മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 52

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

വിശുദ്ധനായ വൈദികൻ ഫാ. മാത്യു പള്ളത്തുമുറിയിൽ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

“വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും” (ജ്ഞാനം 6:10).

പാവനവും പരിശുദ്ധവുമായ പൗരോഹിത്യശുശ്രൂഷ വെടിപ്പോടെ അനുഷ്ഠിച്ച്, തന്റെ ജീവിതത്തിന്റെ സഹനങ്ങളെയും രോഗത്തിന്റെ തീവ്രവേദനയെയും ദൈവസന്നിധിയിൽ സമർപ്പിച്ച് വിശുദ്ധജീവിതം നയിച്ച വൈദികനാണ് മാത്യു പള്ളത്തുമുറിയിൽ അച്ചൻ.

1943 ജൂലൈ 25 -ന് പള്ളത്തുമുറിയിൽ വീട്ടിൽ ഏറത്തുമ്പമൺ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി ഇടവകാംഗമായിരുന്ന വർഗീസ് മത്തായിയുടെയും തങ്കമ്മ വർഗീസിന്റെയും കടിഞ്ഞൂൽ സന്താനമായി മാത്യു ജനിച്ചു. രാജൻ വർഗീസ്, തോമസ് വർഗീസ്, പയസ് വർഗീസ് എന്നീ മൂന്ന്‌ സഹോദരന്മാരുടെയും ഏലിയാമ്മ തോമസ്, റോസമ്മ വർഗീസ്, പൊന്നമ്മ മത്തായി എന്നീ മൂന്ന്‌ സഹോദരിമാരുടെയും മൂത്ത ജ്യേഷ്ഠൻ.

ചെന്നീർക്കര എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നിന്ന്‌ ഉയർന്ന മാർക്കോടെ പത്താം ക്ളാസ് പഠനം പൂർത്തിയാക്കിയ മാത്യു, സെമിനാരിയിൽ ചേരണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചു. ബാല്യത്തിൽ തന്നെ തികഞ്ഞ ശാന്തനും സൗമ്യനുമായിരുന്ന മാത്യു പള്ളിയുടെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു, ഇടവകയിൽ മദ്ബഹാ ശുശ്രൂഷകനുമായിരുന്നു. ആയതിനാൽ തന്നെ കുടുംബം പുലർത്തേണ്ട ഉത്തരവാദിത്വമുള്ള മൂത്ത മകന്റെ വേറിട്ട ഈ ജീവിതവഴിയെ മാതാപിതാക്കളും പിന്തുണച്ചു. അങ്ങനെ തിരുവനന്തപുരം പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു.

സെമിനാരിയിൽ പഠിക്കാൻ അതിസമർത്ഥരെയാണ് പൂനെ പേപ്പൽ സെമിനാരിയിലേക്ക് അയക്കുക. മാത്യുവിന്റെ ബുദ്ധിശക്തിയിലും സാമർത്ഥ്യത്തിലും ഉറച്ച ബോധ്യമുണ്ടായിരുന്നതിനാൽ ഭാഗ്യസ്മരണാർഹനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവ് അദ്ദേഹത്തെ അവിടേക്ക് അയച്ചു. പേപ്പൽ സെമിനാരിയിലെ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾക്കു ശേഷം 1971 സെപ്റ്റംബർ 20 -ന് പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. ഏറത്തുമ്പമൺ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ അച്ചൻ ആദ്യബലി അർപ്പിച്ചു.

അമ്പിളിക്കോണം, സൂര്യകോട്, ആദിച്ചവിളാകം, വിമലപുരം, സൂസൈപുരം, ഉന്നമളക്കട, പുതിയകാവ്, ചെന്നിത്തല, കടമ്മനിട്ട, തോന്ന്യാമല, വല്യന്തി,  കുറ്റ്യാനി, മാങ്കോട്ടുകോണം, കീരിക്കുഴി, ധനുവച്ചപുരം, മങ്ങാട്ടുകോണം, പനയറക്കൽ തുടങ്ങിയ നിരവധി ഇടവകകളിൽ വികാരിയായി അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

പ്രാർത്ഥനയുടെയും തപസിന്റെയും മനുഷ്യനായ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ സെക്രട്ടറിയായും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, മലങ്കര സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ, അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ തമിഴ് സ്കൂൾ കറസ്പോൺഡന്റ്, മാവേലിക്കര ജില്ലാ വികാരി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടവകശുശ്രൂഷയിൽ ഏറിയ കാലവും മിഷൻ പ്രദേശങ്ങളിലായിരുന്ന അച്ചൻ, അനേകരെ തന്റെ വ്യക്തിജീവിതത്തിലൂടെ ക്രിസ്തുസ്നേഹത്തിലേക്കും കത്തോലിക്കാ സഭയിലേക്കും കൂട്ടികൊണ്ടു വന്നിട്ടുണ്ട്. മിതമായ ജീവിതസാഹചര്യങ്ങളിൽ ഒതുങ്ങിജീവിച്ച് ദരിദ്രരായവരെ സാമ്പത്തികമായും സഹായിച്ചിരുന്നു.

