നവ കേരളത്തിന്റെ നിര്‍മ്മാണത്തില്‍  ആരെയൊക്കെ പരിഗണിക്കും?

ശില്പാ രാജൻ

 

നവ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും. പ്രളയം അവശേഷിപ്പിച്ച കുറച്ചു ജീവനുകളെ മാത്രം ചേര്‍ത്ത് നിര്‍ത്തി, വികസനത്തിന്‍റെയും ജീവിതത്തിന്‍റെയും ആദ്യ പാഠങ്ങള്‍ നെയ്തു മുന്നോട്ട് കുതിക്കാന്‍ ഒരുങ്ങുകയാണ് കേരളം. നവ കേരളം സൃഷ്ടിക്കാനുള്ള ഈ ഓട്ടത്തില്‍ ആരൊക്കെ മുന്‍ നിരയില്‍ ഉണ്ടാവും? ആരൊക്കെ ചവിട്ടി മെതിക്കപ്പെടും? നവ കേരളം എന്ന നൂതന ആശയവുമായി മുന്നോട്ട് നീങ്ങുമ്പോള്‍ ആരൊക്കെയാണ് പരിഗണന പട്ടികയില്‍ ഇടം പിടിക്കുക? തഴയപ്പെടുന്നവര്‍ ആരൊക്കെ?

ലൈഫ് ഡേ ഇടുക്കിയിലെ ദുരിത ബാധിതരില്‍ ചിലരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

 പ്രസക്തം

· ബാധിച്ചോ?

പ്രളയം ബാധിച്ചോ എന്ന ചോദ്യത്തിനു രണ്ടു മറുപടിയാണ് ഇടുക്കിയിലെ ചില ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് രേഖപ്പെടുത്താന്‍ ഉള്ളത്. ബാധിച്ചു പക്ഷേ സര്‍ക്കാര്‍ പരിഗണനയോ രാഷ്ട്രീയ ഇടപെടലോ മാധ്യമ ശ്രദ്ധയോ നേടിയില്ല.

· എന്താണ് പ്രശ്നം?

ഏക്കര്‍ കണക്കിനുള്ള ഭൂമി ഒലിച്ചു പോയി. കാര്‍ഷിക രംഗത്ത് വലിയ തിരിച്ചടി ഉയരുന്നു. മാസങ്ങളായി ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം ഒഴുകി അകന്നു. നാളെയ്ക്കായി ഒന്നും ശേഷിച്ചിട്ടില്ല. കൃഷിയാണ് ഏക തൊഴില്‍.

· എന്തുകൊണ്ട് പ്രശ്നമല്ല ?

പ്രളയം വലിയ നാശമാണ് കേരളത്തില്‍ വരുത്തി വെച്ചത്. പ്രളയത്തിന്റെ നാശനഷ്ടം കണക്കെടുക്കാന്‍ എത്തുന്നവര്‍ ചോദിക്കുന്ന ചില ചോദ്യങ്ങളും മറുപടികളും ഇതാ:

  •  ആളപായം ഉണ്ടോ? ഇല്ല
  •  ആര്‍ക്കെങ്കിലും സാരമായ പരുക്കുകള്‍ ഉണ്ടോ? ഇല്ല
  •  വീട്ടില്‍ വെള്ളം കയറിയോ? ഇല്ല
  •  ഡാം തുറന്നു വിട്ടത് കാരണം ജലനിരപ്പ്‌ ഉയര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായോ? ഇല്ല
  •  വീട് നഷ്ടപ്പെട്ടോ? ഇല്ല
  •  മണ്ണിടിച്ചില്‍ ഉണ്ടായോ? ഉണ്ടായി
  •  ഉരുള്‍പൊട്ടല്‍? ഉണ്ടായി

മുകളില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ കൊണ്ട് തന്നെ ഇത് മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയില്ല. ആളപായമോ, വെള്ളപ്പൊക്കമോ കനത്ത മണ്ണിടിച്ചിലോ ഉണ്ടായില്ല. വീടുകള്‍ നശിച്ചിട്ടില്ല. പിന്നെ എന്താണ് ഇവിടെ പ്രശ്നം എന്ന് ആശ്ചര്യപ്പെടുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. നാശ നഷ്ടത്തിന്‍റെ കണക്ക് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്കും ഈ ആശയക്കുഴപ്പം ഉണ്ടാവും.

എന്നാല്‍ പ്രശ്നം വിചാരിക്കുന്നതിലും രൂക്ഷമാണ്. ജീവനും കേറിക്കിടക്കാനുള്ള കൂരയും നഷ്ടപ്പെട്ടവരുടെ അത്രയും രൂക്ഷമല്ലെങ്കിലും  ഏതാണ്ട് സമാനമായ രീതിയിലുള്ള പ്രതിസന്ധി തന്നെയാണ് ഇവരുടേത്.

