പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര – ഇരുപതാം ദിനം

നമ്മുടെ സന്തോഷം നമ്മില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ല. അത് മറ്റുള്ളവരിലേയ്ക്കു കൂടി പകര്‍ന്നുനല്‍കേണ്ടതാണ് എന്ന് ഓരോ ആഗമനകാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മറ്റുള്ളവരിലെ നന്മകളും കഴിവുകളും കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരിലേയ്ക്ക്‌ സന്തോഷം പകരുവാനും അവരെ പ്രോത്സാഹിപ്പിക്കുവാന്‍ ആളുകൾ കൂടെയുണ്ടെന്ന തോന്നൽ അവരില്‍ ഉളവാക്കുകയും ചെയ്യും. മറ്റുള്ളവരെ അംഗീകരിച്ചുകൊണ്ടും അവരുടെ കഴിവുകൾ കണ്ടെത്തുവാൻ സഹായിച്ചുകൊണ്ടും നമുക്ക് ഈ ക്രിസ്തുമസ് കാലം ആയിരിക്കാം.

മറ്റുള്ളവരിലെ കഴിവുകൾ കണ്ടെത്തുന്നതിന് ഈശോ ശ്രമിച്ചിരുന്നു. അതുപോലെ നമുക്കും ചുറ്റുമുള്ളവരുടെ ചെറിയ ചെറിയ കഴിവുകൾ കണ്ടെത്തുവാൻ ശ്രമിക്കാം. അവ കണ്ടെത്തുന്നതിനോടൊപ്പം അവരെ നമുക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. ഇന്നേദിവസം നമുക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാൻ ശ്രമിക്കാം. നിങ്ങളുടെ ജോലിയിൽ പങ്കാളിയായി ഒരു കുട്ടിയെ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടിയുമായി പങ്കുവയ്ക്കുകയും ചെയ്യാം.

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താം. അങ്ങനെ നമുക്കു ചുറ്റുമുള്ളവരെ  ഒപ്പം കൂട്ടി പുൽക്കൂട്ടിലേയ്ക്ക് യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.