പ്യോഗ്യാംഗ് സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പായ്ക്ക് കിമ്മിന്റെ ക്ഷണം

ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാംഗ് സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പായെ ക്ഷണിച്ചു കൊണ്ട് കിം ജോ൦ഗ് ഉൻ. അടുത്ത ആഴ്ച വത്തിക്കാൻ സന്ദർശിക്കുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ വഴിയാണ് ക്ഷണക്കത്ത് പാപ്പായ്ക്ക് കൈമാറുന്നത്.

ഈ ക്ഷണം പാപ്പാ സ്വീകരിച്ചാൽ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാകും ഫ്രാൻസിസ് പാപ്പാ. ഇതിനു മുൻപ് കിമ്മിന്റെ പിതാവ് ജോൺ പോൾ രണ്ടാമൻ പാപ്പായെ ക്ഷണിച്ചിരുന്നു എങ്കിലും ആ സന്ദർശനം നടന്നിട്ടില്ല. 2000 ൽ ആണ് കിം ജോ൦ഗ് ഇൽ ജോൺ പോൾ രണ്ടാമൻ പാപ്പായെ ക്ഷണിച്ചു കൊണ്ടുള്ള കത്ത് കൈമാറിയത്.

ഉത്തര കൊറിയയും വത്തിക്കാനും തമ്മിൽ നയതന്ത്ര ബന്ധം ഒന്നും തന്നെ ഇല്ല. ഭരണഘടനയിൽ മത സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി മതങ്ങൾക്കു പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത നിലപാടാണ് ഉത്തരകൊറിയ സ്വീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.