· യഥാര്‍ത്ഥ പ്രശ്നം

കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു ജന വിഭാഗമാണ്‌ ഇടുക്കിയില്‍ ഉള്ളത്. സ്വന്തമായി ഉള്ള ഒന്ന് രണ്ടു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് ഉപജീവന മാര്‍ഗം നടത്തുന്ന ഒരു വിഭാഗം ആളുകള്‍. ഭൂമി ഇല്ലാത്തവര്‍ പാട്ടത്തിനും മറ്റും സ്ഥലം വാങ്ങി കൃഷി ഇറക്കും. സബ്സിഡിയായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് വിളയിറക്കുന്ന സാധാരണ കര്‍ഷകര്‍. വിളയിറക്കാന്‍ പലിശയ്ക്ക് കടമെടുക്കുന്നവരാണ് അധികവും. ഏലവും കുരുമുളകും കരിമ്പും കൊക്കോയും റബ്ബറും ഒക്കെയാണ് പ്രധാന കൃഷി. കപ്പയും വാഴയും കാപ്പിയും പച്ചക്കറികളും ഒക്കെയാണ് മറ്റു കൃഷികള്‍.

2016- 17 – ലെ സംസ്ഥാനകാര്‍ഷിക കണക്ക് പ്രകാരം സംസ്ഥാനത്തിന്  51.39% കുരുമുളക് സംഭാവന ചെയ്യുന്നത് ഇടുക്കിയാണ്. കരിമ്പ്‌ കൃഷിയിലും കൊക്കോ കൃഷിയിലും ഒന്നാമന്‍ ഇടുക്കി തന്നെ. ജാതി, കപ്പ എന്നിവയുടെ കൃഷിയില്‍ മൂന്നാം സ്ഥാനമാണ് ഇടുക്കിക്ക് ഉള്ളത്.

ഇത്തരത്തില്‍ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇവരില്‍ പലരുടെയും കൃഷിഭൂമിയാണ്‌ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നശിച്ചു പോയത്. വായ്പ്പയെടുത്തും സബ്സിഡികൊണ്ടും പാട്ടത്തിനും ഒക്കെ കൃഷിയാരംഭിച്ച കര്‍ഷകര്‍ ഇനി എന്ത് ചെയ്യും? വീടും ജീവനും മാത്രം മിച്ചമുള്ള അവരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. 20 ലക്ഷം രൂപ വരി കൃഷിക്ക് ചിലവിട്ടു നഷ്ടപ്പെട്ടവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ എന്ത് ചെയ്യണം?

ഇത്തരത്തില്‍ കൃഷി ഭൂമി നഷ്ടപ്പെട്ട ഇടുക്കി കൊടക്കല്‍ പ്രദേശത്തെ ഒരു കര്‍ഷകന്റെ അനുഭവം ഇതാ. ഏലവും, കൊക്കോയും, റബ്ബറുമൊക്കെ കൃഷി ചെയ്യത് ജീവിതം മുന്നോട്ട് നീക്കുന്നവരാണ്‌ ജോയിസ് ജോസിന്റെ മാതാപിതാക്കള്‍. ഉരുള്‍പൊട്ടല്‍ തകര്‍ത്തത് അവരുടെ രണ്ടു ഏക്കര്‍ കൃഷിയിടവും ഉപജീവന മാര്‍ഗത്തിനായുള്ള ഒരു കടയുമാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൃഷി ഭൂമി പൂര്‍ണമായും ഒലിച്ചിറങ്ങി. ഉപജീവനത്തിനുള്ള ഏക ആശ്രമായ കടയും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായിടത്തെ മണ്ണ് ഒലിച്ചു വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വീടിനും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. കൃഷിയിടം നശിച്ചപ്പോള്‍ നഷ്ടമായത് 15 ലക്ഷത്തോളം രൂപയുടെ കൃഷിയാണ്. ഇനിയും ഉടനെ ഒരു കൃഷി ഇറക്കാനോ നഷ്ടം നികത്താനോ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഇതിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും സമാനമായ അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജോയിസിനെയും കുടുംബത്തെയും പോലെ ഇത്തരത്തില്‍ കൃഷിയും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ട അനേകം ആളുകള്‍ ഇടുക്കിയിലുണ്ട്.

നവകേരളത്തെ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നഷ്ട്ങ്ങളുടെ പട്ടികയില്‍ സാധാരണക്കാരായ ഈ കര്‍ഷകരുടെ കൃഷി ഭൂമിയും ഉള്‍പ്പെടുമോ? ഇവരുടെ നഷ്ടങ്ങള്‍ നികത്താന്‍ വേണ്ട  നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ?

ശില്പ രാജന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.