ഇറ്റലിയില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിച്ച് ജപമാലയും

ഒരു രാഷ്ട്രത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ജപമാലയ്ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്ന സംഭവം ചിലപ്പോള്‍ ആദ്യമായിരിക്കും. ഇറ്റലിയിലാണ് ഇപ്പോള്‍ ജപമാല സജീവ ചര്‍ച്ചാവിഷയമ ആയിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറ്റലിയിലെ ഉപ-പ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി, തന്റെ വലതുപക്ഷ പോപ്പുലിസ്റ്റ് ലീഗ് പാര്‍ട്ടി ഇടതുപക്ഷ പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജപമാല, ഇറ്റലിയിലെ രാഷ്ട്രീയ വിഷയമായി മാറിയത്.

ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതോടെ നിലവിലെ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരും. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൂടിയ സെനറ്റില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിയുസെപ്പേ കൊണ്ടെ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

രാജി പ്രഖ്യാപനത്തിന്റെ അവസരത്തില്‍ പ്രധാനമന്ത്രിക്കു തൊട്ടടുത്ത് ജപമാല ചുംബിച്ചുകൊണ്ട് ഇരിക്കുന്ന മാറ്റിയോ സാല്‍വിനിയുടെ ചിത്രങ്ങളാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അഭയാര്‍ത്ഥി വിഷയം ഉള്‍പ്പെടെ ക്രിസ്തീയ മൂല്യങ്ങളില്‍ ഊന്നിയുള്ള നിലപാടുകള്‍ കൈക്കൊണ്ടും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. തന്റെ പ്രസംഗങ്ങളില്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും, വാര്‍ത്താസമ്മേളനങ്ങളില്‍ ജപമാല കയ്യില്‍ പിടിക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി സാല്‍വിനി നേരിട്ട് രംഗത്തെത്തിയിരിന്നു.

‘ജപമാലയും, മെഡ്ജുഗോറിയിലെ മാതാവിന്റെ രൂപവുമായി പാര്‍ലമെന്റില്‍ വരാന്‍ പാടില്ലേ’ എന്നാണ് അദ്ദേഹം പരസ്യമായി ചോദിച്ചത്. ഇത് ജനാധിപത്യത്തിന് എതിരാണോ എന്നു ചോദിച്ച അദ്ദേഹം, പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥ്യം  അപേക്ഷിക്കുന്ന ഒരു എളിയവനാണ് താനെന്നും വ്യക്തമാക്കിയിരുന്നു. ജപമാല ഭക്തനായിരുന്ന വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളും അദ്ദേഹം പലയിടത്തും ഉദ്ദരിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.