ഇരുളിന്റെ നിഴലിലെ ആ ദിനങ്ങളുടെ ബാക്കിപത്രം

ശില്പാ രാജൻ  

കേരളത്തിന്റെ ചരിത്രത്തിൽ ഭീതിയുടെ നിഴൽ വീഴ്ത്തിയ ആറു ദിവസങ്ങൾ. സമ്പന്നനെയും ദരിദ്രനെയും തുല്യനാക്കി കുതിച്ചെത്തിയ പ്രളയം. ജീവൻ മാത്രം ബാക്കിയാക്കി മറ്റെല്ലാം തൂത്തെടുത്തു പ്രളയം സംഹാര താണ്ഢവമാടിയപ്പോൾ കേരളത്തിനു നിസ്സഹായതയോടെ നോക്കി നില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നാൽ പ്രളയം ഒന്ന് തെളിയിച്ചു. വേദനയുടെ നിമിഷങ്ങളിൽ, ഭീകരതയുടെ നിമിഷങ്ങളിൽ തളരാതെ കൈകോർത്ത മലയാളിയുടെ നന്മയുടെ, മനുഷ്യത്വത്തിന്റെ, ഐക്യത്തിന്റെ മുഖം.

1924-നു ശേഷം ഉണ്ടായ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് ഇത്തവണ കേരളം നേരിട്ടത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സംസ്ഥാനം കര കയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിച്ചത്.

ദിവസങ്ങളായി ദുരന്തം വാരി ചൊരിഞ്ഞ പ്രളയം കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തലങ്ങളെ തന്നെ താറുമാറാക്കി.  മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളുടെ ജലനിരപ്പിലെ വലിയ ഏറ്റ-കുറച്ചിലുകള്‍, കേരള സമൂഹത്തെ വളരെ പ്രതികൂലമായി ബാധിച്ചു. പ്രളയം ചെറിയ തോതില്‍ ബാധിച്ച തിരുവനന്തപുരം, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ തന്നെ ജന ജീവിതം പൂര്‍വ സ്ഥിതിയില്‍ എത്തിയിട്ടില്ല. കോട്ടയം അടങ്ങുന്ന മധ്യകേരളവും ഇവയില്‍ നിന്ന് കരകയറുന്നതേ  ഉള്ളു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം തുടങ്ങിയ ജില്ലകള്‍ ആ ദുരന്തത്തില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തിലെ 14-ല്‍ പത്തു ജില്ലകളിലും പ്രളയം കാര്യമായി തന്നെ നാശം വിതച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. 752 ക്യാമ്പുകള്‍. ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായതും ഇവിടെ നിന്ന് തന്നെ. 20 പേര്‍ എന്നാണ് ഔദ്യോഗിക കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. 3,01,719 ആളുകള്‍ ഇവിടെ ക്യാമ്പുകളില്‍ ഉണ്ട്. ഇതിനു തൊട്ട് പിന്നാലെ, തൃശൂരും കോട്ടയവും പത്തനംതിട്ടയും സ്ഥാനം പിടിച്ചു.

ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് ഇടുക്കിയിലാണ്, മരണസംഖ്യ 45. ഇടുക്കിക്ക് തൊട്ടു പിന്നാലെ 37 പേരുമായി തൃശൂരും. മരണസംഖ്യയില്‍ മൂന്നാമത് എത്തി നില്‍ക്കുന്നത് എറണാകുളവും ആലപ്പുഴയുമാണ്. 27 പേർ മരിച്ചു എന്നാണ് ഇവിടെനിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്താകെ 11,001 വീടുകളാണു തകർന്നത്. ഇതിൽ 699 എണ്ണം പൂർണമായും 10,302 എണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്.  10 ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കായി 6000-ത്തോളം ക്യാമ്പുകള്‍ സംസ്ഥാനത്ത് ഒട്ടാകെ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമായിയാണ് നടക്കുന്നത്. ബുധനാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം, പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 231 – ആണ്. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 32 പേരെയാണ് പ്രളയത്തില്‍ കാണാതായത്. പരിക്കേറ്റ 123 പേര്‍ ചികിത്സയിലാണ്. 3527 ദുരിതാശ്വാസ ക്യാമ്പുകളാണ് ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുള്ളത്. 2,37,991 കുടുബങ്ങളിലെ 9,33,875 പേരാണ് ക്യാമ്പുകളിലുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

