പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസും ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷനും

കോട്ടയം ജില്ലയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ന്യൂഡല്‍ഹിയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

പ്രളയദുരിതം ബാധിച്ച ജില്ലയിലെ 500 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. മനുഷ്യത്വപരവും സാഹോദര്യത്തില്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളാണ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈത്താങ്ങൊരുക്കുന്ന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനശൈലി മഹനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

അരി, പഞ്ചസാര, ഗോതമ്പുപൊടി, കടല, ചെറുപയര്‍, റവ, ചായപ്പൊടി, കടുക്, കുക്കിംഗ് ഓയില്‍ മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഉള്‍പ്പെടുന്ന 1000 രൂപാ വീതം വിലയുള്ള ഭക്ഷ്യകിറ്റുകളാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കിയത്.

ഫാ. സുനിൽ പെരുമാനൂർ, എക്സിക്യൂട്ടീവ് സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.