മാത്യു അച്ചൻ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നെന്നും ലളിത ജീവിതശൈലിയുടെ ഉടമയായിരുന്നെന്നും പ്രക്ഷുബ്ധ സാഹചര്യങ്ങളിലും വളരെ സൗമനസ്യത്തോടെ ഇടപെടുന്ന ആളായിരുന്നെന്നും വൈദിക-സന്യസ്ത-ദൈവവിളികളെ തന്റെ ജീവിതമാതൃകയിലൂടെയും സ്നേഹമസൃണമായ വാക്കുകളിലൂടെയും പ്രോത്സാഹിപ്പിച്ചിരുന്നെന്നും ഏഴു വർഷക്കാലം കടമ്മനിട്ട പള്ളിയുടെ വികാരിയായിരുന്ന അച്ചന്റെ കാലത്ത് അനേകം പേർ മഠത്തിലേക്കും സെമിനാരിയിലേക്കും കടന്നുവന്നെന്നും തന്റെ ദൈവവിളിയുടെ പ്രധാന പ്രചോദകനായ അച്ചനെക്കുറിച്ച് പത്തനംതിട്ട രൂപതാംഗമായ ഫാ. ജോയ്സി പുതുപ്പറമ്പിൽ സാക്ഷ്യപ്പെടുത്തുന്നു.

അച്ചന്റെ പ്രാർത്ഥനാജീവിതത്തെക്കുറിച്ചും ജീവിതവിശുദ്ധിയെക്കുറിച്ചും ഉത്തമബോധ്യമുണ്ടായിരുന്നതിനാൽ മലങ്കരയിലെ ഭാവി വൈദികരെ വാർത്തെടുക്കുന്ന മലങ്കര മേജർ സെമിനാരിയിലെ ആദ്ധ്യാത്മികപിതാവായി മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവ അച്ചനെ നിയമിച്ചു. തന്റെ ജീവിതമാതൃകയിലൂടെയും ആദ്ധ്യാത്മിക ദർശനങ്ങളിലൂടെയും വൈദികാർത്ഥികളെ ആത്മീയമായി രൂപപ്പെടുത്താൻ അച്ചനു സാധിച്ചു.

കടമ്മനിട്ട ഇടവക വികാരിയായിരുന്ന പള്ളത്തുമുറിയിൽ അച്ചനെ തന്റെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ച വിശുദ്ധനായ വൈദികൻ എന്ന് വിശേഷിപ്പിക്കുന്ന ഇടവകാംഗമായ തോമസ് കല്ലൂർ, ദേവാലയ നിർമ്മാണത്തെ തുടർന്നുണ്ടായ വലിയ സാമ്പത്തികപ്രതിസന്ധികളെ പ്രാർത്ഥനയിലൂടെ അതിജീവിച്ചതിന്റെയും രാത്രിയുടെ യാമങ്ങളിൽ മദ്ബഹായിൽ ഇടവക ജനങ്ങൾക്കായി മുട്ടിന്മേൽ നിന്ന് കൈവിരിച്ചു പിടിച്ച് പ്രാർത്ഥിച്ചതിന്റെയുമെല്ലാം നേർസാക്ഷിയാണ്. തന്നോട് പ്രാർത്ഥനാസഹായം ചോദിക്കുന്നവരുടെ പേരുകൾ എഴുതിവച്ച് അവർക്കായി നിരന്തരം പ്രാർത്ഥിച്ചിരുന്ന അച്ചനോട് തന്റെ ജീവിതത്തിലെ വലിയ പ്രതിസന്ധികളിലെല്ലാം പ്രാർത്ഥന ചോദിച്ചിരുന്ന തോമസ് കല്ലൂർ (യൂഹാനോൻ മാർ ക്രിസോസ്‌റ്റം പിതാവിന്റെ സഹോദരൻ) ഇന്നും ജീവിതത്തിലെ വൈഷമ്യനിമിഷങ്ങളിൽ അച്ചന്റെ കബറിൽ വന്ന് പ്രാർത്ഥിച്ചതിലൂടെ സ്വർഗം അത് സാധിച്ചുതരുന്നു എന്നത് സന്തോഷത്തോടെ അനുസ്മരിക്കുന്നു.

2013 -ൽ ക്യാൻസർ രോഗബാധിതനായ അച്ചൻ തീവ്രമായ വേദനകളിലൂടെ കടന്നുപോയി. തന്റെ വേദനകൾ മുഴുവൻ മറ്റുളളവർക്കായി ദൈവസന്നിധിയിൽ കാഴ്ച്ചവച്ചു പ്രാർത്ഥിച്ചു. ജീവിതാന്ത്യം വളരെ വേഗം അടുത്തിരിക്കുന്നു എന്ന ബോധ്യത്താൽ തൈലാഭിഷേകം സ്വീകരിച്ചു. 2015 ഡിസംബർ 17 -ന് തന്റെ എഴുപത്തിരണ്ടാം വയസ്സിൽ മാത്യു പള്ളത്തുമുറിയിൽ അച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു. ഡിസംബർ 21 -ന് ബാവാ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ മാതൃ ഇടവകയായ ഏറത്തുമ്പമൺ ദേവാലയത്തിൽ ഭൗതികശരീരം സംസ്കരിച്ചു.
ജീവിതകാലത്ത് അനേകർക്കായി നിശബ്ദമായി പ്രാർത്ഥിച്ച അച്ചന്റെ കബറിൽ ഇന്ന് അനേകർ വന്ന് നിശബ്ദമായി പ്രാർത്ഥിക്കുന്നു, അനുഗ്രഹം പ്രാപിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട് : പയസ് വർഗീസ് (സഹോദരൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.