4441 കോടി രൂപയുടെ നഷ്ടമാണ് റോഡ്‌ നിര്‍മ്മാണത്തിന്റെ മേഖലയില്‍ സംഭവിച്ചിരിക്കുന്നത്. 221 പാലങ്ങള്‍ക്ക് പ്രളയം മൂലം കേടുപാട് സംഭവിച്ചിട്ടുണ്ട്. 59 പാലങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗതമേഖലയിലെ പുനരുദ്ധാരണത്തിനായി ആയിരം കോടി രൂപ നേരത്തേ തന്നെ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. 26ലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. 2.80 ലക്ഷം കർഷകരുടെ 45,988 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. കാർഷിക മേഖലയുടെ തന്നെ നഷ്ടം ഏതാണ്ട് 1100 കോടി രൂപയോളമാണ്.

വീടുകളില്‍ വെള്ളം കയറിയതിന്‍റെ ഭാഗമായി രേഖകളും കുട്ടികളുടെ പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടു. കുട്ടികള്‍ക്കായി 36 ലക്ഷം പുസ്തകങ്ങള്‍ സര്‍ക്കാര്‍ അച്ചടിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇവ പുസ്തകങ്ങള്‍ നഷ്ടമായ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കും. വിദ്യാഭ്യാസ വകുപ്പ് അതിന്‍റെ കണക്കുകള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് പാഠ പുസ്തകം എത്തിക്കാനാണ് തീരുമാനം. ഈ പ്രതിസന്ധി കാരണം ഓണപ്പരീക്ഷയും മാറ്റി വെച്ചു.

പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 30 ദിവസത്തെ കർമപദ്ധതിയാണ് ആരോഗ്യവകുപ്പു ഒരുക്കിയിരിക്കുന്നത്. ശുചിതം ഉറപ്പു വരുത്താന്‍ 40,000 പോലീസുകാരെ നിയമിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച എല്ലാ പഞ്ചായത്തുകളിലും ആറ് വീതം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ആരോഗ്യവകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും അടിയന്തര സഹായമായി 500 കോടി രൂപാ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ സംഘടനകളും, സ്ഥാപനങ്ങളും വ്യക്തികളും സംസ്ഥാനങ്ങളും സഹായ വാഗ്ദാനം എത്തി ചേര്‍ന്ന് കഴിഞ്ഞു.

അക്ഷരാർത്ഥത്തിൽ കേരളത്തെ ഒന്നും ഇല്ലാത്തതാക്കി കടന്നു പോയ ഒരു പ്രളയം. എന്നാൽ അവിടെയും തങ്ങളുണ്ട് കൂടെ, തോൽക്കാൻ കേരളത്തെ സമ്മതിക്കില്ല എന്ന വാശിയോടെ ആയിരക്കണക്കിന്  ജീവനെ കോരിയെടുത്തു ദുരന്തത്തിൽ നിന്ന് കരകയറ്റിയ കുറെ മനുഷ്യർ.  ഇതു നഷ്ടങ്ങൾക്കിടയിലും കരുതലിന്റെ കരം തീർത്ത, വേദനിക്കുന്നവർക്കായി ലോകത്തിന്റെ പല ഭാഗത്തു നിന്നും സഹായ ഹസ്തവുമായി എത്തി നിങ്ങൾ ഒറ്റക്കല്ലെന്നു ഓർമിപ്പിച്ച ആറു ദിവസങ്ങളുടെ നേർചിത്രം.

ശില്പാ രാജൻ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.