പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – പതിനേഴാം ദിനം 

ക്രിസ്തുമസ് കാലം ആഗതമാകുന്നത് മറ്റുള്ളവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള സന്ദേശവുമായിട്ടാണ്. മറ്റുള്ളവരിൽ ഈശോയെ ദർശിക്കുവാൻ നമുക്ക് കഴിയണം. അത് എത്ര വലിയവനാണെങ്കിലും ചെറിയവനാണെങ്കിലും അവരിലും ദൈവമുണ്ടെന്ന് വിശ്വസിക്കുമ്പോൾ, അവരിലെ ദൈവത്തെ മാനിക്കുമ്പോൾ നമ്മുടെ ചുറ്റും സ്നേഹമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ നമുക്ക് കഴിയും.

ഈ ലോകത്തിൽ ദൈവത്തിലേയ്ക്കുള്ള വഴി കാട്ടിത്തരുവാൻ ദൈവം നമുക്കായി നൽകിയിരിക്കുന്ന വ്യക്തികളാണ് നമ്മുടെ മാതാപിതാക്കൾ. നാം ജനിക്കുന്നതു മുതൽ നമ്മെ വിശ്വാസത്തിൽ വളർത്തുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ മാതാപിതാക്കൾ; പ്രത്യേകിച്ച് അമ്മമാർ. ബാലനായ ഈശോ, തന്റെ മാതാപിതാക്കൾക്ക് വിധേയനായിട്ടായിരുന്നു ജീവിച്ചിരുന്നത്. ഈശോയെപ്പോലെ നമ്മുടെ മാതാപിതാക്കളെ സന്തോഷിപ്പിച്ചുകൊണ്ട് ഈ ക്രിസ്തുമസ് കാലം നമുക്ക് ആയിരിക്കാം.

പുൽക്കൂട്ടിൽ ഉണ്ണിയീശോയ്ക്കുള്ള സമ്മാനങ്ങളുമായുള്ള ഈ യാത്രയിൽ ഇന്നേ ദിവസം നമ്മുടെ അമ്മമാരോടൊപ്പം ആയിരിക്കാം. ദൂരത്തായിരിക്കുന്ന അമ്മമാരെ വിളിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യാം. അമ്മ നിങ്ങൾക്കായി ചെയ്തുതന്ന കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും അത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്യാം. അങ്ങനെ അമ്മമാരുടെ കൈപിടിച്ചുകൊണ്ട് പുൽക്കൂട്ടിലെ ഈശോയിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.