മൺമറഞ്ഞ മഹാരഥന്മാര്‍: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 44

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു

കൊല്ലം രൂപതയിലേക്ക് പുനരൈക്യപ്പെട്ട തോമസ് പതാലിലച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പ്രക്കാനം കൊല്ലന്റേത്ത് പ്ലാമൂട്ടിൽ ഗീവർഗ്ഗീസ് കൊച്ചിട്ടിയുടെയും സൂസന്നായുടെയും രണ്ടാമത്തെ മകനായി 1895-ൽ തോമസ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തു തന്നെ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളിലൂടെയും പൂർവ്വിക പരമ്പരയിലൂടെയും ലഭിച്ച വിശ്വാസത്തിന്റെ പാത മുറുകെപ്പിടിച്ച് ഒരു വൈദികനാകണം എന്ന ജീവിതനിയോഗവും പേറി കോട്ടയം എംഡി സെമിനാരിയിൽ ചേർന്നു. വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി ബസേലിയോസ്‌ ഗീവറുഗീസ് ദ്വിതീയൻ ബാവയിൽ നിന്നും പരുമല പള്ളിയിൽ വച്ച് കശീശാപട്ടം സ്വീകരിച്ചു.

അന്നത്തെ രീതിയനുസരിച്ച് പ്രമുഖകുടുംബങ്ങൾക്ക് കുടുംബവകയായി ദേവാലയവും അവിടെ ശുശ്രൂഷ ചെയ്യാൻ കുടുംബാംഗങ്ങളായ വൈദികരുമുണ്ടായിരുന്നു. അതിൻപ്രകാരം കുടുംബവകയായ തോട്ടുപുറം സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ശുശ്രൂഷയിൽ നിയമിതനായി. ദീർഘകാലം അവിടെ വികാരിയായി സേവനമനുഷ്ഠിക്കാൻ അച്ചനു സാധിച്ചു. കാരൂർ (ഇലന്തൂർ) സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തോമസ് പതാലിൽ അച്ചൻ വിവാഹം കഴിച്ചത് ഇലന്തൂർ തേവള്ളിയിൽ തോമസ് വാധ്യാരുടെ മകൾ ശോശാമ്മയെ ആണ്. ജോയിക്കുട്ടി, സണ്ണിക്കുട്ടി എന്നീ രണ്ട് ആൺമക്കളെയും നാല് പെൺമക്കളെയും നൽകി ദൈവം ആ ദാമ്പത്യബന്ധത്തെ അനുഗ്രഹിച്ചു.

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ സഭക്യൈത്തിന്റെ അലയൊളികളുയർത്തി 1930-ൽ ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തിനു മുമ്പു തന്നെ, കത്തോലിക്കാ സഭയാണ് ക്രിസ്തുശിഷ്യരിൽ പ്രഥമനായ പത്രോസിന്റെ പിൻഗാമിയാൽ നയിക്കപ്പെടുന്ന സഭ എന്ന സത്യം തിരിച്ചറിഞ്ഞ്, കക്ഷിവഴക്കുകളിലും കോടതിവ്യവഹാരങ്ങളിലും മനസ്സു തകർന്ന് പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലുമുള്ള ഏതാനും വ്യക്തികൾ കൊല്ലം ലത്തീൻ രൂപതാദ്ധ്യക്ഷനായ ബൻസിഗർ പിതാവിനെ കണ്ട് കത്തോലിക്കാ സഭയിലേക്ക് ചേർന്നിരുന്നു. സംഘാതമായ ഒരു നീക്കം ഇക്കാര്യത്തിൽ ഉണ്ടായത് പുത്തൻപീടിക കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഗീവർഗീസ് പീടികയിൽ അച്ചനിലൂടെ ഒരു ചെറുവിഭാഗം 1926-ൽ കൊല്ലം രൂപതയിൽ ചേർന്നതാണ്. പീടികയിൽ അച്ചന്റെ പുനരൈക്യപ്രവർത്തനങ്ങൾ അച്ചന്റെ കുടുംബബന്ധങ്ങളുളള പുത്തൻപീടികയ്ക്ക് സമീപമുള്ള ഇലന്തൂരും നടന്നിരുന്നു. നിരന്തരമായ പഠനത്തിന്റെയും വിചിന്തനത്തിന്റെയും പ്രാർത്ഥനയുടെയും ഒടുവിൽ തോമസ് പതാലിൽ അച്ചനും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നു. കൊല്ലം രൂപതാധ്യക്ഷന്റെ അനുമതിയോടെ ഇലന്തൂരിൽ വടക്കേക്കര പുരയിടത്തിൽ ആരംഭിച്ച ചെറിയ ചാപ്പലിൽ ഗീവർഗീസ് പീടികയിൽ അച്ചനും പതാലിൽ അച്ചനും വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.

1930-ൽ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ പുനരൈക്യപ്രസ്ഥാനം രൂപപ്പെട്ടപ്പോൾ അതിന്റെ പ്രകാശകിരണങ്ങൾ ഇലന്തൂർ പ്രദേശത്തും കടന്നുവന്നു. 1931-ൽ വടക്കേക്കര ഇടിച്ചെറിയ തോമസച്ചൻ കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നു; അച്ചനോടൊപ്പം ഏതാനം കുടുംബങ്ങളും. 1932-ൽ വടക്കേക്കര അച്ചന്റെയും പതാലിൽ അച്ചന്റെയും നേതൃത്വത്തിൽ പുതിയ സ്ഥലം വാങ്ങുകയും പള്ളിയുടെ പണികൾ നടത്തുകയും മാർ ഈവാനിയോസ് പിതാവ് പള്ളി കൂദാശ ചെയ്ത് അയർലണ്ടിന്റെ അപ്പസ്തോലനായ വി. പാട്രികിന്റെ നാമത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

വർദ്ധിച്ച തീക്ഷ്ണതയോടെ തന്റെ ജീവിതനിയോഗവും പേറി ശുശ്രൂഷ ചെയ്ത തോമസച്ചൻ ആറന്മുള, പുത്തൻപീടിക ലത്തീൻ കത്തോലിക്കാ പള്ളിയിൽ വികാരിക്കടുത്ത ശുശ്രൂഷകൾ ചെയ്തു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ഇടവക ശുശ്രൂഷയിൽ നിന്ന് വിരമിച്ചെങ്കിലും ഭവനത്തിൽ എന്നും വിശുദ്ധ കുർബാനയർപ്പണം നടത്തിയിരുന്നു.

വാർദ്ധക്യസഹജമായ രോഗത്താൽ 1970 ഫെബ്രുവരി 4-ന് തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ തോമസ് അച്ചൻ നിര്യാതനായി. അദ്ദേഹത്തെ ഇലന്തൂർ സെന്റ് പാട്രിക്ക്‌ ദേവാലയത്തിന്റെ സെമിത്തേരിയിൽ കബറടക്കിയിരിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: അഡ്വ. ജെയ്സൺ പതാലിൽ (അച്ചന്റെ കൊച്ചുമകൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.