടുകാരെന്റെയും ചങ്കിൽ തൊട്ട വേദനയാണ്… ഉള്ളിൽ പിടയുന്ന നൊമ്പരമാണ്…. റ്റിജോ അച്ചൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയപ്പെട്ട ചാനൽ സുഹൃത്തുക്കളെ, പത്രപ്രവർത്തക സഹോദരങ്ങളെ,
നമ്മുടെ കേരളം ഈ വലിയ പ്രളയ ദുരന്തത്തെ അഭിമുഖീകരിച്ചപ്പോൾ നൽകിയ വാർത്തകളെയും ഇടപെടലുകളെയും നന്ദിയോടെ ഓർക്കുന്നു. പക്ഷെ ഒരു കാര്യം സനേഹത്തോടെ കുറിക്കട്ടെ. നിങ്ങൾ ചങ്ങനാശ്ശേരി ചന്തക്കടവിലെ അഞ്ചു വിളക്കിന്റെ ചുവട്ടിലോ പെരുന്ന മനക്കച്ചിറ റോഡിൽ നിന്നു കൊണ്ട് സൂം ചെയ്തു നോക്കിക്കണ്ടതല്ല റിയൽ കുട്ടനാട്. കുട്ടനാടിന്റെ ഹൃദയം കാണണമെങ്കിൽ കുട്ടനാട്ടിൽ തന്നെ എത്തണമായിരുന്നു. രണ്ടു ദിവസത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം കൊണ്ട് മുങ്ങിയ റാന്നിയും പത്തനംതിട്ടയും ചെങ്ങന്നൂരും നിങ്ങൾക്കു വലിയ വാർത്തകളായിരുന്നു. നല്ല കാര്യം’….

പക്ഷെ അടുത്തടുത്തുണ്ടായ മൂന്നു നാലു വെള്ളപ്പൊക്കം കൊണ്ടും അവസാനത്തെ മഹാപ്രളയം കൊണ്ടും ശരിക്കും തകർന്നത് ആലപ്പുഴ കോട്ടയം പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാടു തന്നെ. ചങ്ങനാശ്ശേരി- ആലപ്പുഴ റോഡിൽ വാഹനമോടിയിട്ട് 45 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നത് അതിന്റെ ഭീകരത ഓർമ്മപ്പെടുത്തുന്നും…

തുടർച്ചയായി രണ്ടാഴ്ച്ചയിൽ കൂടുതലായി വെള്ളത്തിൽ മുങ്ങിപ്പോയ കുട്ടനാട് വെള്ളത്തിൽ നിന്നു കരകാണാൻ ഇനിയും ആഴ്ച്ചകൾ വേണ്ടിവരും. പുതിയ വാർത്തകൾ കിട്ടുമ്പോൾ നിങ്ങളും എല്ലാം മറക്കും… ഓരോ കുട്ടനാട്ടുകാരനും നഷ്ടപ്പെട്ടത് ആർക്കു തിരിച്ചു കൊടുക്കാൻ കഴിയും. ഒരു പുരുഷായുസിൽ പാടത്തും പറമ്പിലും വിയർപ്പൊഴുക്കിയും കന്നുകാലികളെ പോറ്റിയും അവന്റെ മക്കൾ വിദേശത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതും കടം വാങ്ങിയും അവൻ കരുപ്പിടിപ്പിച്ച സ്വപ്നങ്ങളാണ് ഈ പ്രളയത്തിൽ ഒലിച്ചു പോയത്. പ്രതീക്ഷയോടെ ഉള്ളതു വിറ്റു പെറുക്കി കൃഷിയിറക്കിയ പാടങ്ങളാണ് മുങ്ങി പോയത്. കണ്ണുനീരിലും വിയർപ്പിലും ചാലിച്ച് കുട്ടനാട്ടുകാരൻ കെട്ടിപ്പൊക്കിയ അവന്റെ കിടപ്പാടം പോലും നഷ്ടപ്പെട്ട വീട്ടിലേക്ക് എങ്ങനെ കയറിച്ചെല്ലും എന്ന ആധിയിലാണ് ചങ്ങനാശ്ശേരിയുടെ പരിസരങ്ങളിലും ആലപ്പുഴയിലുമൊക്കെ ക്യാമ്പുകളിൽ കഴിയുന്ന കുട്ടനാട്ടുകാരുടെ മനസ്സ്.

