ചുമലു കാട്ടികൊടുത്ത കരുണയുടെ മുഖം – ജയ്‌സൽ കെ. പി. 

കേരളം വെള്ളത്തിൽ മുങ്ങിത്താണപ്പോൾ വെള്ളത്തിൽ കമിഴ്ന്നു  കിടന്നു സ്ത്രീകളെ തന്റെ മുതുകിൽ ചവിട്ടി ബോട്ടിലേക്ക് കയറ്റുവാൻ സഹായിക്കുന്ന യുവാവിന്റെ ചിത്രം കേരളം ഏറെ അത്ഭുതത്തോടെ, ആശ്വാസത്തോടെ അതിലേറെ ബഹുമാനത്തോടെയാണ് കണ്ടത്. ഇതു ജയ്‌സൽ കെ പി. വയസ് മുപ്പത്തി രണ്ട്.  ആരും വിളിക്കാതെ ‘ഞങ്ങളുള്ളപ്പോൾ കേരളത്തെ മുങ്ങിത്താഴാൻ അനുവദിക്കില്ല’ എന്ന് പ്രഖ്യാപിച്ചു ദുരിതമുഖത്ത് ദൈവത്തിന്റെ കയ്യൊപ്പുമായി ഇറങ്ങിത്തിരിച്ച അനേകം മൽസ്യത്തൊഴിലാളികളിൽ ഒരാൾ.

 

മലപ്പുറത്തെ വേങ്ങരയിൽ രക്ഷാപ്രവർത്തനത്തിനിടയിലെ ദൃശ്യങ്ങളാണ് ജൈസലിനെ സൂപ്പർ ഹീറോ ആക്കിയത്. അതിനെക്കുറിച്ചു ജെയ്സലിന്റെ വാക്കുകൾ ഇങ്ങനെ: “വേങ്ങരയിൽ രക്ഷാപ്രവർത്തനത്തിനിടെയാണ്  ഉൾഭാഗത്ത് കുറച്ച്സ്ത്രീകളും കുട്ടികളും കുടുങ്ങിക്കിടക്കുന്നു എന്ന ഒരു അറിയിപ്പ് ലഭിക്കുന്നത്. സൈന്യത്തിന് അവിടേയ്ക്കു പോകുവാൻ കഴിയില്ല എന്ന് അറിയിച്ചു. അപ്പോൾ ഞങ്ങൾ അവരോടു ചോദിച്ചു ഞങ്ങൾക്ക് ഒരു ബോട്ട് വിട്ടുതരാമോ? ബോട്ട് എത്തുന്നതുവരെ എത്തിച്ചാൽ മതി. ബാക്കി ഞങ്ങൾ നീന്തിയിട്ടാണെങ്കിലും അവരെ കൊണ്ടുവരാം. അങ്ങനെയാണ് സ്ഥലം അറിയാവുന്ന ഒരാളെയും കൂട്ടി ഞങ്ങൾ അവിടേയ്ക്കു പോകുന്നത്. അവിടെത്തിയപ്പോൾ സ്ത്രീകൾക്ക് ബോട്ടിൽ കേറാൻ പറ്റുന്നില്ല. ആ സാഹചര്യത്തിലാണ് പുറത്ത് ചവിട്ടി കേറാൻ നിന്നുകൊടുത്തത്.”

വീഡിയോ വൈറലായതിനു ശേഷം ധാരാളം ആളുകൾ അഭിനന്ദനവുമായി എത്തി. അതിൽ സന്തോഷം. എന്നാൽ ഇതു തങ്ങൾ ചെയ്തതിൽ വളരെ പ്രയാസം കുറഞ്ഞ ഒന്നായിരുന്നു എന്ന് ജയ്‌സൽ പറയുന്നു. കുത്തൊഴുക്കിനെയും മലമ്പാമ്പിനെയും അവഗണിച്ച ഇരുപത്തി ഒൻപതു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് നീന്തിയതായിരുന്നു അതിൽ ഏറ്റവും അപകടം പിടിച്ച രക്ഷാ പ്രവർത്തനം എന്ന് ജയ്‌സൽ ഓർക്കുന്നു. രക്ഷാ പ്രവര്‍ത്തനം അത് നേരിട്ട് നടത്തുമ്പോഴുള്ള അനുഭവം വേറെ തന്നെയാണ്. കടന്നു പോകുന്ന വഴികളിലെല്ലാം ജീവനുവേണ്ടിയുള്ള നിലവിളി. തങ്ങളുടെ മുന്നില്‍ എത്തുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ ഉമ്മയുടെയും സഹോദരങ്ങളുടെയും മുഖമായിരുന്നു എന്ന് ജയ്സല്‍ പറയുന്നു.

ഇപ്പോൾ രക്ഷാ പ്രവർത്തനം കഴിഞ്ഞു, മലപ്പുറത്തെ തങ്ങളുടെ ദേശമായ താനൂരിലേയ്ക്ക് മടങ്ങികയാണ് ജയ്‌സൽ ഉൾപ്പെടുന്ന ഇരുപതംഗ സംഘം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.