ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രഥമ കായികപുരസ്‌ക്കാരം സമ്മാനിച്ചു

ക്നാനായ കത്തോലിക്ക സമുദായാംഗങ്ങളിൽ ഏറ്റവും മികച്ച  നേട്ടങ്ങൾ കൈവരിക്കുന്ന പുരുഷ-വനിതാ കായികതാരങ്ങൾക്ക് ആദരവ് നൽകുന്നതിനായി കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഏർപ്പെടുത്തിയ പ്രഥമ കായികപുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അനുമോദന സമ്മേളനം  ബഹു. കേരള സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.

പ്രഥമ പുരുഷ കായിക പുരസ്‌കാര ജേതാവായ ക്രിക്കറ്റ് താരം കിടങ്ങൂർ മേക്കാട്ടേൽ സിജോമോൻ ജോസഫിനും വനിതാ കായിക പുരസ്‌കാര ജേതാവായ തായ്‌ക്കോണ്ട താരം കല്ലറ പഴയപള്ളി പഴുക്കാത്തറയിൽ മാർഗരറ്റ് മരിയ റെജിക്കും 10,000/- രൂപ കാഷ് അവാർഡും പുരസ്‌കാരവും ചടങ്ങിൽ സമ്മാനിച്ചു. കൂടാതെ ദേശീയ-സംസ്ഥാനതലത്തിൽ വിവിധ ഘട്ടങ്ങളിൽ മികവാർന്ന നേട്ടങ്ങൾ കൈവരിച്ച 38 കായികതാരങ്ങളെയും ആദരിച്ചു.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. തോമസ് അറക്കത്തറ, ഷാജി കണ്ടച്ചാംകുന്നേൽ, ബിനോയി ഇടയാടിയിൽ, സ്റ്റീഫൻ ജോർജ്ജ് എക്‌സ് എം.എൽ.എ, തോമസ് പീടികയിൽ, സ്റ്റീഫൻ കുന്നുംപുറം, ലൂമോൻ ജോസഫ്, ഡോ. ലൂക്കോസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.

മികച്ച പുരുഷ കായികതാരത്തിന് എൻഡോവ്മെന്റ് ഏർപ്പെടുത്തിയത്  തോമസ് പിടികയിലും, മികച്ച വനിതാ താരത്തിനുള്ള എൻഡോവ്മെന്റ് ഏർപ്പെടുത്തിയിയത് എം.യു. മാത്യു മാക്കിലിന്റെ സ്മരണാർത്ഥം കെ.എം. എബ്രഹാം തടത്തിലും ആയിരുന്നു.

ബിനോയി ഇടയാടിയിൽ, ജനറൽ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.