സർവ്വതും നഷ്ടപ്പെട്ടവന്റെ വേദനയിൽ പങ്കുചേരാനും അവന്റെ പ്രതീക്ഷയുടെ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ചു കൊടുക്കാനും നമുക്കു ഒത്തു നിലക്കാൻ കഴിയണം. രക്ഷാപ്രവർത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാനും വീതം വെയ്ക്കാനും രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുമ്പോൾ നിങ്ങളുടെ ചാനലുകളിലെ അന്തിച്ചർച്ചകൾ വിഴുപ്പലക്കാനും മലർന്നു കിടന്നു തുപ്പാനുമുള്ള വേദികൾ ആവാതിരിക്കട്ടെ. മനസാക്ഷിയുടെ സ്വരമാകാൻ നിങ്ങൾ മാധ്യമങ്ങൾക്കു കഴിയട്ടെ. ഇനി നമുക്കു വിശ്രമിക്കാൻ നേരമില്ല. ഇന്ത്യയിൽ കേരളമന്നൊരു സംസ്ഥാനമുണ്ടെന്ന് പുതുചരിത്രം സൃഷ്ടിച്ചു കാണിച്ചു കൊടുക്കാൻ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. രാഷ്ട്രീയ വൈരം മറക്കാനും മതത്തിന്റെ പേരിലുള്ള ശത്രുതയുടെ മതിൽക്കെട്ടു തകർക്കാനും ഈ മഹാപ്രളയം വഴിയൊരുക്കണം. ഞാൻ ഈ പോസ്റ്റിന്റെ കൂടെ ചേർത്തിരിക്കുന്നത് കുട്ടനാട്ടിലെ രക്ഷാപ്രവർത്തനത്തിന്റെ അവസാന ദിനത്തിൽ മുട്ടാർ, മിത്രക്കരി, കളങ്ങര പ്രദേശങ്ങളിലെ രണ്ടു ദിവസം മുമ്പെടുത്ത ഏതാനും വീടുകളുടെ ചിത്രങ്ങൾ മാത്രമാണ്. ഇനിയും എന്റെ കൈവശം ചിത്രങ്ങൾ ഉണ്ട്.

കുട്ടനാട്ടിൽ മാത്രം 50000 അധികം വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. കേരളത്തിലെ എല്ലായിടത്തെയും വീടുകളിലെ വെള്ളമിറങ്ങിയാലും കുട്ടനാട്ടുകാർ വീട്ടിലെത്തി താമസം തുടങ്ങാൻ ആഴ്ച്ചകളെടുക്കും… അവന്റെ സ്വന്തം അടുക്കളയിൽ തീ പുകയാൻ മാസങ്ങളും. വെള്ളം ഇറക്കം തിരിച്ചതുകൊണ്ട് വൈകാതെ ക്യാമ്പുകൾ പിരിച്ചുവിട്ടേക്കാം. കിടപ്പാടം നഷ്ടപ്പെട്ട, ഉപജീവന മാർഗ്ഗമായിരുന്ന കൃഷി നഷ്ടപ്പെട്ട, കന്നുകാലികൾ നഷ്ടപ്പെട്ട, പ്രതീക്ഷ നഷ്ടപ്പെട്ട കുട്ടനാട്ടുകാരെ ആരും മറക്കരുതെ. അവർക്കു വേണ്ടി യാചിക്കാൻ ഒരു ജന പ്രതിനിധി പോലുമില്ല…

ഇത് വെറുമൊരു വൈദീകന്റെ നൊമ്പരമല്ല. പാടത്തും പറമ്പിലും വിയർപ്പൊഴുക്കി വളർത്തിയ ഒരു തനി കുട്ടനാട്ടുകാരന്റെ ചേറിന്റെ മണമുള്ള ഒരു അപ്പന്റെ മകനായ വൈദീകന്റെ ചങ്കിൽ തൊട്ട വേദനയാണ് ഈ കുറിപ്പ്…

സനേഹപൂർവ്വം, ഫാ. റ്റിജോ പുത്തൻപറമ്പിൽ,
വികാരി, കാവാലം
ചങ്ങനാശ്ശേരി അതിരൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.